Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതാഭ് ബച്ചനെത്തുന്നു, ടി വി എസ് ‘ജുപ്പീറ്ററി’നു കൂട്ടായി

Amitabh Bachchan is new Brand Ambassador for TVS Jupiter

ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് കമ്പനിയുടെ ഗീയർരഹിത സ്കൂട്ടറായ ‘ജുപ്പീറ്ററി’ന്റെ പ്രചാരകനായി സാക്ഷാൽ അമിതാഭ് ബച്ചൻ രംഗത്തെത്തുന്നു. ‘ബ്രാൻഡ് ഫിലോസഫി ഇവാഞ്ചലിസ്റ്റ്’ എന്ന പേരിലാണു ചെന്നൈ ആസ്ഥാനമായ ടി വി എസ് ബച്ചനെ രംഗത്തിറക്കുന്നത്; പോരെങ്കിൽ ഇതാദ്യമായാണ് ബച്ചൻ ഇരുചക്രവാഹനത്തിന്റെ പരസ്യ പ്രചാരണത്തിൽ പങ്കാളിയാവുന്നതെന്ന സവിശേഷതയുമുണ്ട്.

ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ അമിതാഭ് ബച്ചനു സവിശേഷ സ്ഥാനമുണ്ടെന്നു ടി വി എസ് മോട്ടോർ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അതീവ ശ്രദ്ധയോടെയും കരുതലോടെയും പരിപോഷിപ്പിക്കുന്ന പ്രതിഭയാണു വിജയങ്ങളിലെത്തുന്നതെന്നതിനു തെളിവാണ് ബച്ചന്റെ ജീവിതം. പോരെങ്കിൽ എപ്പോഴും കൂടുതൽ ചെയ്യാനുള്ള തീവ്രയത്നമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും രാധാകൃഷ്ണൻ ഓർമിപ്പിച്ചു. അമിതാഭ് ബച്ചൻ പ്രത്യക്ഷപ്പെടുന്ന ടി വി എസ് ‘ജുപ്പീറ്റർ’ പരസ്യത്തിന്റെ അമക്കാരനാവുന്നതാവട്ടെ പ്രമുഖ ചലച്ചിത്ര സംവിധായകനായ ഷൂജിത് സിർകാറാണ്.

TVS Jupiter Festive TVC 2015 featuring Amitabh Bachchan

ടി വി എസ് മോട്ടോഴ്സുമായി സഹകരിക്കുന്നത് അഭിമാനകരമായ നേട്ടമാമെന്നായിരുന്നു ബച്ചന്റെ പ്രതികരണം. കമ്പനിയുടെ പതാകവാഹക മോഡലായ ‘ജുപ്പീറ്ററി’ന്റെ പരസ്യ പ്രചാരണത്തിൽ പങ്കാളിയാവാൻ കഴിയുന്നതിലും അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.

വിപണനസാധ്യതയേറിയ ഗീയർരഹിത സ്കൂട്ടർ വിഭാഗത്തിൽ ടി വി എസിനു സജീവ സാന്നിധ്യം നേടിക്കൊടുത്ത മോഡലാണു ‘ജുപ്പീറ്റർ’. നിരത്തിലെത്തി 18 മാസത്തിനുള്ളിൽ അഞ്ചു ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു ‘ജുപ്പീറ്റർ’ സ്വന്തമാക്കിയത്. രണ്ടു വകഭേദങ്ങളിലാണു ‘ജുപ്പീറ്റർ’ വിൽപ്പനയ്ക്കുള്ളത്: അടിസ്ഥാന വകഭേദത്തിന് 52,165 രൂപയും മുന്തിയ വകഭേദമായ ‘സെഡ് എക്സി’ന് 54,173 രൂപയുമാണു ചെന്നൈയിലെ ഷോറൂം വില.

അതിനിടെ ജനപ്രിയ ബ്രാൻഡായ ‘ടി വി എസ് സ്പോർട്ടി’ന്റെ പരസ്യ പ്രചാരണ ചുമതല ലോവി ലിന്റാസ് ബെംഗളൂരു ഏറ്റെടുത്തു. ശക്തമായ മത്സരം അതിജീവിച്ചാണു ‘ടി വി എസ് സ്പോർട്’ അക്കൗണ്ട് നേടിയതെന്നും ഏജൻസി അവകാശപ്പെട്ടു.