Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: 25,000 കാർ തിരിച്ചുവിളിക്കാൻ ഹോണ്ട

Honda

പാർശ്വത്തിലെ എയർബാഗുകളുടെ വിന്യാസത്തെ തടസ്സപ്പെടുത്താനുള്ള സാധ്യത പരിഗണിച്ച് യു എസിൽ ഹോണ്ട 25,000 കാർ തിരിച്ചുവിളിക്കുന്നു. എയർബാഗ് വിന്യാസം മുടക്കുന്ന പിൻ ഗ്രാബ് റയിൽ ബ്രാക്കറ്റ് മാറ്റിസ്ഥാപിക്കാനാണു കമ്പനിയുടെ തീരുമാനം. 2015 — 2016 മോഡലുകളിൽപെട്ട 25,367 ‘ഫിറ്റ് എൽ എക്സി’ലാണു പരിശോധന ആവശ്യമായി വരിക.ആഭ്യന്തര പരിശോധനകളിലാണു പ്രശ്നം ശ്രദ്ധയിൽപെട്ടതെന്നു ഹോണ്ട വിശദീകരിക്കുന്നു. ഈ പ്രശ്നം മൂലം അടിയന്തിര സാഹചര്യത്തിൽ എയർബാഗ് വിന്യസിക്കപ്പെടാതെ വരികയോ ആർക്കെങ്കിലും പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

പരിഷ്കാരം ആവശ്യമുള്ള വാഹന ഉടമകളെ നേരിട്ടി വിവരം അറിയിക്കാനാണു ഹോണ്ടയുടെ പദ്ധതി. തുടർന്ന് ഡീലർഷിപ്പിലെത്തിക്കുന്ന കാറുകളിൽ പിൻ ഗ്രാബ് റയിൽ ബ്രാക്കറ്റിന്റെ സ്ഥാനം സൗജന്യമായി മാറ്റി നൽകും. പരിശോധന ആവശ്യമുള്ള കാറുകളുടെ വിവരം www.recalls.honda.com എന്ന വെബ്സൈറ്റിലുണ്ട്. നിർമാണ പിഴവിന്റെ പേരിൽ പഴികേട്ട തകാത്ത കോർപറേഷന്റെ എയർബാഗുകൾ ഉപേക്ഷിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനും ഹോണ്ട മോട്ടോർ കമ്പനിയും നിസ്സാനുമെല്ലാം തീരുമാനിച്ചിരുന്നു. ‘സുബാരു’വിന്റെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസും മിറ്റ്സുബിഷി മോട്ടോഴ്സും തകാത്തയോട് അകലം പാലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തകാത്ത കോർപറേഷൻ നിർമിച്ചു നൽകുന്ന, അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമുള്ള ഇൻഫ്ളേറ്റർ ഘടിപ്പിച്ച എയർബാഗുകൾ മേലിൽ ഉപയോഗിക്കില്ലെന്നാണു വിവിധ കമ്പനികളുടെ തീരുമാനം.

Takata to Redesign Inflators

യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻ എച്ച് ടി എസ് എ) തകാത്തയ്ക്ക് 20 കോടി ഡോളർ (ഏകദേശം 1321.28 കോടി രൂപ) പിഴ ചുമത്തിയതോടെയാണു ജപ്പാനിലെ മുൻനിര കാർ നിർമാതാക്കൾ കമ്പനിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. സുരക്ഷ ഉറപ്പാക്കേണ്ട എയർബാഗുകളുടെ നിർമാണത്തിൽ സംഭവിച്ച വീഴ്ച വർഷങ്ങളോളം മറച്ചുവച്ചതിനാണ് തകാത്ത കോർപറേഷന് എൻ എച്ച് ടി എസ് എ പിഴശിക്ഷ വിധിച്ചത്.

അടിയന്തര സാഹചര്യത്തിൽ എയർബാഗ് വിന്യസിക്കാൻ സഹായിക്കുന്ന ഇൻഫ്ളേറ്ററിൽ ഉപയോഗിച്ച രാസവസ്തുവാണ് തകാത്ത കോർപറേഷനെ പ്രതിക്കൂട്ടിലാക്കിയതെന്നാണു വിലയിരുത്തൽ. അമിത മർദത്തോടെ ഇത്തരം എയർബാഗുകൾ വിന്യസിക്കപ്പെടുമ്പോൾ മൂർച്ചയേറിയ ലോഹഭാഗങ്ങളും മറ്റും ചിതറിത്തെറിച്ചാണു കാർ യാത്രികർക്ക് അപകടഭീഷണി നേരിടുന്നത്. ഇപ്രകാരം എയർബാഗുകൾ പൊട്ടിത്തെറിച്ച് എട്ടു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണു കണക്ക്; ധാരാളം പേർക്കു പരുക്കുമേറ്റു. എയർബാഗുകൾ സുരക്ഷാ ഭീഷണിയായതോടെ ലോകവ്യാപകമായി അഞ്ചു കോടിയോളം വാഹനങ്ങളാണ് പതിനൊന്നോളം നിർമാതാക്കൾ ചേർന്നു തിരിച്ചുവിളിച്ചു പരിശോധിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.