Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനെറ്റ് വഴി നിയന്ത്രിക്കാവുന്ന കാറുമായി ആലിബാബ

alibaba-car

ഇന്റർനെറ്റുമായി ബന്ധപ്പെടുത്തി ഓടുന്ന കാർ വികസിപ്പിക്കാൻ ചൈനീസ് സാങ്കേതികവിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആലിബാബ. ഇതുവഴി ഡ്രൈവർ ആവശ്യമില്ലാത്ത വാഹന സാങ്കേതികവിദ്യ എളുപ്പത്തിൽ വികസിപ്പിക്കാൻ ചൈനീസ് ഇ കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആലിബാബയ്ക്കു കഴിയുമെന്നും കമ്പനി ചീഫ് ടെക്നോളജി ഓഫിസർ വാങ് ജിയാൻ അഭിപ്രായപ്പെട്ടു. ചൈനയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ സൈക് മോട്ടോർ കോർപറേഷന്റെ പങ്കാളിത്തത്തോടെ ‘യുനോസ്’ ഓപ്പറേറ്റിങ് സിസ്റ്റമുള്ള കാറും ആലിബാബ വികസിപ്പിച്ചിട്ടുണ്ട്. സ്മാർട് ഫോൺ വഴി നിയന്ത്രിക്കാവുന്ന കാർ ഇരുകമ്പനികളും കിഴക്കൻ ചൈനയിലെ ഹാങ്ഷുവിൽ പ്രദർശിപ്പിച്ചു. ഇക്കൊല്ലം അവസാനത്തോടെ ഈ കാർ വിൽപ്പനയ്ക്കെത്തിക്കാനാണ് കമ്പനികളുടെ പദ്ധതി.

ഈ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി ഡ്രൈവർ ആവശ്യമില്ലാത്ത കാറിനുള്ള സാങ്കേതികവിദ്യ അതിവേഗം വികസിപ്പിക്കാനാവുമെന്നു വാങ് അറിയിച്ചു.
സ്മാർട് ഫോണിനെ കാറുമായി ബന്ധിപ്പിക്കാവുന്ന പ്ലാറ്റ്ഫോം വികസിപ്പിക്കുന്ന പ്രധാന ടെക്നോളജി കമ്പനികൾക്കൊപ്പം വൈകിയാണ് ആലിബാബ ഇടംപിടിച്ചത്. ആൽഫബെറ്റിന്റെ ‘ഗൂഗിളും’ ആപ്പിളും ചൈനയിലെ തന്നെ ബൈഡുവുമൊക്കെ ഇത്തരം പ്ലാറ്റ്ഫോമുകൾ മുമ്പു തന്നെ പുറത്തിറക്കിയിരുന്നു. എന്നാൽ ഡ്രൈവറുടെ നിയന്ത്രണം പൂർണമായും ആവശ്യമില്ലാത്ത കാറുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തെത്താൻ 2020 എങ്കിലുമാവുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.അതിനാലാവാം അഞ്ചു വർഷത്തിനകം സ്വയം ഓടുന്ന കാറുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുമെന്നു ബൈഡു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന കാറുകളുടെ വികസനത്തിൽ യു എസ് കമ്പനികളായ ഗൂഗിളിനെയും ടെസ്ല മോട്ടോഴ്സിനെയുമൊക്കെ പിന്തള്ളാനാണു ബൈഡുവിന്റെ മോഹം.

ചൈനയിലെ 10 പ്രധാന നഗരങ്ങളിൽ ബൈഡുവിന്റെ സ്വയം ഓടുന്ന കാർ പരീക്ഷണ ഓട്ടം നടത്തുമെന്നും കമ്പനി പ്രസിഡന്റ് ഹാങ് യാക്വിൻ വ്യക്തമാക്കിയിരുന്നു. മൂന്നു വർഷത്തിനുള്ളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനത്തിനുള്ള സാങ്കേതികവിദ്യ സാങ്കേതികവിദ്യ വികസിപ്പിക്കാനും അഞ്ചു വർഷത്തിനകം വൻതോതിൽ സ്വയം ഓടുന്ന കാറുകൾ നിർമിക്കാനുമാണു ബെയ്ജിങ് ആസ്ഥാനമായ കമ്പനി ലക്ഷ്യമിടുന്നത്.
സ്വയം ഓടുന്ന കാറുകളുടെ നിർമാണത്തിൽ ഗൂഗിളിനെ പിന്തള്ളാൻ സാധ്യമായതെല്ലാം ചെയ്യാനും ബൈഡു ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി അധിക വിഭവ സമാഹരണത്തിനും കമ്പനി നടപടി തുടങ്ങിയിട്ടുണ്ട്. ‘ബൈഡു കാർ ബ്രെയിൻ’ എന്നു പേരിട്ട കൃത്രിമ ബുദ്ധിയാണു സ്വയം ഓടുന്ന കാറിന്റെ കേന്ദ്ര സാങ്കേതികവിദ്യയെന്നും ഹാങ് വെളിപ്പെടുത്തിയിരുന്നു. കൃത്യതയേറിയ ഇലക്ട്രോണിക് മാപ്പിങ്ങിന്റെയും സ്ഥാന നിർണയത്തിന്റെയും തിരിച്ചറിയലിന്റെയും പിൻബലത്തിൽ അതിവേഗം തീരുമാനമെടുക്കാനുള്ള നിയന്ത്രണ സംവിധാനമാണു ‘ബൈഡു കാർ ബ്രെയിൻ’.

Your Rating: