Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: 35 ലക്ഷം കാർ പരിശോധിക്കാൻ നിസ്സാൻ

Takata Airbag

നിർമാണ തകരാറുള്ള എയർബാഗിന്റെ പേരിൽ 35.3 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി തീരുമാനിച്ചു. സെൻസറുകളിലെ തകരാറിന്റെ ഫലമായി മുൻസീറ്റ് യാത്രികരുടെ ഭാഗത്തെ എയർബാഗ് ശരിയായി വിന്യസിക്കപ്പെടാൻ സാധ്യതയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണു നിസ്സാൻ ദശലക്ഷക്കണക്കിനു കാറുകൾ തിരിച്ചുവിളിക്കുന്നത്.


പരിശോധന ആവശ്യമുള്ള വാഹനങ്ങളിൽ 32 ലക്ഷത്തോളം യു എസിലുള്ളവയാണെന്നാണു കണക്ക്. 2013 — 2017 മോഡൽ നിസ്സാൻ ‘അൾട്ടിമ’, ‘ലീഫ്’, ‘മാക്സിമ’, ‘മുരാനൊ’, ‘പാത്ത്ഫൈൻഡർ’, ‘സെൻട്ര’, ‘റോഗ്’, ‘എൻ വി 200’, ‘എൻ വി ടാക്സി’, ഇൻഫിനിറ്റി ‘ജെ എക്സ് 35’, ‘ക്യു എക്സ് 60’, ‘ക്യു 50’ എന്നിവയൊക്കെ തിരിച്ചുവിളിച്ചിട്ടുണ്ട്. കൂടാതെ ജനറൽ മോട്ടോഴ്സിനായി നിർമിച്ചു നൽകിയ 2013 — 2017 മോഡൽ ‘ഷെവർലെ സിറ്റി എക്സ്പ്രസി’നും പരിശോധന ആവശ്യമാണ്. ഒക്കുപ്പന്റ് ക്ലാസിഫിക്കേഷൻ സംവിധാനത്തിലെ തകരാറിന്റെ പേരിൽ 2013നു ശേഷം നടത്തുന്ന നാലാമത്തെ വാഹന പരിശോധനയാണിതെന്നു നിസ്സാൻ വിശദീകരിച്ചു. മുൻസീറ്റിൽ കുട്ടികളാണോ പ്രായപൂർത്തിയായവരാണോ യാത്രക്കാരെന്നു തിരിച്ചറിയുന്നതിൽ പിഴവ് നേരിടുന്നതാണ് അപകടവേളയിലെ എയർബാഗ് വിന്യാസത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത്.


സീറ്റിലുള്ള പ്രായപൂർത്തിയായ യാത്രക്കാരനെ കുട്ടിയായി പരിഗണിക്കുന്നതും സീറ്റിൽ ആളില്ലെന്നു തെറ്റിദ്ധരിക്കുന്നതുമാണു പ്രശ്നമാവുന്നത്. ഇതോടെ അടിയന്തര സാഹചര്യത്തിൽ എയർബാഗ് വിന്യസിക്കപ്പെടാതിരിക്കാൻ വരെ സാധ്യതയുണ്ടെന്നാണു നിസ്സാന്റെ നിഗമനം. ഈ പിഴവ് മൂലം മൂന്നു പേർക്കു പരുക്കേറ്റതായി നിസ്സാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണു കമ്പനിയുടെ നിലപാട്.