Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെനഗലിന് 475 ബസ് വിൽക്കാൻ അശോക് ലേയ്‌ലാന്‍ഡ്

ashok-leyland-bus

ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള രാജ്യമായ സെനഗലിന് 475 ബസ്സുകൾ വിൽക്കാനുള്ള കരാർ അശോക് ലേയ്‌ലാൻഡിന്. മൊത്തം 8.2 കോടി ഡോളർ(ഏകദേശം 521 കോടി രൂപ) മൂല്യമുള്ള കരാറാണു രാജ്യത്തെ വാണിജ്യ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള അശോക് ലേയ്‌ലാൻഡ് നേടിയതെന്നു കേന്ദ്ര ഘന വ്യവസായ സഹമന്ത്രി ജി എം സിദ്ധേശ്വര ലോക്സഭയെ അറിയിച്ചു. ബസ്സുകൾക്കു പുറമെ സ്പെയർ പാർട്സും ലഭ്യമാക്കുന്ന അശോക് ലേയ്‌ലാൻഡ് സെനഗലിൽ വർക് ഷോപ് സ്ഥാപിക്കാനും ഫ്ളീറ്റ് മാനേജ്മെന്റിൽ പരിശീലനം നൽകാനും വെഹിക്കിൾ ട്രാക്കിങ് ആൻഡ് മോണിറ്ററിങ് സിസ്റ്റം നടപ്പാക്കാനുമൊക്കെ സഹകരിക്കും. ബസ്സുകളുടെ വിലയ്ക്കൊപ്പം ഈ പദ്ധതികളിലെ പങ്കാളിത്തം കൂടി മുൻനിർത്തിയാണു സെനഗൽ കമ്പനിക്ക് 820 ലക്ഷം ഡോളർ നൽകുക.

ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വാഹന കയറ്റുമതിക്ക് സർക്കാർ അർഹമായ പിന്തുണ നൽകുന്നുണ്ടെന്നും സിദ്ധേശ്വര വ്യക്തമാക്കി. വാഹന കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിലും ആഫ്രിക്കയിലും സർക്കാരിന്റെ നേതൃത്വത്തിൽ മേളകളും പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ 2005നു മുമ്പ് റജിസ്റ്റർ ചെയ്ത ട്രക്കുകൾക്കു ഡൽഹിയിൽ നിരോധനം ഏർപ്പെടുത്താനുള്ള സുപ്രീം കോടതി തീരുമാനവും അശോക് ലേയ്‌ലാൻഡ് പോലുള്ള വാണിജ്യ വാഹന നിർമാതാക്കൾക്കു ഗുണകരമാവുമെന്നാണു വിലയിരുത്തൽ.

ഡൽഹിയിൽ റജിസ്റ്റർ ചെയ്ത ട്രക്കുകളിൽ 10 വർഷത്തിലേറെ പഴക്കമുള്ളവയുടെ എണ്ണം 40,000 മുതൽ 50,000 വരെയാകുമെന്നാണു കണക്ക്. ഇതിൽ 25 ശതമാനത്തിനു പകരം പുതിയവ നിരത്തിലെത്തിയാൽ തന്നെ വിൽപ്പന 10,000 — 11,500 യൂണിറ്റ് വരും. ഇതോടെ അടുത്ത ആറു മാസക്കാലത്തെ ഇടത്തരം, ഭാര വാണിജ്യ വാഹന(എം എച്ച് സി വി) വിൽപ്പനയിൽ അഞ്ചു ശതമാനം വരെ വളർച്ച രേഖപ്പെടുത്തുമെന്നാണു കണക്ക്.