Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശേഷു ഭഗവതുല അശോക് ലേയ്‌ലൻഡ് സി ടി ഒ

ashok-leyland

ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിന്റെ ചീഫ് ടെക്നോളജി ഓഫിസർ (സി ടി ഒ) ആയി ശേഷു ഭഗവതുല നിയമിതനായി. അശോക് ലേയ്‌ലൻഡ് ഗ്രൂപ്പിലെ എല്ലാ കമ്പനികളുടെയും ടെക്നോളജി സംബന്ധമായ പ്രവർത്തനങ്ങൾ ഇനി മുതൽ ഭഗവതുലയുടെ ചുമതലയിലാവും.

ഇതുവരെ കമ്പനി സി ടി ഒയായിരുന്ന സാം ബർമനു പകരക്കാരനായാണു ശേഷു ഭഗവതുലയുടെ വരവ്. ഡെയ്മ്ലർ എ ജിയിലും ക്രൈസ്‌ലറിലുമൊക്കെ ജോലി ചെയ്ത പരിചയവും അദ്ദേഹത്തിനു സ്വന്തമാണ്. നിലവിലുള്ള ടീം മേധാവികൾക്കു മാർഗനിർദേശം നൽകാനും മാറ്റങ്ങൾ സൃഷ്ടിക്കാൻ പോന്ന തലത്തിലേക്ക് അവരെ വളർത്തിയെടുക്കാനുമുള്ള ചുമതല ശേഷുവിനാ‌കുമെന്ന് അശോക് ലേയ്‌ലൻഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. രാജ്യാന്തരതലത്തിൽ ഗവേഷണ, വികസന വിഭാഗത്തിൽ പ്രവർത്തിച്ചു ശേഷുവിനുള്ള വിപുലമായ പരിചയസമ്പത്ത് ആഗോളതലത്തിൽ കമ്പനി കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾക്കു ഗുണകരമാവുമെന്നും അശോക് ലേയ്‌ലൻഡ് പ്രത്യാശിച്ചു.

ഇന്ത്യൻ വാണിജ്യ വാഹന നിർമാതാക്കളിൽ മുൻനിരയിലുള്ള കമ്പനിയാണ് അശോക് ലേയ്‌ലൻഡ്. അതുപോലെ ഇന്ത്യൻ കരസേനയുടെ ലോജിസ്റ്റിക്സ് ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവുമധികം വാഹനങ്ങൾ ലഭ്യമാക്കുന്ന നിർമാതാക്കളെന്ന പെരുമയും അശോക് ലേയ്‌ലൻഡിനു തന്നെ. ഈ രംഗത്തു വൻവികസനവും കമ്പനി ലക്ഷ്യമിടുന്നുണ്ട്; ഇന്ത്യൻ സൈന്യത്തിനായി പീരങ്കി വഹിക്കാനുള്ള ഫീൽഡ് ആർട്ടിലറി ട്രാക്ടർ(എഫ് എ ടി) പ്ലാറ്റ്ഫോം, ഫോർ ബൈ ഫോർ കവചിത വാഹനം, ആംബുലൻസ് തുടങ്ങിയവ നിർമിക്കാനാണു കമ്പനി തയാറെടുക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 800 കോടി രൂപ വിലമതിക്കുന്ന വിവിധ വാഹനങ്ങൾക്കുള്ള ഓർഡർ അശോക് ലേയ്‌ലൻഡ് നേടിയെടുത്തിരുന്നു. സിക്സ് ബൈ സിക്സ് എഫ് എ ടി 455 എണ്ണവും അത്യാധുനിക ആംബുലൻസ് 825 എണ്ണവും നിർമിച്ചു നൽകാൻ അശോക് ലേയ്‌ലൻഡിന് ഓർഡർ ലഭിച്ചു. കൂടാതെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽപെടുത്തി ‘സൂപ്പർ സ്റ്റാലിയൻ’ ശ്രേണിയിലെസിക്സ് ബൈ സിക്സ്, എയ്റ്റ് ബൈ എയ്റ്റ്, ടെൻ ബൈ ടെൻ മിലിറ്ററി ട്രക്കുകളും സൈന്യം അശോക് ലേയ്‌ലൻഡിൽ നിന്നു വാങ്ങുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇതുവരെ ഫോർ ബൈ ഫോർ ‘സ്റ്റാലിയൻ’ മാത്രമാണു കമ്പനി സൈന്യത്തിനായി നിർമിച്ചിരുന്നത്.

ടെൻഡർ നടപടി പൂർത്തിയായതോടെ ‘സ്റ്റാലിയ’ന്റെ സിക്സ് ബൈ സിക്സ്, എയ്റ്റ് ബൈ എയ്റ്റ്, ടെൻ ബൈ ടെൻ വകഭേദങ്ങളും നിർമിച്ചു നൽകാനും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. പോരെങ്കിൽ ‘സ്റ്റാലിയൻ’ ട്രക്കുകൾക്കു സൈന്യത്തിൽ നിന്നു സ്ഥിരമായി ഓർഡർ ലഭിക്കുന്നതും അശോക് ലേയ്ലൻഡിനു പ്രോത്സാഹനമാവുന്നുണ്ട്. തമിഴ്നാട്ടിലെ ഹൊസൂർ ശാലയിലാവും അശോക് ലേയ്‌ലൻഡ് സൈനിക ആവശ്യത്തിനുള്ള ‘സൂപ്പർ സ്റ്റാലിയൻ’ നിർമിക്കുക. ഉൽപ്പാദനശേഷി ഉയർത്താനായി ശാലയിൽ കൂടുതൽ ജീവക്കാരെ നിയോഗിക്കാനും തീരുമാനമുണ്ട്. ആഭ്യന്തരമായി വികസിപ്പിച്ച 155 എം എം ഹവിറ്റ്സർ ധനുഷ് പീരങ്കികൾ ഈ ‘സ്റ്റാലിയൻ’ ട്രക്കുകളിൽ ഘടിപ്പിക്കാനും അശോക് ലേയ്‌ലൻഡിനു പദ്ധതിയുണ്ട്.

Your Rating: