Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3,200 കോടി രൂപയുടെ വികസനത്തിന് അപ്പോളോ ടയേഴ്സ്

apollo-tyres

ഇന്ത്യയിലും യൂറോപ്പിലുമായി ഇക്കൊല്ലം 3,200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അപ്പോളോ ടയേഴ്സ് ഒരുങ്ങുന്നു. ഇന്ത്യയിൽ 1,700 കോടി രൂപയുടെ മൂലധന ചെലവുകളാണു കമ്പനി ഏറ്റെടുക്കുക. യൂറോപ്പിലെ വികസന പ്രവർത്തനങ്ങൾക്കായി 20 കോടി യൂറോ(ഏകദേശം 1,510 കോടിയോളം രൂപ)യാണു കമ്പനി വകയിരുത്തിയിരിക്കുന്നതെന്ന് അപ്പോളോ ടയേഴ്സ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഗൗരവ് കുമാർ അറിയിച്ചു. അതേസമയം ഏതൊക്കെ മേഖലകളിലാണ് നടപ്പു സാമ്പത്തിക വർഷം കമ്പനി നിക്ഷേപം നടത്തുകയെന്നു വിശദീകരിക്കാൻ കുമാർ തയാറായില്ല.

എന്നാൽ ചെന്നൈയിലെ നിർമാണശാലയുടെ ശേഷി വർധിപ്പിക്കാനാവും ഇന്ത്യയിലെ നിക്ഷേപത്തിൽ സിംഹഭാഗവുമെന്നാണു സൂചന. യൂറോപ്പിലെ മൂലധന നിക്ഷേപമാവട്ടെ പ്രധാനമായും ഹംഗറിയിലെ ടയർ ഉൽപ്പാദനശാലയ്ക്കാവും.
ചെന്നൈയിലെ ശാലയിൽ നിലവിൽ ദിവസം തോറും 6,000 ട്രക്ക് — ബസ് റേഡിയൽ ടയറുകളാണ് അപ്പോളോ ടയേഴ്സ് ഉൽപ്പാദിപ്പിക്കുന്നത്. പ്രതിദിന ഉൽപ്പാദനശേഷി 12,000 യൂണിറ്റായി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്.
ഹംഗറിയിൽ അപ്പോളൊ ടയേഴ്സ് സ്ഥാപിക്കുന്ന പുത്തൻ ശാല അടുത്ത വർഷമാദ്യം പ്രവർത്തനസജ്ജമാവുമെന്നാണു പ്രതീക്ഷ. യൂറോപ്യൻ വിപണികൾ ലക്ഷ്യമിട്ട് അപ്പോളൊയ്ക്കൊപ്പം റെഡെസ്റ്റീൻ ബ്രാൻഡിലുള്ള ടയറുകളും യോങ്യൊഷാലസിലെ നിർദിഷ്ട ശാലയിൽ ഉൽപ്പാദിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി.

പ്രതിവർഷം 55 ലക്ഷം പാസഞ്ചർ കാർ — ലഘു ട്രക്ക് ടയറുകളും 6.75 ലക്ഷം ഭാരവാഹന ടയറുകളും നിർമിക്കാൻ ശേഷിയുള്ള ശാലയാണു കമ്പനി യോങ്യൊഷാലസിൽ സ്ഥാപിക്കുന്നത്. നെതർലൻഡ്സിൽ ഇപ്പോഴുള്ള ശാലയുമായി പൊരുത്തപ്പെടുംവിധമാണു ഹംഗറിയിലെ പുതിയ ഫാക്ടറിയുടെ രൂപകൽപ്പന. ഇരുശാലകളും പ്രവർത്തനം ആരംഭിക്കുന്നതോട അപ്പോളൊ, റെഡെസ്റ്റീൻ ബ്രാൻഡുകളിലെ പൂർണ ശ്രേണി തന്നെ യൂറോപ്യൻ വിപണിയിൽ ലഭ്യമാക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽനിന്നു 100 കിലോമീറ്ററിൽ താഴെയാണു യോങ്യൊഷാലസിലേക്കുള്ള ദൂരമെന്നതും നേട്ടമായി അപ്പോളൊ ടയേഴ്സ് കരുതുന്നു. പുതിയ ടയർ നിർമാണ ശാലയുടെ സമീപത്തായി വിവിധ വാഹന നിർമാതാക്കളുടെ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നതാണു മറ്റൊരു ആകർഷണം.  

Your Rating: