Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്രവാഹന ടയറുകളുമായി അപ്പോളൊ

apollo-tyres

ഇന്ത്യയിലും വിദേശത്തുമുള്ള നിർമാണശാലകളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാനായി നടപ്പു സാമ്പത്തിക വർഷം 60 കോടി ഡോളർ (4,000 കോടിയിലേറെ രൂപ) നിക്ഷേപിക്കുമെന്ന് അപ്പോളൊ ടയേഴ്സ്. ഇരുചക്രവാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച അപ്പോളൊ ടയേഴ്സിന്റെ ഹംഗറിയിലെ ടയർ നിർമാണശാല അടുത്ത ജനുവരിയിൽ ഉൽപ്പാദനം ആരംഭിക്കും. ചെന്നൈയിലും ഹംഗറിയിലുമുള്ള ശാലകളിൽ മൂലധന ചെലവായി 50 — 60 കോടി ഡോളർ നിക്ഷേപമാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് അപ്പോളൊ ടയേഴ്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നീരജ് കൺവർ അറിയിച്ചു. ചെന്നൈ ശാലയിലെ ട്രക്ക് — ബസ് റേഡിയൽ(ടി ബി ആർ) നിർമാണ ശേഷി ഇരട്ടിയാക്കാനാണു നീക്കം; നിലവിൽ പ്രതിദിനം 6,000 ടയർ ഉൽപ്പാദിപ്പിക്കുന്നത് 12,000 ആയി ഉയർത്താനാണു നീക്കം.

വാഹന വ്യവസായത്തിൽ പൂർണ സാന്നിധ്യം ലക്ഷ്യമിട്ടാണ് ഇരുചക്രവാഹനങ്ങൾക്കുള്ള ടയർ നിർമിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും കൺവർ വിശദീകരിച്ചു. മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമുള്ള അപ്പോളൊ ‘ആക്ടി സീരീസ്’ ടയറുകൾ ആദ്യ ഘട്ടത്തിൽ റീപ്ലേസ്മെന്റ് വിപണിയിലാണു ലഭ്യമാവുകയെന്ന് അദ്ദേഹം വെളിപ്പെടുത്തി. കവറേജ് കേന്ദ്രീകൃത ടയറുകളാവും ആദ്യ ഘട്ടത്തിൽ കമ്പനി നിർമിക്കുക; പ്രകടനത്തിനു മുൻതൂക്കം നൽകുന്ന ടയറുകൾ പിന്നാലെ പ്രതീക്ഷിക്കാം. ഇരുചക്രവാഹനങ്ങൾക്കുള്ള ടയറുകൾ നിർമിക്കാത്തതു പോരായ്മയായി കമ്പനി വിലയിരുത്തിയിരുന്നു. ഇന്ത്യൻ ഇരുചക്രവാഹന വിപണി മികച്ച വിൽപ്പനയോടെ 8.5 ശതമാനത്തോളം വാർഷിക വളർച്ച നേടി മുന്നേറുമ്പോഴാണു കമ്പനി ഈ മേഖലയിലേക്കുപ്രവർത്തനം വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ രാജ്യത്ത് 12 കോടിയോളം ഇരുചക്രവാഹനങ്ങൾ ഉണ്ടെന്നാണു കണക്ക്. ഇവയുടെ ടയർമാറ്റത്തിൽ നിന്നുള്ള ബിസിനസ് സാധ്യതയാണു തുടക്കത്തിൽ അപ്പോളൊ ടയേഴ്സ് പ്രയോജനപ്പെടുത്തുക. ക്രമേണ ഇരുചക്രവാഹന നിർമാതാക്കൾക്കു ടയർ ലഭ്യമാക്കാനും കമ്പനി ശ്രമിക്കുമെന്നു കൺവർ അറിയിച്ചു.

ഇരുചക്രവാഹന ടയർ വിപണിയിലെ സാധ്യതകളെപ്പറ്റി ഇപ്പോൾ പ്രവചനത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരാളികളായ എം ആർ എഫും സിയറ്റും ടി വി എസുമൊക്കെ ദീർഘനാളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ബ്രാൻഡ് നിലവാരത്തിന്റെ പിൻബലത്തിൽ ഇരുചക്രവാഹന വിപണിയിലും ചലനം സൃഷ്ടിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ടി ബി ആറിൽ 2008ൽ അരങ്ങേറ്റം കുറിച്ച് ഇപ്പോൾ നായകസ്ഥാനത്തെത്തിയതും 1999 — 2000 കാലഘട്ടത്തിൽ പാസഞ്ചർ കാർ മേഖലയിൽ പ്രവേശിച്ച് ക്രമേണ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നു സ്വന്തമാക്കിയതുമൊക്കെയാണ് അപ്പോളൊ ടയേഴ്സിന്റെ ചരിത്രമെന്നും കൺവർ ഓർമിപ്പിക്കുന്നു.

Your Rating: