Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിവേഗ കാറിനായി ആസ്റ്റൻ മാർട്ടിൻ — റെഡ് ബുൾ സഖ്യം

ft-red-bull-aston-martin

വേഗത്തിന്റെ കാര്യത്തിൽ മുൻനിരയിൽ ഇടം നേടുന്ന ‘ഹൈപ്പർ കാർ’ യാഥാർഥ്യമാക്കാൻ ബ്രിട്ടീഷ് ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിനും ഓസ്ട്രിയൽ ഫോർമുല വൺ റേസിങ് ടീമായ റെഡ് ബുള്ളും കൈകോർക്കുന്നു. 1960 സീസണു ശേഷം ഇതാദ്യമായി റെഡ്ബുള്ളിനൊപ്പം 2016 ഫോർമുല വൺ മത്സരരംഗത്തു തിരിച്ചെത്തുന്നുമുണ്ട് ആസ്റ്റൻ മാർട്ടിൻ. റെഡ് ബുള്ളിനായി ട്രാക്കിലിറങ്ങുന്ന ‘ആർ ബി 12’ കാറുകളിൽ ആസ്റ്റൻ മാർട്ടിന്റെ മുദ്ര ഇടംപിടിക്കുമെന്ന് പുതിയ സീസണു തുടക്കം കുറിക്കുന്ന ഓസ്ട്രേലിയൻ ഗ്രാൻപ്രിക്കു മുന്നോടിയായി ഇരുകമ്പനികളും പ്രഖ്യാപിച്ചിരുന്നു.

‘പ്രോജക്ട് എ എം — ആർ ബി 001’ എന്ന കോഡ്നാമത്തിലാണ് ആസ്റ്റൻ മാർട്ടിനും റെഡ്ബുള്ളും ചേർന്നു പുതിയ അതിവേഗ റോഡ് കാർ വികസിപ്പിക്കുന്നത്. ഫോർമുല വണ്ണിലെ വിഖ്യാത ഡിസൈനറായ റെഡ്ബുള്ളിന്റെ ആഡ്രിയൻ ന്യൂവിയും ആസ്റ്റൻ മാർട്ടിന്റെ രൂപകൽപ്പനാ വിഭാഗം മേധാവി മറെക് റീച്മാനും ചേർന്നാവും ഈ പദ്ധതി യാഥാർഥ്യമാക്കുക.

ആഗോളതലത്തിൽ ബ്രാൻഡിനെക്കുറിച്ചു അവബോധം വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണു ഫോർമുല വണ്ണെന്ന് ആസ്റ്റൻ മാർട്ടിൻ ചീഫ് എക്സിക്യൂട്ടീവ് ആൻഡി പാമർ അഭിപ്രായപ്പെട്ടു. അതേസമയം റെഡ്ബുള്ളുമായുള്ള സഖ്യത്തിൽ നിന്ന് ആഡ്രിയൻ ന്യൂവിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ഹൈപ്പർ കാറിനപ്പുറമുള്ള കാര്യങ്ങൾ പ്രതീക്ഷിക്കാമെന്നും പാമർ സൂചിപ്പിക്കുന്നു. ലോകമെങ്ങുമുള്ള കാർ ഡിസൈനർമാരുടെ ഭാവനയെ പ്രചോദിപ്പിക്കുകയും സ്പോർട്സ് കാർ പ്രേമികളെ വശീകരിക്കുകയും ചെയ്യാൻ പോന്ന മോഡലാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണു പാമറുടെ പക്ഷം.

നിരത്തലുള്ള കാറുകളിലെ അവസാന വാക്കാവാൻ പോകുന്ന കാറിനായി ന്യൂവിയുടെ നേതൃത്വത്തിലുള്ള റെഡ്ബുൾ അഡ്വാൻസ്ഡ് ടെക്നോളജീസ് സംഘം ഫോർമുല വൺ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുമെന്ന് റെഡ്ബുൾ ടീം പ്രിൻസിപ്പൽ ക്രിസ്റ്റ്യൻ ഹോണർ വെളിപ്പെടുത്തി.

ബ്രിട്ടീഷ് സീക്രട്ട് ഏജന്റായ ജയിംസ് ബോണ്ട് ഉപയോഗിക്കുന്ന കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ പ്രശസ്തരായ ആസ്റ്റൻ മാർട്ടിനും റെഡ് ബുള്ളുമായി സഹകരിക്കുമെന്നു കഴിഞ്ഞ സീസൺ മുതൽ തന്നെ അഭ്യൂഹമുണ്ടായിരുന്നു. എൻജിനുകൾക്കായി ഫ്രാൻസിൽ നിന്നുള്ള റെനോയ്ക്കു പകരം ജർമൻ കമ്പനിയായ മെഴ്സീഡിസിനെ ആശ്രയിക്കാൻ റെഡ്ബുൾ തീരുമാനിച്ചതാണ് ഇത്തരം പ്രചാരണങ്ങൾക്കു തുടക്കമിട്ടത്. പോരെങ്കിൽ ആസ്റ്റൻ മാർട്ടിനിൽ മെഴ്സീഡിസിന് അഞ്ചു ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്.