Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ എലിവേറ്റഡ് ബസ് കോറിഡോറിനു ചർച്ച

arvind-kejriwal

തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ ആം ആദ്മി പാർട്ടി(എ എ പി)യുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ എലിവേറ്റഡ് ബസ് കോറിഡോർ പരിഗണിക്കുന്നു. ബൃഹത്തായി ഈ സ്വപ്ന പദ്ധതിയെപ്പറ്റി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജപ്പാൻ സ്ഥാനപതി കെൻജി ഹിരമാറ്റ്സുവുമായി ചർച്ചയും നടത്തി. ഗതാഗതത്തിനു പുറമെ ശുദ്ധജലവിതരണം, മലിനജല നിർമാർജനം, ഭൂചലനത്തെ ചെറുക്കുന്ന കെട്ടിട നിർമാണം തുടങ്ങിയ വികസന പദ്ധതികളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. പൊതുമരാമത്ത് മന്ത്രി സത്യേന്ദർ ജെയ്ൻ, ഡയലോഗ് ആൻഡ് ഡവലപ്മെന്റ് കമ്മിഷൻ(ഡി ഡി സി) ഉപാധ്യക്ഷൻ ആശിഷ് ഖേത്താൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

രാജ്യതലസ്ഥാനത്തെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ വിഭാവന ചെയ്ത, ബസ്സുകൾക്കു മാത്രമായുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതിക്കാണു ചർച്ചകളിൽ പ്രാധാന്യം ലഭിച്ചതെന്നു സംസ്ഥാന സർക്കാർ വക്താവ് വെളിപ്പെടുത്തി. സർക്കാരിന്റെ പ്രതിനിധി സംഘം ജപ്പാൻ സന്ദർശിച്ച് വിവിധ വികസന പദ്ധതികളെപ്പറ്റി കൂടുതൽ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി കെജ്രിവാൾ അറിയിച്ചു. കൂടുതൽ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള സാധ്യത ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലസ്ഥാനത്തു താമസിക്കുന്ന ജപ്പാൻ പൗരൻമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധതയും കെജ്രിവാൾ അറിയിച്ചു. ഡൽഹിയിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദമായ അവതരണമാവും ജപ്പാൻ സന്ദർശിക്കുന്ന പ്രതിനിധി സംഘം നടത്തുകയെന്നു ഡി ഡി സി ഉപാധ്യക്ഷൻ ആശിഷ് ഖേതാൻ വിശദീകരിച്ചു.