Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശോക് ലേയ‌്‌ലൻഡ് എം ഡിയായി ദാസരിക്കു രണ്ടാമൂഴം

ashok-leyland-stallion--6x6

വാണിജ്യവാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിന്റെ മാനേജിങ് ഡയറക്ടറായി വിനോദ് കെ ദാസരിക്ക് രണ്ടാമൂഴം. 2016 ഏപ്രിൽ ഒന്നു മുതൽ 2021 മാർച്ച് 31 വരെയുള്ള അഞ്ചു വർഷക്കാലത്തേക്കാണു എം ഡിയായി ദാസരിക്ക് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പുനഃനിയമനം നൽകിയത്. അതേസമയം അടുത്ത വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അനുമതിക്കു വിധേയമായിട്ടാണു ദാസരിക്ക് വീണ്ടും നിയമനം ലഭിച്ചിരിക്കുന്നത്. ചീഫ് ഓപ്പറ്റേറിക് ഓഫിസറായി 2005ലാണു ദാസരി അശോക് ലേയ്‌ലൻഡിൽ പ്രവേശിച്ചത്. 2008ൽ ആദ്ദേഹം കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറും 2011 മുതൽ മാനേജിങ് ഡയറക്ടറുമായി.

നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എം ബി എ നേടിയ ദാസരി അതേ വാഴ്സിറ്റിയിലെ മക്കോർമിക് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നിന്ന് എൻജിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലൂയിസ്വിൽ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം എൻജിനീയറിങ്ങിൽ ബിരുദപഠനം പൂർത്തിയാക്കിയത്.
തുടർന്ന് 1986ൽ ജനറൽ ഇലക്ട്രിക് കമ്പനിയിലായിരുന്നു ദാസരിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1992ൽ എം ബി എ നേടിയ ശേഷം അദ്ദേഹം യു എസ് എയിലെ ടിംകെൻ കമ്പനിയിൽ ചേർന്നു. 1996ൽ ഡയറക്ടർ ഓഫ് മാനുഫാക്ചറിങ് ആൻഡ് ടെക്നോളജിയായി ടിംകെന്റെ ഇന്ത്യൻ വിഭാഗത്തിലേക്കു മാറി. 1998ൽ ടിംകെൻ ഇന്ത്യ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം നേടിയ ദാരരി രണ്ടു വർഷത്തിനു ശേഷം ടിംകെനിൽ ഗ്ലോബൽ റയിൽറോഡ് ബിസിനസ് പ്രസിഡന്റായി യു എസിലേക്കു മടങ്ങി.

2002ൽ നാട്ടിൽ കുടുംബത്തോടൊപ്പം ചേരാനുള്ള ആഗ്രഹവുമായാണ് ദാസരി കമ്മിൻസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റായി ചുമതലയേറ്റത്; പിന്നീട് അദ്ദേഹം ഈ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറുമായി. അശോക് ലേയ്‌ലൻഡിനെ നയിക്കുന്നതിനൊപ്പം ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി (സയാം)യുടെ പ്രസിഡന്റുമാണു ദാസരി. ഒപ്പം ഓട്ടമോട്ടീവ് സ്കിൽ ഡവലപ്മെന്റ് കൗൺസിൽ(എ എസ് ഡി സി) പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. അശോക് ലേയ്‌ലൻഡിന്റെ വിവിധ ഉപസ്ഥാപനങ്ങളുടെ ബോർഡിൽ അംഗമായ ദാസരി, ‘ഫെവിക്കോൾ’ നിർമാതാക്കളായ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും ഡയറക്ടറാണ്.  

Your Rating: