Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കുകൾക്ക് എ ബി എസ് നിർബന്ധമാക്കുന്നു

ABS & CBS Mandatory On 2-Wheelers

സുരക്ഷ മെച്ചപ്പെടുത്താനായി രാജ്യത്തു വിൽക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്), കംബൈൻഡ് ബ്രേക്കിങ്(സി ബി എസ്) സംവിധാനങ്ങൾ നിർബന്ധമാക്കുന്നു. 2018 ഏപ്രിൽ മുതലാണ് ഇരുചക്രവാഹനങ്ങൾക്ക് എ ബി എസും സി ബി എസും കർശനമാക്കുന്നത്. ബ്രേക്കിങ് സംവിധാനം കാര്യക്ഷമമാക്കി ഇരുചക്രവാഹനാപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറയ്ക്കാനാണ് 2018 മുതൽ ഈ സംവിധാനങ്ങൾ നടപ്പാക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.

അപകടങ്ങളിൽ ഏറ്റവുമധികം കൊല്ലപ്പെടുന്നത് ഇരുചക്രവാഹന യാത്രികരാണെന്നാണു കണക്ക്. കഴിഞ്ഞ വർഷം മാത്രം ഇരുചക്രവാഹന അപകടങ്ങളിൽ 32,524 പേർ മരിച്ചെന്നാണു കണക്ക്; 1.27 ലക്ഷത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കരട് വിജ്ഞാപന പ്രകാരം 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങൾക്കാണ് എ ബി എസ് നിർബന്ധമാക്കുന്നത്; ഇതോടെ വിപണയിയിലുള്ള ഭൂരിഭാഗം മോട്ടോർ സൈക്കിൾ, സ്കൂട്ടർ മോഡലുകളിലും എ ബി എസ് ഇടംപിടിക്കും. പുതിയ വാഹനങ്ങളിൽ 2017 ഏപ്രിൽ മുതലും നിലവിലുള്ളവയിൽ 2018 ഏപ്രിലിനകവും എ ബി എസ് ഘടിപ്പിക്കണമെന്നാണു വ്യവസ്ഥ.

എ ബി എസ് ബാധകമാവാത്ത(അതായത് 125 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള) ഇരുചക്രവാഹനങ്ങളിലാണ് സി ബി എസ് നിർബന്ധമാക്കുന്നത്. 2017 ഏപ്രിൽ മുതൽ പുതിയ ഇരുചക്രവാഹനങ്ങൾക്ക് സി ബി എസ് നിർബന്ധമാക്കും; നിലവിലുള്ള വാഹനങ്ങളിൽ സി ബി എസ് ഏർപ്പെടുത്താൻ 2018 ഏപ്രിൽ വരെ സമയം ലഭിക്കും. വാഹനത്തിലുള്ള നിയന്ത്രണം വർധിപ്പിക്കുന്നതിനൊപ്പം ഉണങ്ങിയതോ വഴുക്കലുള്ളതോ ആയ പ്രതലങ്ങളിൽ വാഹനം നിർത്താനുള്ള ദൂരം കുറയ്ക്കാനും സഹായിക്കുമെന്നതാണ് എ ബി എസിന്റെ പ്രത്യേകത. വീൽ ലോക്കാവാനുള്ള സാധ്യത പരിഗണിച്ച് അടിയന്തര ഘട്ടങ്ങളിൽ പോലും ഇരുചക്രവാഹനം ഓടിക്കുന്നവർ ബ്രേക്ക് മുഴുവനായി പ്രയോഗിക്കാറില്ല. എ ബി എസിന്റെ വരവോട് ഇത്തരം പരിമിതി ഒഴിവാകുമെന്നും അപകടങ്ങളിൽപെടുന്ന വാഹനങ്ങളുടെ വേഗം കുറയുമെന്നാണു മന്ത്രാലയത്തിന്റെ പ്രതീക്ഷ.

ഇരുചക്രവാഹനങ്ങളിലെ മുൻ — പിൻ ബ്രേക്കുകളെ ബന്ധിപ്പിക്കുന്ന സംവിധാനമാണു സി ബി എസ്; ഇതോടെ റൈഡർ ഏതെങ്കിലും ബ്രേക്ക് പ്രയോഗിച്ചാൽ അതിന്റെ ഫലം മുൻ — പിൻ ബ്രേക്കുകൾക്കു ബാധകമാവുമെന്നതാണു വ്യത്യാസം. പ്രത്യേക കൺട്രോൾ വാൽവ് ഘടിപ്പിച്ചാണ് മുൻ — പിൻ ടയറുകളിൽ ബ്രേക്കിങ്ങിന്റെ കാര്യക്ഷമത നിശ്ചയിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.