Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: 2 ലക്ഷം കാർ തിരിച്ചുവിളിക്കാൻ ജി എം

Takata Airbag

തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർ ബാഗുകളിലെ പിഴവിന്റെ പേരിൽ രണ്ടു ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) കമ്പനി തീരുമാനിച്ചു. നിലവിൽ വിൽപ്പനയ്ക്കില്ലാത്തതും സാബ്, സാറ്റേൺ ബ്രാൻഡുകളിൽപെട്ടതുമായ കാറുകളാണു ജി എം തിരിച്ചുവിളിച്ചു പരിശോധിക്കുക. ജപ്പാനിലെ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുള്ള 50 ലക്ഷത്തോളം കാറുകൾ കൂടി പരിശോധിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ജി എം സാബ്, സാറ്റേൺ ബ്രാൻഡുകളിലെ പഴയ കാറുകൾ പരിശോധിക്കുന്നത്. പരിശോധന ആവശ്യമുള്ള കാറുകളിൽ 1.80 ലക്ഷം യു എസിലും ബാക്കി കാനഡയിലും വിറ്റവയാണ്.

പരിശോധന ആവശ്യമുള്ള മോഡലുകൾ: 2003 — 2011 സാബ് ‘നയൻ — ത്രി’, 2010 — 2011 സാബ് ‘നയൻ — ഫൈവ്’, 2008 — 2009 സാറ്റേൺ ‘ആസ്ട്ര’. ഈ കാറുകളിൽ ഡ്രൈവറുടെ ഭാഗത്തു ഘടിപ്പിച്ച തകാത്ത ‘പി എസ് ഡി ഐ — ഫൈവ്’ എയർബാഗുകളുടെ കാര്യക്ഷമതയെക്കുറിച്ചാണു സംശയം ഉയരുന്നത്. അതേസമയം എയർബാഗ് പിഴവ് മൂലം അപകടങ്ങൾ സംഭവിക്കുകയോ ആർക്കെങ്കിലും പരുക്കേൽക്കുകയോ ജീവൻ നഷ്ടമാവുകയോ ചെയ്തിട്ടില്ലെന്നാണു ജി എമ്മിന്റെ അവകാശവാദം. എന്നാൽ ഹോണ്ട മോട്ടോർ കമ്പനിയുടെ സമാന എയർബാഗുകൾ ഘടിപ്പിച്ച കാറുകൾ അപകടത്തിൽപെട്ട് ആഗോളതലത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്.വിന്യാസവേളയിൽ ഇൻഫ്ളേറ്റർ പൊട്ടിത്തെറിക്കുമ്പോൾ മൂർച്ചയേറിയ വസ്തുക്കൾ ചിതറിത്തെറിച്ച് യാത്രക്കാർക്ക് പരുക്കേൽക്കാനുള്ള സാധ്യതയാണു തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളെ അപകടകാരികളാക്കുന്നത്. ഡ്രൈവറുടെ ഭാഗത്തെ എയർബാഗുകളിൽ നിന്നുള്ള ഭീഷണി പരിഗണിച്ചു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയും യു എസിൽ വിറ്റ 22 ലക്ഷം വാഹനങ്ങൾ നേരത്തെ തിരിച്ചുവിളിച്ചിരുന്നു.

തകാത്ത എയർബാഗിന്റെ പേരിൽ അര കോടിയോളം കാറുകൾ കൂടി പരിശോധിക്കേണ്ടിവരുമെന്നാണു യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ വിലയിരുത്തൽ.ഇതേത്തുടർന്ന് യു എസിൽ 8.40 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്നു ജർമനിയിൽ നിന്നുള്ള ഡെയ്മ്ലർ എ ജി തീരുമാനിച്ചിരുന്നു. എയർബാഗ് പൊട്ടിത്തെറിക്കാനുള്ള സാധ്യത പരിഗണിച്ച് ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിയും ബി എം ഡബ്ല്യുവും എട്ടര ലക്ഷം വീതം വാഹനങ്ങളാണു തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്.

Your Rating: