Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധം: 2,000 കോടി ലക്ഷ്യമിട്ട് അശോക് ലേയ്‌ലൻഡ്

ashok-leyland-defence

പ്രതിരോധ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ ഗണ്യമായ വർധന പ്രതീക്ഷിച്ച് ഹിന്ദൂജ ഗ്രൂപ്പിൽ പെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ്. അടുത്ത അഞ്ചു വർഷത്തിനകം ഈ മേഖലയിൽ നിന്ന് 2,000 കോടി രൂപയുടെ വരുമാനമാണു കമ്പനി ലക്ഷ്യമിടുന്നത്. പ്രതിരോധ സേനകൾക്കായി മിസൈൽ വാഹക വാഹനമടക്കമുള്ള സംവിധാനങ്ങൾ ലഭ്യമാക്കാനാണ് അശോക് ലേയ്‌ലൻഡ് ഒരുങ്ങുന്നത്. പ്രതിരോധ മേഖലയിൽ മികച്ച വളർച്ചാ സാധ്യതയാണുള്ളതെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 15 ടെൻഡറുകളിൽ 13 എണ്ണം നേടാൻ കമ്പനിക്കു കഴിഞ്ഞു. നിലവിൽ 500 കോടിയോളം രൂപയാണു പ്രതിരോധ മേഖലയിൽ നിന്നുള്ള വരുമാനം. അഞ്ചു വർഷത്തിനകം ഇത് 2,000 കോടി രൂപയിലെത്തിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സൈനിക ഇടപാടിൽ മൊബിലിറ്റി മേഖലയിൽ മാത്രമാണ് അശോക് ലേയ്ലൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തോക്കുകളോ പടക്കോപ്പുകളോ നിർമിക്കാൻ കമ്പനിക്കു പദ്ധതിയില്ലെന്ന് ദാസരി വ്യക്തമാക്കി. പക്ഷേ പ്രതിരോധ സേനകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലും കമ്പനി സാന്നിധ്യം ഉറപ്പാക്കും.

വൈവിധ്യവൽക്കരണത്തിനു പകരം കമ്പനിക്കു മികവുള്ള രംഗത്തു ശ്രദ്ധയൂന്നാനാണു തീരുമാനമെന്നും ദാസരി അറിയിച്ചു. ഫോർ ബൈ ഫോർ ലേ ഔട്ടുള്ള വാഹനങ്ങൾ മാത്രമാണു നേരത്തെ അശോക് ലേയ്‌ലൻഡ് കരസേനയ്ക്കു ലഭ്യമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വമ്പൻ മിസൈലുകൾ വഹിക്കുന്ന വാഹനങ്ങൾ വരെ കമ്പനി സേനകൾക്കു വിൽക്കുന്നുണ്ട്. ഫോർ ബൈ ഫോറിൽ നിന്നു സിക്സ് ബൈ സിക്സ്, എയ്റ്റ് ബൈ സിക്സ് വാഹനങ്ങളിലേക്കു പുരോഗമിച്ച അശോക് ലേയ്‌ലൻഡ് പിന്നീട് ടെൻ ബൈ ടെന്നിൽ ബ്രിജ് ലോഞ്ചറുകൾ അവതരിപ്പിച്ചു. മിസൈൽ വഹിക്കാനായി ട്വൽവ് ബൈ ട്വൽവ് വാഹനങ്ങളാണു കമ്പനി അവതരിപ്പിക്കുന്നതെന്നു ദാസരി വിശദീകരിച്ചു. സൈനിക നീക്കത്തിനും ഭാരം വഹിക്കാനുമുള്ള വാഹനങ്ങൾ, ലൈറ്റ് റിക്കവറി വെഹിക്കിൾ, ഫീൽഡ് ആർട്ടിലറി ട്രാക്ടർ, ഫയർ ഫൈറ്റിങ് ട്രക്ക് തുടങ്ങിയവയൊക്കെ ലഭ്യമാക്കുന്നത് അശോക് ലേയ്ലൻഡിന്റെ വിഭാഗമായ അശോക് ലേയ്‌ലൻഡ് ഡിഫൻസ് സിസ്റ്റംസ്(എ എൽ ഡി എസ്) ആണ്.

Your Rating: