Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന വിൽപ്പന വഴി എയർ ഇന്ത്യ നേടിയത് 7,000 കോടി

airindia-logo

പുതിയ ബോയിങ് 787 — 800 ‘ഡ്രീംലൈനർ’ വിമാനങ്ങൾ വിറ്റ ശേഷം പാട്ടത്തിനെടുക്കുക വഴി എയർ ഇന്ത്യ 7,000 കോടി രൂപ നേടി. സിംഗപ്പൂർ കമ്പനിയുമായി ഒപ്പിട്ട സെയിൽ ആൻഡ് ലീസ് ബാക്ക്(എസ് എൽ ബി) കരാർ വഴി ഒൻപതു ‘ഡ്രീംലൈനർ’ വിമാനങ്ങളുടെ കൈമാറ്റത്തിലൂടെയാണ് എയർ ഇന്ത്യ സാമ്പത്തികനേട്ടം കൊയ്തത്. നേരത്തെ 21 ‘ഡ്രീംലൈനർ’ വിമാനങ്ങൾ എയർ ഇന്ത്യ വിറ്റ ശേഷം ദീർഘകാല പാട്ടത്തിനെടുത്തിരുന്നു. അവശേഷിക്കുന്ന ഒൻപതു വിമാനങ്ങളുടെ ഉടമസ്ഥാവകാശമാണ് എയർലൈൻ ഇപ്പോൾ കൈമാറിയത്. ബോയിങ്ങിൽ നിന്ന് ‘787 — 800 ഡ്രീംലൈനർ’ വിമാനങ്ങൾ വാങ്ങാനെടുത്ത വായ്പ തിരിച്ചടയ്ക്കാനാവും ഈ തുക വിനിയോഗിക്കുകയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

ആസ്തികൾ വിറ്റശേഷം ദീർഘകാലത്തേക്ക് പാട്ടത്തിനെടുക്കാൻ അനുവദിക്കുന്നതാണ് എസ് എൽ ബി കരാർ. ഉടമസ്ഥത നഷ്ടമായാലും വിറ്റ ആസ്തികൾ ദീർഘ നാളത്തേക്ക് സ്വന്തമായി ഉപയോഗിക്കാമെന്നതാണ് ഈ ഇടപാടിൽ വിൽപ്പനക്കാരനുള്ള പ്രധാന നേട്ടം. ബോയിങ്, എയർബസ്, എ ടി ആർ വിഭാഗങ്ങളിലായി 131 വിമാനങ്ങളാണ് ഇപ്പോൾ എയർ ഇന്ത്യയ്ക്കുള്ളത്; ഇതിൽ 21 എണ്ണം ‘ബോയിങ് 787 — 800 ഡ്രീംലൈനർ’ ആണ്. സിംഗപ്പൂർ കമ്പനിക്ക് അവശേഷിക്കുന്ന ‘ഡ്രീംലനർ’ വിമാനം വിറ്റ വിവരം എയർ ഇന്ത്യ തന്നെയാണു പ്രഖ്യാപിച്ചത്. വിമാനങ്ങൾ എയർ ഇന്ത്യ തന്നെ ദീർഘകാല പാട്ടത്തിനെടുക്കുന്ന ഈ വിൽപ്പന വഴി 7,000 കോടിയിലേറെ രൂപ ലഭിച്ചെന്നും കമ്പനി വ്യക്തമാക്കി. ലഭിച്ച തുകയിൽ 6,000 കോടി രൂപ വിമാനം വാങ്ങാനെടുത്ത വായ്പകളുടെ തിരിച്ചടവിനും ബാക്കി പണം മറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കുമെന്നും എയർ ഇന്ത്യ പ്രഖ്യാപിച്ചു.

air-india-boeing-787-8-dreamliner ബോയിങ് 787 — 800 ഡ്രീംലൈനർ

വിമാനം വാങ്ങാനും പ്രവർത്തന മൂലധനത്തിനുമായി വിവിധ ഘട്ടങ്ങളിലെടുത്ത 40,000 കോടിയോളം രൂപയുടെ വായ്പകളാണ് എയർ ഇന്ത്യ നേരിടുന്ന പ്രധാന ബാധ്യത. ഇതോടൊപ്പം സഞ്ചിത നഷ്ടമായ 30,000 കോടി രൂപയും എയർ ഇന്ത്യയുടെ പരാധീനതയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നടപ്പു സാമ്പത്തിക വർഷം എയർ ഇന്ത്യ ആറു കോടിയോളം രൂപ പ്രവർത്തന ലാഭം നേടുമെന്നാണു പ്രതീക്ഷ.കഴിഞ്ഞ വർഷം മാർച്ചിനും 2015 ജൂണിനുമിടയ്ക്ക് എയർ ഇന്ത്യ സ്വന്തമാക്കിയ ‘ബി 787 — 800 ഡ്രീംലൈനർ’ വിമാനങ്ങളാണ് എയർ ഇന്ത്യ ഇപ്പോൾ വിറ്റത്. ഈ വിമാനങ്ങളുടെ വിൽപ്പനയ്ക്കായി കഴിഞ്ഞ മാസമാണ് എയർ ഇന്ത്യ താൽപര്യപത്രം ക്ഷണിച്ചത്. 2015ൽ സ്വന്തമാക്കിയ വിമാനങ്ങൾക്ക് 12.3 കോടി ഡോളറും(ഏകദേശം 816.42 കോടി രൂപ) 2014ൽ വാങ്ങിയവയ്ക്ക് 12 കോടി ഡോളറു(796.51 കോടിയോളം രൂപ)മാണ് എയർ ഇന്ത്യ കുറഞ്ഞ വില നിശ്ചയിച്ചത്.

വികസന പദ്ധതിയുടെ ഭാഗമായി 2006ലാണ് എയർ ഇന്ത്യ 68 ബോയിങ് വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകിയത്. 27 ‘ഡ്രീംലൈനറി’നു പുറമെ 15 ‘ബി 777 — 300 ഇ ആർ’, എട്ട് ‘ബി 777 — 200 എൽ ആർ’, 18 ‘ബി 737 — 800’ വിമാനങ്ങൾ വാങ്ങാനായിരുന്നു തീരുമാനം. കേന്ദ്ര സർക്കാരിൽ നിന്നു ലഭിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിൽ പിടിച്ചു നിൽക്കുന്ന എയർ ഇന്ത്യ 2014 — 15ൽ 5,547.47 കോടി രൂപയുടെ അറ്റ നഷ്ടമാണു രേഖപ്പെടുത്തിയത്. 19,781 കോടി രൂപയായിരുന്നു കമ്പനി 2014 — 15ൽ നേടിയ മൊത്തം വരുമാനം.