Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലേക്ക് അമേരിക്കൻ മസിൽ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
muscle-cars

അമേരിക്ക ഇന്ത്യയിലേക്ക് വരികയാണ്. അമേരിക്കയുടെ ഹൃദയം കവർന്ന മസിൽ കാറുകൾ ഇനി നമുക്കു സ്വന്തം. ഇന്നു വരെ ഇന്ത്യയിലില്ലാതിരുന്ന പുതിയൊരു വിഭാഗത്തിനും ഇതോടെ തുടക്കമായി.

പോണി കാർ എന്നൊരു വിഭാഗമുണ്ട് അമേരിക്കയിൽ. റേസ് ട്രാക്കിലേതിനു തുല്യമായ സ്പോർട്ടി പ്രകടനം. അതായത് പൂജ്യത്തിൽ നിന്നു 100 കിലോമീറ്ററെടുക്കാൻ ഒന്നു തൊട്ടു മൂന്നു വരെ എണ്ണുന്ന സമയം ആവശ്യത്തിലുമധികം. പരമാവധി വേഗം ചെറിയൊരു വിമാനത്തിനൊപ്പമെത്തും: 300 മുതൽ 400 കിലോമീറ്റർ വരെ. സ്റ്റൈലിങ് ആരെയും വശത്താക്കാൻ പോരും വിധം. മസിൽ കാർ എന്നൊരു വിളിപ്പേരു കൂടി പോണികൾക്കു വീഴാൻ കാരണം ഈ സ്റ്റൈലിങ്ങും അതിനു കൂട്ടു നിൽക്കുന്ന പ്രകടനവുമാണ്. മറ്റു സ്പോർട്സ് കാറുകളെക്കാൾ പോക്കറ്റിനിണങ്ങുന്ന വിലയാണ് എന്നത് മുഖ്യ ആകർഷണം.

ലോകത്ത് ഏറ്റവുമധികം ശ്രദ്ധേയമായ പോണി കാർ ഫോഡ് മസ്റ്റാങ് ആകുന്നു. ആദ്യമിറങ്ങിയ പോണിയും ഫോഡിൽ നിന്നു തന്നെ. 1950 കളിൽ വന്ന തണ്ടർബേഡ്. ഷെവർലെ കോർവയർ, കോർവെറ്റ്, കമാരോ, പ്ലിമത്ത് സിഗ് നെറ്റ്, ഡോഡ്ജ് ഡാർട്ട് തുടങ്ങി ഒരു പറ്റം കാറുകൾ അമേരിക്കൻ മസിൽ കാർ സംസ്കാരത്തിനു കൊഴുപ്പേകി. അനധികൃത റോഡ് റേസുകളിലും അംഗീകൃത റേസ് ട്രാക്കുകളിലും എഴുപതുകൾ വരെ ഈ കാറുകളുടെ ആധിപത്യം കാണാ. പിന്നീട് ഈ സംഘത്തിലേക്ക് ജാപ്പനീസ് കാറുകളുമെത്തി. ടൊയോട്ട സെലിസിയ, ഹോണ്ട പ്രീലൂഡ്സ്, നിസ്സാൻ ജി ടി ആർ... ഏതാനും കാറുകൾ എട്ടു സിലണ്ടറുകളും പെർഫോമൻസ് ബൂസ്റ്ററുകളും കൊണ്ടു ചരിത്രം തീർത്തു.

chevrolet-camaro Chevrolet Camero

കാർബുറേറ്റർ ട്യൂണറുകളും ടർബോ ബൂസ്റ്ററുകളുമൊക്കെ വെറും കൈ കൊണ്ടു ട്യൂൺ ചെയ്ത് കാറുകളും മനുഷ്യനുമായുള്ള ആത്മബന്ധം കുറെനാൾകൂടി തുടർന്നു. അതിനു ശേഷം ഫ്യൂവൽ ഇൻജക്ഷനും കംപ്യൂട്ടറൈസ്ഡ് ട്യൂണിങ്ങിനുമൊക്കെ കാര്യങ്ങൾ വഴിമാറി. ആധുനികത തെല്ലു കൂടിയതുകൊണ്ടാവാം മസിൽ കാറുകളുടെ പ്രീതി ഇടയ്ക്കൊന്നു മങ്ങി. ഇപ്പോഴിതാ വീണ്ടും ജനപ്രീതിയേറുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിലേക്കും മസിൽ കാറുകൾ എത്തുകയാണ്. നിസാൻ ജി ടി ആർ, ഫോഡ് മസ്റ്റാങ്, ഷെവർലെ കമാരോ, കോർവെറ്റ്... ഈ നാലു കാറുകൾ ഓട്ടൊ എക്സ്പൊയിൽ തിരനോട്ടം നടത്തി. ഇതിൽ ജി ടി ആറും മസ്റ്റാങും ഇക്കൊല്ലം ഇറങ്ങും. രണ്ടു കാറുകളും പൂർണമായും ഇറക്കുമതി ചെയ്താണ് വിൽക്കുക.

ford-mustang Ford Mustang

∙മസ്റ്റാങ്: ഇന്ത്യയിൽ 310 ബി എച്ച് പി 2.3 ലീറ്റർ ഇകോബൂസ്റ്റ് എൻജിനോ 450 ബി എച്ച് പി അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനോ ആയിരിക്കും. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്റർ സഹിതമുള്ള ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്. കഴിഞ്ഞ ഓഗസ്റ്റിലാണു ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് മസ്താങ് പുറത്തിറക്കുന്നത്. നിരത്തിലെത്തി അര നൂറ്റാണ്ട് പിന്നിടുമ്പോഴാണ് വശത്തു സ്റ്റീയറിങ്ങുള്ള മസ്താങ് യാഥാർഥ്യമാവുന്നത്. ഒരു കോടിക്കടുത്ത് വില വരും.

Nissan-GT-R Nissan GT-R

∙നിസാൻ ജി ടി ആർ: കരുത്തിൻറെ പ്രതീകമായി നിസ്സാൻ അവതരിപ്പിക്കുന്ന ജി ടി ആർ താരതമ്യേന പുതിയ മോഡലാണ്. 2007 ലാണ് ആദ്യം ഇറക്കുന്നത്. എന്നാൽ അറുപതുകളിലും എഴുപതുകളിലും നിസാൻ ഇറക്കിയിരുന്ന സ്കൈലൈൻ കാറുകളുടെ പാരമ്പര്യം ജി ടി ആർ ഉൾക്കൊള്ളുന്നു. അമേരിക്കൻ വിപണിയെ പിടിച്ചുലച്ച സ്കൈലൈൻ ജി ടി ആറിനു പിൻമുറയാണ് ഇപ്പോഴത്തെ വെറും ജി ടി ആർ. അസംബ്ലിലൈനിലല്ല, കൈ കൊണ്ടുണ്ടാക്കുന്ന എൻജിനുകളാണ് ജി ടി ആറിന്. 3.8 ലീറ്റർ ട്വിൻ ടർഹബോ വി സിക്സ് എൻജിന്. 545 ബി എച്ച് പി. പൂജ്യത്തിൽ നിന്നു നൂറിലെത്താൻ മൂന്നേ മൂന്നു സെക്കൻഡ്. പരമാവധി വേഗം 315 കി മി. വില രണ്ടു കോടിക്കടുത്ത്. ഇക്കൊല്ലം തന്നെ ഇറക്കും.

ഷെവർലെ കോർവെറ്റും കമാരോയും കൂടി എത്തുന്നതോടെ ഇന്ത്യയിലെ മസിൽ കാർ നിര പൂർണമാകുന്നു. ഇവ എന്നെത്തുമെന്ന് പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.