Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ സി വി വിപണിയിലേക്ക് അശോക് ലേയ്‌ലൻഡിന്റെ ‘സൺഷൈൻ’, ‘ഗുരു’

ashok-leyland

വാണിജ്യ വാഹന വിഭാഗത്തിൽ രണ്ടു പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ചെന്നൈ ആസ്ഥാനമായ അശോക് ലേയ്‌ല‌‌ൻഡ് ഒരുങ്ങുന്നു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച സ്കൂൾ ബസ്സായ ‘സൺഷൈൻ’, ഇടത്തരം വാണിജ്യ വാഹന(ഐ സി വി)മായ ‘ഗുരു’ എന്നിവയാണു കമ്പനി വൈകാതെ വിൽപ്പനയ്ക്കെത്തിക്കുക. പുതിയ അധ്യയന വർഷത്തിനു തുടക്കമാവുന്ന സാഹചര്യത്തിൽ ഈ മാസം തന്നെ ആന്ധ്ര പ്രദേശിലാവും സ്കൂൾ വിദ്യാർഥികളുടെ യാത്രയ്ക്കുള്ള ‘സൺഷൈനി’ന്റെ അരങ്ങേറ്റം. ക്രമേണ മറ്റു വിപണികളിലും ‘സൺഷൈൻ’ ലഭ്യമാവും. മിക്കവാറും അടുത്ത മാസത്തോടെ ‘ഗുരു’ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന.

കുട്ടികൾക്കു കൂടുതൽ സുരക്ഷിതത്വവും യാത്രാസുഖവും ഉറപ്പു നൽകാൻ ലക്ഷ്യമിട്ടാണു പുത്തൻ പ്ലാറ്റ്ഫോം അടിത്തറയാക്കി അശോക് ലേയ്‌ല‌‌ൻഡ് അടുത്ത തലമുറ സ്കൂൾ ബസ് എന്ന അവകാശവാദത്തോടെ ‘സൺഷൈൻ’ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ യാത്രാപഥം പിന്തുടരാൻ അവസരമൊരുക്കുന്ന, അത്യാധുനിക ‘ഐ അലെർട്ട്’ ട്രാക്കിങ് സോഫ്റ്റ്‌വെയർ സഹിതമാണു ബസ്സിന്റെ വരവ്. 80 യുവ എൻജിനീയർമാർ ഉൾപ്പെട്ട സംഘം രൂപകൽപ്പന ചെയ്ത ‘സൺഷൈനി’നെപ്പറ്റി കമ്പനിക്ക് ഏറെ അഭിമാനമുണ്ടെന്നായിരുന്നു അശോക് ലേയ്‌ല‌‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരിയുടെ പ്രതികരണം.ഭാരവാഹന ശ്രേണിയിലെ പഴുത് അടയ്ക്കാൻ ലക്ഷ്യമിട്ടാണ് അശോക് ലേയ്ലൻഡ് ഐ സി വിയായ ‘ഗുരു’ അവതരിപ്പിക്കുന്നത്. ഐ സി വി വിഭാഗത്തിൽ കമ്പനിക്കു കാര്യമായ സാന്നിധ്യമില്ലെന്ന പരമ്പരാഗത ദൗർബല്യം ‘ഗുരു’വിലൂടെ മറികടക്കാനാവുമെന്നാണ് പ്രതീക്ഷയെന്നു ദാസരി വ്യക്തമാക്കുന്നു.

ഒപ്പം ‘സൺഷൈനി’ലൂടെ ഇടത്തരം ബസ് വിഭാഗത്തിൽ പിടിമുറുക്കാമെന്നും കമ്പനി കരുതുന്നു. പ്രതിവർഷം 20,000 യൂണിറ്റ് വിൽപ്പനയുള്ള സ്കൂൾ ബസ് വിപണി വർഷം തോറും മികച്ച വളർച്ചയും രേഖപ്പെടുത്തുന്നുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അശോക് ലേയ്‌ല‌‌ലൻഡ് ‘സൺഷൈൻ’ പുറത്തിറക്കുന്നത്.  ഐ സി വി കാർഗോ വിഭാഗത്തിൽ ‘ഇകോമെറ്റ്’ ശ്രേണിയാണ് അശോക് ലേയ്‌ല‌‌ലൻഡിനുള്ളത്; പ്രീമിയം വിഭാഗത്തിലാവട്ടെ ‘ബോസും’. അതേസമയം അടിസ്ഥാന ഐ സി വി വിപണിയിൽ സാന്നിധ്യമില്ലെന്ന പോരായ്മ പരിഹരിക്കാനാണു ‘ഗുരു’വിനെ കമ്പനി പടയ്ക്കിറക്കുന്നത്. കുറഞ്ഞ വാഹന ഭാരം, ഉയർന്ന ഭാരവാഹക ശേഷി തുടങ്ങിയവയാണു ‘ഗുരു’വിന്റെ പ്രധാന സവിശേഷതകൾ. അലൂമിനിയം അലോയ് വീൽ, അലൂമിനിയം ലോഡ് ബോഡി ഫിറ്റ്മെന്റ് എന്നിവയ്ക്കൊപ്പം ഉയർന്ന ഇന്ധനക്ഷമതയുള്ള എച്ച് സീരീസ് സി ആർ എസ് എൻജിനും ‘ഗുരു’വിലുണ്ട്. മികച്ച വാറന്റി, ആകർഷക വാർഷിക പരിപാലന കരാർ തുടങ്ങിയവയിലൂടെ ‘ഗുരു’വിനു കുറഞ്ഞ പ്രവർത്തന ചെലവും അശോക് ലേയ്‌ലൻഡ് വാഗ്ദാനം ചെയ്യുന്നു.