Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

17 നഗരങ്ങൾ പിന്നിട്ട് ‘അമിയൊ’ റോഡ്ഷോ പൂർത്തിയായി

volkswagen-ameo-1 Ameo

ഇന്ത്യയ്ക്കായി ഇന്ത്യയിൽ നിർമിച്ച സബ് കോംപാക്ട് സെഡാനായ ‘അമിയൊ’യുമായി ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ സംഘടിപ്പിച്ച റോഡ്ഷോ പൂർത്തിയായി. കഴിഞ്ഞ മാസം 12ന് ആരംഭിച്ച പരിപാടിക്ക് 17 നഗരങ്ങളാണ് ആതിഥ്യമരുളിയത്; ‘അമിയൊ’യെ അടുത്തറിയാനും ബുക്കിങ് നടത്താനുള്ള അവസരമെന്ന നിലയിലായിരുന്നു ഫോക്സ്‌വാഗന്റെ ഈ റോഡ്ഷോ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11,000 കിലോമീറ്റർ പിന്നിട്ട റോഡ്ഷോയ്ക്കിടെ പുതിയ കാറിന് മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ഫോക്സ്‌വാഗൻ ഇന്ത്യ അവകാശപ്പെട്ടു. തുടക്കത്തിൽ 1.2 ലീറ്റർ, മൂന്നു സിലിണ്ടർ, എം പി ഐ പെട്രോൾ എൻജിനോടെ മാത്രം ട്രെൻഡ്ലൈൻ, കംഫർട്ട്ലൈൻ, ഹൈലൈൻ വകഭേദങ്ങളിൽ വിൽപ്പനയ്ക്കെത്തുന്ന ‘അമിയൊ’യുടെ അടിസ്ഥാന വകഭേദത്തിന് 5.24 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില; മുന്തിയ വകഭേദത്തിന് 7.05 ലക്ഷം രൂപയും.

volkswagen-ameo Ameo

ആകർഷക വിലയ്ക്കു ലഭിക്കുന്ന മികച്ച ഫോക്സ്‌വാഗൻ കാർ എന്നാണു കമ്പനി ഡയറക്ടർ മൈക്കൽ മേയർ ‘അമിയൊ’യെ വിശേഷിപ്പിക്കുന്നത്. റോഡ്ഷോയിൽ കാറിനു ലഭിച്ച വരവേൽപ്പ് അത്യുജ്വലമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉപയോക്താക്കളുടെ അഭിരുചികൾ പരിഗണിച്ച് പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിൽ ഫോക്സ്‌വാഗനുള്ള ശ്രദ്ധയാണ് ‘അമിയൊ’യിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണു ഫോക്സ്‌വാഗൻ, അമിയൊ’യെ ആഗോളതലത്തിൽ തന്നെ ഇതാദ്യമായി പ്രദർശിപ്പിച്ചത്. ഹാച്ച്ബാക്കായ ‘പോളോ’യ്ക്കും ഇടത്തരം സെഡാനായ ‘വെന്റോ’യ്ക്കുമിടയിൽ ഇടം പിടിക്കുന്ന ‘അമിയൊ’ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.

ameo-airbag Ameo

‘വെന്റോ’യ്ക്കും ‘പോളോ’യ്ക്കും സ്കോഡ ‘റാപിഡി’നുമൊക്കെ അടിത്തറയാവുന്ന അതേ പ്ലാറ്റ്ഫോമിലാണു ഫോക്സ്‌വാഗൻ ‘അമിയൊ’യും സാക്ഷാത്കരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 720 കോടിയോളം രൂപ ചെലവിട്ടാണു ഫോക്സ്‌വാഗൻ പുതിയ കാർ വികസിപ്പിച്ചെടുത്തത്. കാറിൽ ഉപയോഗിച്ചിരിക്കുന്ന യന്ത്രഘടകങ്ങളിൽ 82 ശതമാനത്തോളം ഇന്ത്യയിൽ നിന്നു സമാഹരിച്ചവയാണ്. ഉത്സവകാലത്തോടെ പ്രാദേശികമായി നിർമിച്ച 1.5 ലീറ്റർ ഡീസൽഎൻജിൻ കരുത്തേകുന്ന ‘അമിയൊ’യും വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. അതേസമയം ‘അമിയൊ’യുടെ ഗീയർബോക്സും പെട്രോൾ എൻജിനും ഇറക്കുമതി ചെയ്യുന്നതു തുടരും. മിറർലിങ്ക് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, സ്റ്റാറ്റിക് കോണറിങ് ലൈറ്റ് തുടങ്ങിയവ സഹിതമാണ് ‘അമിയൊ’യുടെ വരവ്. സുരക്ഷയ്ക്കായി കാറിന്റെ എല്ലാ വകഭേദത്തിലും മുന്നിൽ ഇരട്ട എയർ ബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ലഭ്യമാക്കും.

Your Rating: