Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടത്തിൽ നിന്ന് പറന്നുയരാൻ എയർഇന്ത്യ

Air-India-new

രണ്ടു വർഷത്തിനകം 800 കോടി രൂപയിലേക്ക് ലാഭമുയർത്താൻ ലക്ഷ്യമിട്ട് എയർഇന്ത്യ. ഇക്കഴിഞ്ഞ വർഷം ചെലവു ചുരുക്കലിലൂടെയും വരുമാനം വർധിപ്പിച്ചും എട്ടു കോടി രൂപ പ്രവർത്തന ലാഭമുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനി. ഒരു ദശകത്തിനിടെ ആദ്യമായിട്ടാണ് എയർഇന്ത്യ പ്രവർത്തന ലാഭം നേടുന്നത്. 2016 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം എയർഇന്ത്യ എട്ടു കോടി രൂപയാണ് പ്രവർത്തനലാഭമുണ്ടാക്കിയത്. തൊട്ടു മുൻപുള്ള വർഷം 2636 കോടി രൂപ നഷ്ടമുണ്ടായിരുന്ന സ്ഥാനത്താണിത് എന്നത് എയർഇന്ത്യയെ  സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. 2014–15ൽ കടം 5859 കോടിയും 2013–14ൽ കടം 6279 കോടിയുമായിരുന്നു.

2007ൽ സർക്കാർ വിമാനക്കമ്പനികളായ എയർഇന്ത്യയും ഇന്ത്യൻ എയർലൈൻസും സംയോജിക്കുമ്പോൾ എയർഇന്ത്യ 541 കോടി രൂപയുടെയും ഇന്ത്യൻ എയർലൈൻസ് 240 കോടി രൂപയുടെയും നഷ്ടത്തിലായിരുന്നു പ്രവർത്തനം. ഇരു കമ്പനികൾക്കും കൂടി ഏതാണ്ട് 30,000 ജീവനക്കാർ ആണ് അന്നുണ്ടായിരുന്നത്. അതായത് ഒരു വിമാനത്തിന് 256 ജീവനക്കാർ വീതം. അക്കാലത്തെ ഏറ്റവും ഉയർന്ന വിമാന–ജീവനക്കാരുടെ അനുപാതമായിരുന്നു അത്. ആഗോള ശരാശരിയുടെ ഇരട്ടിയും. വരുമാനത്തിന്റെ അ‍ഞ്ചിലൊന്നു വേണ്ടി വന്നിരുന്നു എയർഇന്ത്യക്ക് ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനു മാത്രം.

കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്ന 30000 കോടി രൂപയുടെ സാമ്പത്തിക നവീകരണ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ വർഷം കൊണ്ട് ഈ അനുപാതം 120 വരെ ആക്കി കുറയ്ക്കാൻ എയർഇന്ത്യക്കായിട്ടുണ്ട്. 2012ലാണ് 30231 കോടിയുടെ ‘ടേൺ എറൗണ്ട്’ പദ്ധതി എയർഇന്ത്യക്കു വേണ്ടി തയാറാക്കിയത്. ഇതു വരെ 22565 കോടി രൂപ സർക്കാർ ചെലവഴിച്ചതായാണ് കണക്ക്. 2018–19 ആകുമ്പേഴേക്കും പ്രവർത്തനലാഭം മാത്രമല്ല അറ്റലാഭവും നേടാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

85 വർഷം ചരിത്രമുള്ള എയർഇന്ത്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. തങ്ങളുടെ പഴഞ്ചൻ വിമാനങ്ങളെല്ലാം മാറ്റാനുള്ള തയാറെടുപ്പിലാണിപ്പോൾ. അടുത്ത നാലു വർഷത്തിനിടെ നൂറു വിമാനങ്ങൾ പുതുതായി തങ്ങളുടെ വിമാനശ്രേണിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ എയർഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ എയർഇന്ത്യക്ക് 132 വിമാനങ്ങളാണുള്ളത്. ഇതിൽ കുറെയെണ്ണം കാലപ്പഴക്കത്തേത്തുടർന്ന് മാറ്റേണ്ടി വരും. പുതുതായി എത്തുന്നവയിൽ 14 എണ്ണം ദീർഘദൂര സർവീസുകൾക്കുതകുന്ന വലിയ വിമാനങ്ങളായിരിക്കും. 16 എണ്ണം ബോയിങ് 737 ഇനവും 35 എണ്ണം എടിആർ വിമാനങ്ങളും ആയിരിക്കും. ബാക്കി 35 എണ്ണം എയർബസിന്റെ എ 320 ആയിരിക്കും. 2020ന് മുമ്പ് എല്ലാ വിമാനങ്ങളും എയർഇന്ത്യക്ക് ലഭിക്കും.

വിമാന–ജീവനക്കാരുടെ അനുപാതം ആഗോള ശരാശരിയായ 100 ആക്കി കുറയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നു വരികയാണ്. ഇതോടൊപ്പം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന കുറഞ്ഞ വിമാന ഇന്ധനവിലയാണ് ലാഭത്തിലെത്താൻ എയർഇന്ത്യക്ക് കൂടുതൽ സഹായകമായത്. വിമാനക്കമ്പനികളുടെ ചെലവിന്റെ പകുതി വരെ വിമാന ഇന്ധനവിലയാണ്. കമ്പനിയുടെ നിലവിലുള്ള കടം ഇതിനകം 50000 കോടി രൂപയായി വളർന്നിട്ടുണ്ട്. ഇതിന് പ്രതിവർഷം 4500 കോടിയോളം പലിശയായി അടയ്ക്കണം. എയർഇന്ത്യയിൽ സർക്കാരിനുള്ള ഓഹരി 51 ശതമാനമായി കുറയ്ക്കുന്നതിനും കടം നൽകിയിരിക്കുന്ന ബാങ്കുകളോട് കടത്തിന്റെ ഒരു ഭാഗം ഓഹരികളാക്കി മാറ്റാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Your Rating: