Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ ബസും 'ആപ്പി'ലായി

dtc-lowfloor

ദേശീയ തലസ്ഥാന മേഖല(എൻ സി ആർ)യിലെ പൊതുഗതാഗത സംവിധാനം ശക്തമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാബ് ഓപ്പറേറ്റർമാരുടെ മാതൃക പിന്തുടരാൻ ഡൽഹി സർക്കാർ ആലോചിക്കുന്നു. ടാക്സികളെ പോലെ ആപ് അടിസ്ഥാനത്തിലുള്ള ബസ് സർവീസ് തുടങ്ങാനുള്ള സാധ്യതയാണ് അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി(എ എ പി) സർക്കാർ പരിഗണിക്കുന്നത്. നഗരത്തിലെ കോൺട്രാക്ട് കാര്യേജ് ബസ്സുകളെ ഉൾപ്പെടുത്തി പുതിയ ബസ് സർവീസ് ശൃംഖല രൂപീകരിക്കാനാണു സർക്കാർ ആലോചിക്കുന്നത്. മിക്കവാറും അടുത്ത ആഴ്ച തന്നെ ആപ് അടിസ്ഥാനത്തിൽ നടത്തുന്ന ബസ് സർവീസിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കാനാണു സർക്കാരിന്റെ നീക്കം.

സാധാരണ നിലയിൽ വിവാഹ, വിനോദ, തീർഥ യാത്രകൾക്ക് ഉപയോഗിക്കുന്ന സ്വകാര്യ, കോൺട്രാക്ട് കാര്യേജ്(അഥവാ ടൂറിസ്റ്റ്) ബസ്സുകൾക്ക് യാത്രക്കാരെ കയറ്റി സർവീസ് നടത്താനുള്ള പ്രത്യേക പെർമിറ്റ് അനുവദിക്കാനാണു സർക്കാർ ഒരുങ്ങുന്നത്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയുള്ള ആവശ്യം പരിഗണിച്ചാവും ഏതു ഭാഗത്തു സർവീസ് നടത്താനുള്ള പ്രത്യേക പെർമിറ്റാണു ബസ്സുകൾക്ക് അനുവദിക്കുക എന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക. സർവീസ് ഉപയോഗിക്കുമെന്ന കരുതുന്നവരിൽ നിന്നുള്ള നിർദേശം അടിസ്ഥാനമാക്കി ഗതാഗത വകുപ്പാവും ഇത്തരം ബസ്സുകൾക്കുള്ള റൂട്ടുകൾ നിർണയിക്കുക. പ്രധാനമായും ഓഫിസ് ജീവനക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം.

നിർദിഷ്ട ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസ്സുകൾ കണ്ടെത്താനാണു മൊബൈൽ ആപ്ലിക്കേഷന്റെ സേവനം പ്രയോജനപ്രദമാവുക. പ്രത്യേക പെർമിറ്റിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജുകളുടെ ടിക്കറ്റ് നിരക്കും സർക്കാർ തന്നെയാവും നിശ്ചയിക്കുക. സാധാരണ നിരക്കിലാവും ഇത്തരം ബസ്സുകളുടെയും സർവീസ് എന്നാണു സൂചന.സർക്കാരിന്റെ പുതിയ നീക്കത്തെ നഗരത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇത്തരം സർവീസുകൾക്കായി ആവശ്യമെങ്കിൽ പുതിയ ബസ്സുകൾ വാങ്ങി നിരത്തിലിറക്കാനുള്ള സന്നദ്ധതയും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.