Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട സിറ്റിക്ക് തിരിച്ചുവിളി

Honda City Honda City

ഡ്രൈവറുടെ ഭാഗത്ത് ഇൻഫ്ളേറ്ററിനു തകരാറുള്ള എയർബാഗ് ഘടിപ്പിച്ചതിന്റെ പേരിൽ ഇന്ത്യയിൽ വിറ്റ അര ലക്ഷത്തിലേറെ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഹോണ്ട തീരുമാനിച്ചു. തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളിലെ പിഴവിന്റെ പേരിൽ പഴയ മോഡലിൽ പെട്ട 57,676 ‘സിറ്റി’, ‘ജാസ്’, ‘സിവിക്’ കാറുകളാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. എയർബാഗ് ഇൻഫ്ളേറ്ററിലെ നിർമാണ തകരാറിന്റെ പേരിൽ ആഗോളതലത്തിൽ പ്രഖ്യാപിച്ച പരിശോധനയുടെ ഭാഗമായാണ് ഇന്ത്യയിൽ കാർ തിരിച്ചുവിളിക്കുന്നതെന്നു ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. 2012 ജനുവരിക്കും 2013 ജൂണിനുമിടയ്ക്കു വിറ്റ 49,572 ‘സിറ്റി’, 2012 ഫെബ്രുവരി — 2013 ഫെബ്രുവരി കാലത്തു വിറ്റ 7,504 ‘ജാസ്’, 2012 ജനുവരി — ഓഗസ്റ്റ് കാലത്തു നിരത്തിലെത്തിയ 600 ‘സിവിക്’ എന്നിവയിലെ എയർബാഗുകളാണു പരിശോധിക്കേണ്ടി വരിക.

Jazz Honda Jazz

സമാന പ്രശ്നങ്ങളുടെ പേരിൽ യു എസിൽ വിറ്റ 22 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുമെന്ന് ഈ മാസം ആദ്യം ഹോണ്ട പ്രഖ്യാപിച്ചിരുന്നു. തകരാറുള്ള എയർബാഗുകൾ ഹോണ്ട കാഴ്സ് ഇന്ത്യ ഡീലർഷിപ്പുകൾ ഘട്ടം ഘട്ടമായി സൗജന്യമായി മാറ്റി നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ നേരിട്ടു വിവരം അറിയിക്കുമെന്നും ഹോണ്ട കാഴ്സ് വ്യക്തമാക്കി. കൂടാതെ കമ്പനി വെബ്സൈറ്റിലെ പ്രത്യേക മൈക്രോസൈറ്റ് മുഖേനയും പരിശോധന ആവശ്യമുള്ള വാഹനങ്ങൾ കണ്ടെത്താം; അക്ഷരങ്ങളും അക്കങ്ങളുമായി 17 കാരക്ടറുള്ള വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ(വി ഐ എൻ) ഉപയോഗിച്ചു വേണം ഈ വിവരം അറിയാൻ.

Honda City Honda City

വിന്യാസം എളുപ്പത്തിലാക്കാനുള്ള പൊട്ടിത്തെറിക്കായി അമോണിയം നൈട്രേറ്റിനെ ആശ്രയിക്കുന്നതാണ് തകാത്ത നിർമിച്ച എയർബാഗുകളുടെ പ്രശ്നമെന്നാണു വിലയിരുത്തൽ. കാലപ്പഴക്കത്താൽ നിലവാരം ഇടിയുന്ന ഈ രാസവസ്തു ചൂടും ഈർപ്പവും അടിക്കുന്നതോടെ കൂടുതൽ അപകടകാരിയാവുന്നു. വിന്യാസഘട്ടത്തിൽ എയർബാഗ് നിയന്ത്രണമില്ലാതെ പൊട്ടിത്തെറിക്കുന്നതോടെ സ്ഫോടനത്തെ ചെറുക്കേണ്ട ലോഹഭാഗമാണ് യാത്രക്കാർക്കു ഭീഷണി സൃഷ്ടിച്ചു പാഞ്ഞടുക്കുക.

രാജ്യത്ത് സ്വന്തം നിലയിൽ വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ വാഹന വ്യവസായം തീരുമാനമെടുത്ത 2012നു ശേഷം ഇന്ത്യയിൽ ഏറ്റവുമധികം വാഹനങ്ങൾ തിരിച്ചുവിളിച്ച കമ്പനിയായും ഹോണ്ട കാഴ്സ് ഇന്ത്യ മാറിയിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചതടക്കം മൊത്തം 3,86,513 വാഹനങ്ങളാണു ഹോണ്ട കാഴ്സ് ഇന്ത്യ തിരിച്ചുവിളിച്ചത്. ഇൻഫ്ളേറ്റർ തകരാർ സംശയിക്കുന്ന എയർബാഗിന്റെ പേരിൽ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ 2.20 ലക്ഷം വാഹനങ്ങൾ ഹോണ്ട തിരിച്ചുവിളിച്ചിരുന്നു.

Your Rating: