Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിരത്തുകളെ ചോരക്കളമാക്കി മാർച്ചും മേയും

accidents

ഇന്ത്യൻ നിരത്തുകളെ സംബന്ധിച്ചിടത്തോളം ക്രൂരമായ മാസങ്ങളാണു മാർച്ചും മേയും; കാരണം വാഹനാപകടങ്ങളിൽ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെടുന്നത് ഈ മാസങ്ങളിലാണ്. കഴിഞ്ഞ രണ്ടു വർഷത്തെ കണക്കെടുത്താൽ മൊത്തം മരണങ്ങളിൽ 18% സംഭവിച്ചത് മാർച്ചിലും മേയിലുമായിട്ടാണ്. കഴിഞ്ഞ വർഷം മേയിലാവട്ടെ അപകട മരണം 14,000 ആയിരുന്നു. പോരെങ്കിൽ 46,427 അപകടങ്ങളിലായി നാൽപ്പത്തി ഏഴായിരത്തിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മൊത്തമുണ്ടായ അഞ്ചു ലക്ഷത്തിലേറെ അപകടങ്ങളിൽ ഒൻപതു ശതമാനത്തിലേറെ സംഭവിച്ചത് മേയിലാണ്. 2015ൽ മൊത്തം 1.46 ലക്ഷം പേരാണു രാജ്യത്ത് അപകടങ്ങളിൽ കൊല്ലപ്പെട്ടത്; പരുക്കേറ്റവരാവട്ടെ അഞ്ചു ലക്ഷത്തിലേറെയും. 2015 മാർച്ചിൽ 42,842 അപകടങ്ങളാണു സംഭവിച്ചതെന്നും ഇന്ത്യയിലെ റോഡ് അപകടങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു; മൊത്തം അപകടങ്ങളുടെ 8.5 ശതമാനത്തോളമാണിത്.

അപകടക്കണക്കെടുപ്പിൽ 2014 മാർച്ചും മേയും മോശമല്ല; 2014 മാർച്ചിൽ 42,524 അപകടങ്ങളും മേയിൽ 45,404 അപകടങ്ങളുമാണു രേഖപ്പടുത്തിയത്. മൊത്തം അപകടങ്ങളുടെ യഥാക്രമം 8.6%, 9.2% വീതമാണിത്. വാഹനങ്ങളുടെ കൂട്ടിയിടിക്കു സാധ്യതയേറെ ഉച്ച കഴിഞ്ഞ് മൂന്നിനും ആറിനുമിടയിലുള്ള സമയമാണെന്നും റിപ്പോർട്ട് കണ്ടെത്തുന്നു. മൊത്തം അപകടങ്ങളിൽ 17.5%(അഥവാ 87,819 എണ്ണം) നടന്നത് ഈ മൂന്നു മണിക്കൂറിനിടയിലാണ്. അപകടസാധ്യതയിൽ അടുത്തത് വൈകിട്ട് ആറിനും രാത്രി ഒൻപതിനുമിടയിലുള്ള സമയമാണ്; 2015ലെ മൊത്തം അപകടങ്ങളുടെ 17.3%(അതായത് 86,836 എണ്ണം) നടന്നത് ഈ വേളയിലാണ്. പുലർകാലത്താണ് അപകടസാധ്യതയേറെയെന്ന വിശ്വാസത്തെ ഈ റിപ്പോർട്ട് തകർക്കുന്നു; കാരണം അർധരാത്രിക്കും പുലർച്ചെ മൂന്നിനുമിടയിൽ കഴിഞ്ഞ വർഷമുണ്ടായത് 27,954 അപകടങ്ങളാണ്. അതുപോലെ ഗതാഗതത്തിരക്കേറിയ നഗരവീഥികളിലാണു കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്ന വിശ്വാസവും ശരിയല്ലെന്നാണു കണക്കുകൾ തെളിയിക്കുന്നത്. ഗ്രാമീണ മേഖലയിൽ 2015ൽ 2,69,529 അപകടം സംഭവിച്ചപ്പോൾ നഗര പ്രദേശത്തുണ്ടായ അപകടങ്ങളുടെ എണ്ണം 2,31,894 ആയിരുന്നു. അതായത് മൊത്തം അപകടങ്ങളിൽ 53.8% ഗ്രാമപ്രദേശത്തും 46.2% നഗരമേഖലയിലുമാണു നടന്നത്.

രാജ്യത്തു റിപ്പോർട്ട് ചെയ്ത അഞ്ചു ലക്ഷത്തോളം അപകടങ്ങളിൽ മൂന്നിലൊന്നിലും ഇരുചക്രവാഹനങ്ങളാണ് ഉൾപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 33 ശതമാനവും 15 — 24 പ്രായപരിധിയിലുള്ളവരും.  കാർ, ജീപ്പ്, ടാക്സി എന്നിവയാണ് അപകടങ്ങളിലെ പങ്കാളിത്തത്തിൽ രണ്ടാം സ്ഥാനത്ത്. അമിതഭാരം കയറ്റിയ വാഹനങ്ങൾ മൂലം 77,116 അപകടങ്ങളുണ്ടായി; മരണം 25,199. രാജ്യത്തു മണിക്കൂർ തോറും ശരാശരി 57 അപകടങ്ങളും പതിനേഴൊളം മരണങ്ങളും സംഭവിക്കുന്നുണ്ടെന്ന കണ്ടെത്തൽ വേദനിപ്പിക്കുന്നു എന്നായിരുന്നു റിപ്പോർട്ട് പ്രകാശനം ചെയ്ത കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയുടെ പ്രതികരണം.  

Your Rating: