Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പോളോ ടയേഴ്സ് പരസ്യം ചെയ്യാൻ വാൾട്ടർ തോംപ്സൺ

Apollo Tyres

ആഗോളതലത്തിൽ കമ്പനിയുടെ പരസ്യപ്രചാരണ ചുമതല പ്രമുഖ പരസ്യ ഏജൻസിയായ ജെ വാൾട്ടർ തോംസണു കൈമാറാൻ ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്സ് തീരുമാനിച്ചു. കടുത്ത മത്സരത്തിനൊടുവിലാണ് പരസ്യ ചുമതല ജെ വാൾട്ടർ തോംപ്സൺ(ജെ ഡബ്ല്യു ടി) സ്വന്തമാക്കിയതെന്നും അപ്പോളോ ടയേഴ്സ് അറിയിച്ചു. ഇതുവരെ ദ് ബ്രൂക്ക്ലിൻ ബ്രദേഴ്സ് എന്ന ഏജൻസിയാണ് അപ്പോളോ ടയേഴ്സിന്റെ പരസ്യങ്ങൾ തയാറാക്കിയിരുന്നത്.

അപ്പോളോ, റെഡ്സ്റ്റീൻ ശ്രേണികളിലാണ് അപ്പോളോ ടയേറ്സിന്റെ ബ്രാൻഡുകൾ വിപണിയിലുള്ളത്; ആഗോളതലത്തിൽ ഇരുബ്രാൻഡുകളുടെയും പരസ്യ ചുമതലയാണ് ജെ വാൾട്ടർ തോംപ്സൺ ഏറ്റെടുക്കുന്നത്.

അപ്പോളോ ടയേഴ്സിന്റെ ലണ്ടനിലെ ഗ്ലോബൽ മാർക്കറ്റിങ് ഓഫിസാവും പരസ്യ കമ്പനിയുമായുള്ള ഇടപാടുകൾ നിർവഹിക്കുക. ജെ വാൾട്ടർ തോംപ്സൺ കമ്പനിയുടെ ലണ്ടൻ, ആംസ്റ്റർഡാം, ന്യൂഡൽഹി ഓഫിസുകൾക്കാവും അപ്പോളോ ടയേഴ്സിന്റെ പരസ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ചുമതല.

കഴിഞ്ഞ വർഷം കമ്പനിക്കായി പരസ്യങ്ങൾ തയാറാക്കിയ ദ് ബ്രൂക്ക്ലിൻ ബ്രദേഴ്സിനോടു നന്ദി രേഖപ്പെടുത്തുന്നതായി അപ്പോളോ ടയേഴ്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ മാർകോ പരാസ്സിയാനി അറിയിച്ചു. അപ്പോളോയുടെയും റെഡ്സ്റ്റീനിന്റെയും വളർച്ചയിൽ പങ്കാളിയാവാൻ ജെ വാൾട്ടർ തോംപ്സൺ രംഗത്തെത്തുന്നത് ഏറെ ആഹ്ലാദകരമാണ്. അപ്പോളോ ബ്രാൻഡുകളെപ്പറ്റി മികച്ച ധാരണയും ആവേശവും കാഴ്ചവച്ചാണ് വാൾട്ടർ തോംപ്സൺ ഈ അക്കൗണ്ട് സ്വന്തമാക്കിയത്. അവരുമായുള്ള പങ്കാളിത്തത്തിൽ മികച്ച പരസ്യ പ്രചാരണ തന്ത്രങ്ങൾ യാഥാർഥ്യമാക്കാനാവുമെന്നാണു പ്രതീക്ഷയെന്നും പരാസ്സിയാനി അഭിപ്രായപ്പെട്ടു.

ടയർ വ്യവസായത്തിൽ പുത്തൻ നിലവാരം സ്വന്തമാക്കി വൻവിജയം നേടി മുന്നേറുന്ന കമ്പനിയാണ് അപ്പോളോയെന്ന് ജെ വാൾട്ടർ തോംപ്സൺ കമ്പനി ലണ്ടൻ ഗ്ലോബൽ ടീം ലീഡർ ജഗ്ദീപ് ബക്ഷി അഭിപ്രായപ്പെട്ടു. അവരുമായി സഹകരിക്കാനും മികച്ച പരസ്യങ്ങൾ തയാറാക്കാനും അവസരം ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും ബക്ഷി പ്രതികരിച്ചു.