Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവീനം ഈ ഓട്ടോയും യാത്രയും യാത്രക്കാരനും

solar-auto Naveen Rabelli and His Solar Powered Auto

അന്തരീക്ഷ മലിനീകരണത്തിനെതിരെ സൂര്യവെളിച്ചവുമായി ഓട്ടോറിക്ഷയിൽ കേരളത്തിൽനിന്ന് യാത്ര തിരിച്ച യുവ എൻജിനീയർ ഇന്ന് ഇറാനിലെത്തും. ഹൈദരാബാദ് സ്വദേശി നവീൻ റാബെല്ലി ആണ് സൗരോർജ പാനലും വൈദ്യുതിയുംകൊണ്ടു പ്രവർത്തിക്കുന്ന ഓട്ടോറിക്ഷയുമായി യുകെയിലേക്ക് തിരിച്ചത്. സോളർ ഇലക്ട്രിക് ടക് ടക് എന്ന പദ്ധതി വഴി ഗ്രാമീണ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുകയാണ് ആത്യന്തിക ലക്ഷ്യം. ഇലക്ട്രോണിക് എൻജിനീയറിങ് ബിരുദാനന്തര ബിരുദധാരിയായ നവീൻ ഓട്ടമോട്ടീവ് ഇലക്ട്രിക് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽനിന്ന് എത്തിച്ച ഓട്ടോറിക്ഷ ഷാർജയിൽനിന്ന് ഇന്ന് കടൽമാർഗം ഇറാനിലെത്തും.

ഇറാനിൽനിന്ന് തുർക്കി, ബൾഗേറിയ, സെർബിയ, ഹംഗറി, ഓസ്ട്രിയ, ജർമനി, ഫ്രാൻസ് വഴി ഇംഗ്ലണ്ട് എന്നതാണ് യാത്രാപഥം. സന്ദർശിക്കുന്ന സ്ഥലങ്ങളിലെല്ലാം സ്കൂൾ വിദ്യാർഥികൾക്കും ജനങ്ങൾക്കും സൗരോർജത്തെക്കുറിച്ചും സീറോ എമിഷനെക്കുറിച്ചും വിവരങ്ങൾ കൈമാറുമെന്നു നവീൻ അറിയിച്ചു. 38790 ഡോളറാണ് ആകെ ചെലവ് കണക്കാക്കുന്നത്. ഇതിൽ തെലങ്കാന ടൂറിസം വകുപ്പും ചെലവ് പങ്കിടും. 10000 കിലോമീറ്റർ യാത്ര ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഇപ്പോൾതന്നെ മൂവായിരം കിലോമീറ്റർ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് വന്നവരാണ് ഇംഗ്ലിഷുകാർ, അവരുടെ രാജ്യത്തു ചെല്ലണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അതിനൊപ്പം ഊർജസംരക്ഷണത്തെക്കുറിച്ചുള്ള വിവരണങ്ങളും നൽകും.

ഇത് ഒരു സ്വപ്നസാക്ഷാൽക്കാരമാണെന്നു നവീൻ പറഞ്ഞു. പിയാജിയോ ആപേ ഡീസൽ ഓട്ടോറിക്ഷയാണ് സോളർ, ഇലക്ട്രിക് വാഹനമായി മാറ്റിയെടുത്തത്. എറണാകുളത്ത് മനയ്ക്കപ്പടി കളപറമ്പിലാണു ആപേയ്ക്കു മാറ്റം വരുത്തിയത്. 850 വാട്സിന്റെ സൗരോർജ പാനലും ആറ് കിലോവാട്ട് ബാറ്ററിയുമാണ് ഊർജത്തിനായുള്ളത്. ഊർജത്തിന്റെ 42.5 ശതമാനം സോളർ പാനലിൽനിന്നു ലഭിക്കും. ജൂണിൽ ഉദ്ഘാടനം ചെയ്ത യാത്ര ഇടയ്ക്ക് ബെംഗളൂരിലുണ്ടായ അപകടത്തെ തുടർന്ന് ആറുമാസം വൈകി. ബെംഗളൂരിൽ റോഡിലൂടെ നടക്കുമ്പോൾ ഓട്ടോറിക്ഷ ഇടിച്ച് നവീൻ കാലൊടിഞ്ഞ് കിടപ്പിലായി. പരുക്ക് ഭേദമായതിനുശേഷം വീണ്ടും യാത്ര. ബെംഗളൂരിൽനിന്നു മുംബൈയിലെത്തിയ നവീൻ ജൂലൈയിൽ യാത്ര പൂർത്തിയാക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.