Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത ബസ്സുമായി അശോക് ലേയ്‌ലൻഡ്

ashok-leyland-bus Representative Image

പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്തു നിർമിച്ച വൈദ്യുത ബസ് ആയ ‘സർക്യൂട്ട്’ അശോക് ലേയ്‌ലൻഡ് പുറത്തിറക്കി. പൂർണമായും മലിനീകരണ വിമുക്തമായ ‘സർക്യൂട്ട്’ പ്ലാറ്റ്ഫോം അടിത്തറയാക്കി വ്യത്യസ്ത വാഹനങ്ങൾ പുറത്തിറക്കാനാണു ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിന്റെ പദ്ധതി. ഇന്ത്യയിൽ തന്നെ രൂപകൽപ്പനയും നിർമാണവുമൊക്കെ നിർവഹിച്ച വൈദ്യുത ബസ് പൊതുഗതാഗത മേഖലയിൽ വൻ മുന്നേറ്റത്തിനു വഴിവയ്ക്കുമെന്നു തമിഴ്നാട് വ്യവസായ, വാണിജ്യ അഡീഷനൽ ചീഫ് സെക്രട്ടറി അംബുജ ശർമ അഭിപ്രായപ്പെട്ടു. അശോക് ലേയ്‌ലൻഡ് ഈ നേട്ടം കൈവരിച്ചതിൽ ആഹ്ലാദമുണ്ടെന്നും ശർമ വെളിപ്പെടുത്തി.

രണ്ടു വർഷം മുമ്പ് 2015 ഏപ്രിലിൽ ഡൽഹിയിൽ നടന്ന ‘ഫെയിം’ ശിൽപ്പശാലയിൽ 2017 ജനുവരിക്കുള്ളിൽ പൂർണ തോതിലുള്ള വൈദ്യുത പവർ ട്രെയ്ൻ ഘടിപ്പിച്ച വാഹനങ്ങൾ അവതരിപ്പിക്കുമെന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്ന കാര്യം അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അനുസ്മരിച്ചു. ഈ സമയപരിധിക്കു മുമ്പു തന്നെ പുതിയ ‘സർക്യൂട്ട്’ ശ്രേണി പുറത്തിറക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.അഗ്നിബാധ തിരിച്ചറിയാനും നിയന്ത്രിക്കാനുമുള്ള സംവിധാന(എഫ് ഡി എസ് എസ്)ത്തോടെ വികസിപ്പിച്ച ഈ ആഭ്യന്തര സാങ്കേതികവിദ്യയുടെ പിൻബലമുള്ള ബസ്സിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 120 കിലോമീറ്റർ ഓടാനാവുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. പ്രധാനമായും നഗരവീഥികൾ ലക്ഷ്യമിട്ടാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ പ്രവർത്തന, പരിപാലന ചെലവുകളാണ് ‘സർക്യൂട്ട്’ വാഗ്ദാനം ചെയ്യുന്നതെന്നും ഗ്ലോബൽ ബസ് സീനിയർ വൈസ് പ്രസിഡന്റ് ടി വെങ്കട്ടരാമൻ അറിയിച്ചു.

ലിതിയം അയോൺ ബാറ്ററികളാണ് ‘സർക്യൂട്ട്’ ബസ്സിനു കരുത്തേകുന്നത്; എന്നാൽ ഈ ബസ്സിന്റെ കരുത്ത് സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. മൂന്നു മണിക്കൂറിനകം പൂർണ തോതിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളാണു ബസ്സിലുള്ളത്. മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ബസ്സിനു കഴിയുമെന്നാണ് അശോക് ലേയ്ലൻഡിന്റെ അവകാശവാദം. യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി എഫ് ഡി എസ് എസിനു പുറമെ അത്യാധുനിക ടെലിമാറ്റിക്സ് സങ്കേതകങ്ങളും ബസ്സിൽ അശോക് ലേയ്‌ലൻഡ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർക്കു പുറമെ 31 പേർക്കു യാത്രാസൗകര്യമുള്ള ബസ്സിൽ യു എസ് ബി, ഫോൺ ചാർജിങ് പോയിന്റുകളും വൈ ഫൈ സേവനവും ലഭ്യമാണ്.