Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പൽ

airlander-10-1 Airlander 10

മുന്നൂറ് അടി നീളം, 143 അടി വീതി, 85 അടി ഉയരം, എയർലാന്റർ എന്ന ലോകത്തിലെ ഏറ്റവും വലിയ ആകാശയാനത്തിന്റെ അളവാണിത്. വിമാനത്തിന്റെയും ഹെലികോപ്റ്ററിന്റേയും എയർഷിപ്പിന്റേയും സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ഈ ആകാശക്കപ്പൽ പറക്കാൻ ഒരുങ്ങുകയാണ്. ‌ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം എ 380 (240 അടി നീളം)നേക്കാള്‍ വലുതാണ് ഈ ആകാശക്കപ്പല്‍. വിനോദയാത്രകൾക്കും ബിസിനസ് - സ്വകാര്യ യാത്രകള്‍ക്കും ഈ ആകാശക്കപ്പല്‍ ഉപയോഗിക്കുക.

എയര്‍ലാന്‍ഡര്‍ 10 എന്ന് ഔദ്യോഗിക വിളിപ്പേരുള്ള ആകാശക്കപ്പലിന്റെ ചിറകുകൾക്ക് ഒമ്പതു മീറ്റര്‍ വീതിയും 11 മീറ്റര്‍ നീളവുമുണ്ട്. എയര്‍ലാന്‍ഡര്‍ 10ന്റെ രണ്ട് ചിറകുകളും ചേര്‍ത്തുവെച്ചാല്‍ ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം വരും. ട്രയല്‍ റണ്ണിന് മുമ്പ് 1.3 ദശലക്ഷം ക്യുബിക് ഹീലിയമാണ് ആകാശക്കപ്പലില്‍ നിറക്കുക. 15 ഒളിംപിക് നീന്തല്‍കുളങ്ങള്‍ നിറയ്ക്കാന്‍ പര്യാപ്തമാണിത്.

airlander-10 Airlander 10

വലുപ്പത്തേക്കാള്‍ വിചിത്ര രൂപമാണ് കൂടുതലായി ആകര്‍ഷിക്കുന്നത്. കഴിഞ്ഞ നവംബറില്‍ തന്നെ ഹീലിയം നിറച്ച് ആകാശക്കപ്പല്‍ ഉയര്‍ത്തി നോക്കിയിരുന്നു. എൻജിനുകളടക്കം എല്ലാ ഭാഗങ്ങളും ഘടിപ്പിച്ച ശേഷമുള്ള പരീക്ഷണ പറക്കലാണ് ഇനി നടക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലുതെങ്കിലും ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും വലിയ ആകാശക്കപ്പലെന്ന പദവി 1930ല്‍ ജര്‍മ്മനി നിര്‍മ്മിച്ച ഹിന്‍ഡെന്‍ബര്‍ഗിന് അവകാശപ്പെട്ടതാണ്. ഹിന്‍ഡെന്‍ബര്‍ഗിനെ അപേക്ഷിച്ച് പകുതിയില്‍ താഴെ വലിപ്പമേ എയര്‍ലാൻഡര്‍ 10ന് ഉള്ളൂ. എയര്‍ലാൻഡർ 10ന്റെ വലിപ്പം 302 അടിയാണെങ്കില്‍ ഹിന്‍ഡെന്‍ബര്‍ഗിന്റേത് 804 അടിയായിരുന്നു. ഹിന്‍ഡെന്‍ബര്‍ഗില്‍ 72 യാത്രക്കാരെ കൊള്ളുമായിരുന്നെങ്കില്‍ എയര്‍ലാണ്ടറില്‍ 48 പേരെ മാത്രമേ കൊള്ളൂ.

എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം നിര്‍മ്മിച്ച എയര്‍ലാൻഡര്‍ 10ന് സാങ്കേതികമായി ഏറെ മേന്മകളുണ്ട്. ജര്‍മ്മന്‍ ഹിന്‍ഡെന്‍ബര്‍ഗിന് പരമാവധി 650 അടി ഉയരത്തില്‍ മാത്രമാണ് പറക്കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ എയര്‍ലാൻഡറിന് 20,000 അടി ഉയരത്തില്‍ വരെ സുഖമായി പറക്കാനാകും. എയര്‍ലാൻഡറിന്റെ വേഗം മണിക്കൂറില്‍ പരമാവധി 92 മൈലാണ്. ഹിന്‍ഡെന്‍ബര്‍ഗിന്റേത് 76 മൈല്‍ ആയിരുന്നു. ഹെലിക്കോപ്റ്ററിനെ പോലെ കുത്തനെ ഉയരാന്‍ കഴിയുന്നതിനാല്‍ എയര്‍ലാൻഡറിന് റണ്‍വേയുടെ ആവശ്യമില്ല. മരുഭൂമിയിലോ വെള്ളത്തിലോ മഞ്ഞിലോ ഇറങ്ങുന്നതിന് സാങ്കേതികമായി എയര്‍ലാൻഡറിന് യാതൊരു പ്രയാസവുമില്ല. ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് 2012ല്‍ അമേരിക്കന്‍ സൈന്യത്തിന് മുമ്പാകെയാണ് ആകാശക്കപ്പലെന്ന പദ്ധതി മുന്നോട്ടുവെച്ചത്.

airlander-10-2 Airlander 10

എന്നാല്‍ അമേരിക്കന്‍ സേനാ നേതൃത്വം 500 ദശലക്ഷം ഡോളറിന്റെ പദ്ധതിക്ക് അനുമതി നിഷേധിച്ചു. ഇതോടെ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് സ്വകാര്യ - ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തില്‍ ആകാശക്കപ്പല്‍ നിര്‍മ്മിക്കുകയായിരുന്നു. ആകാശക്കപ്പലുകളുടെ ചരിത്രത്തിലാദ്യമായാണ് സൈനികേതര ആവശ്യത്തിനായി ഇത്രയും വലിയ ഒന്ന് നിര്‍മ്മിക്കുന്നത്. നാസയുടെ ബഹിരാകാശ യാത്രികര്‍ക്കുവേണ്ടി സ്‌പേസ് സ്യൂട്ട് നിര്‍മ്മിക്കുന്ന ഐഎല്‍സി ഡോവര്‍ എന്ന കമ്പനിയാണ് എയര്‍ലാൻഡറിന്റെ പുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത്.

Your Rating: