Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾട്ടോയിൽ എയർ ബാഗുമായി മാരുതി

Maruti Suzuki Alto K10 Urbano Edition

യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം എസ് ഐ എൽ) നടപടി തുടരുന്നു. ഏറ്റവുമധികം വിൽപ്പനയുള്ള ചെറുകാറായ ‘ഓൾട്ടോ’യിലും ഓപ്ഷനൽ വ്യവസ്ഥയിൽ എയർ ബാഗ് ലഭ്യമാക്കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ ‘ഓൾട്ടോ 800’, ‘ഓൾട്ടോ കെ 10’ എന്നിവയുടെ എല്ലാ വകഭേദങ്ങളിലും ഓപ്ഷനൽ വ്യവസ്ഥയിൽ എയർ ബാഗ് ലഭ്യമാവുമെന്നു കമ്പനി അറിയിച്ചു. ഡൽഹി ഷോറൂമിൽ 2.62 ലക്ഷം രൂപയാവും എയർ ബാഗുള്ള ‘ഓൾട്ടോ 800’ കാറിനു വില. എയർ ബാഗുള്ള ‘ഓൾട്ടോ കെ 10’ വകഭേദങ്ങളുടെ വില ഡൽഹി ഷോറൂമിൽ 3.45 ലക്ഷം രൂപ മുതലാകും.

Maruti Suzuki Alto K10 Alto K10

ഓപ്ഷനൽ വ്യവസ്ഥയിൽ ‘ഓൾട്ടോ’യുടെ അടിസ്ഥാന വകഭേദത്തിൽ പോലും എയർ ബാഗ് ലഭിക്കുന്നത് ഉപയോക്താക്കൾക്ക് ഏറെ ആത്മവിശ്വാസം പകരുമെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. നിയമപരമായ നിബന്ധനകൾ നിലവിൽ വരുംമുമ്പു തന്നെ അടിസ്ഥാന വകഭേദത്തിലടക്കം അധിക സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കാനാണു കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതുവരെ മൊത്തം 29 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണ് ‘ഓൾട്ടോ’യുടെ വിവിധ വകഭേദങ്ങൾ ചേർന്നു കൈവരിച്ചത്.

Maruti Suzuki Alto 800 Alto 800

കൂടുതൽ സുരക്ഷയ്ക്കായി ‘സെലേറിയൊ’യുടെ അടിസ്ഥാന വകഭേദങ്ങളിലും എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സൗകര്യങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കാൻ കഴിഞ്ഞ മാസം ആദ്യം മാരുതി സുസുക്കി തീരുമാനിച്ചിരുന്നു. ഇരട്ട എയർ ബാഗും എ ബി എസും കൂടിയാവുന്നതോടെ പെട്രോൾ എൻജിനുള്ള ‘സെലേറിയൊ’യുടെ അടിസ്ഥാന മോഡലിനു ഡൽഹി ഷോറൂമിലെ വില 4.16 ലക്ഷം രൂപയിലെത്തി. ക്രമേണ ‘സെലേറിയൊ’യുടെ ഓട്ടേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) വകഭേദത്തിലും എയർബാഗും എ ബി എസും ലഭ്യമാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ‘സ്വിഫ്റ്റ്’, ‘സ്വിഫ്റ്റ് ഡിസയർ’ ശ്രേണിയിലും മാരുതി സുസുക്കി എയർബാഗും എ ബി എസും ലഭ്യമാക്കിയിരുന്നു. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ‘ബലേനൊ’, ‘എസ് ക്രോസ്’ എന്നിവയ്ക്കൊപ്പം ‘വാഗൻ ആർ’, ‘എർട്ടിഗ’ എന്നിവയിലും മാരുതി സുസുക്കി ഇതേ സൗകര്യങ്ങളോടെ മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.