Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ആദ്യ സ്മാർട് ഇ-സ്കൂട്ടർ‍

ather-s340 Ather S340

ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട് അപ് കമ്പനിയായ ആതർ എനർജി വൈദ്യുത സ്കൂട്ടറായ ‘എസ് 340’ അവതരിപ്പിച്ചു. വർഷാവസാനത്തോടെ, ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമാവും ‘എസ് 340’ വിൽപ്പ നയ്ക്കെത്തുക. ഓൺലൈൻ വഴി വിൽപ്പനയും വീടുകളിലെത്തി വിൽപ്പനാനന്തര സേവനവും നടത്തുന്ന ആദ്യ മോഡലായി ‘എസ് 340’ മാറുമെന്നാണ് ആതർ എനർജിയുടെ അവകാശവാദം. വില സംബന്ധിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഒരു ലക്ഷം രൂപയിൽ താഴെയാവുമെന്നാണു സൂചന. കൂടാതെ മോട്ടോർ ബൈക്കുകളും ബാറ്ററിയിൽ ഓടുന്ന കാറുമൊക്കെ വികസിപ്പിക്കാനുള്ള സാധ്യതയും ആതർ എനർജി പരിശോധിക്കുന്നുണ്ട്.

ather-s340-2 Ather S340

പൂർണമായും ഇന്ത്യയിൽ നിർമിച്ച സ്കൂട്ടർ എന്ന പെരുമയോടെയാവും ‘എസ് 340’ എത്തുകയെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സഹ സ്ഥാപകനുമായ തരുൺ മേഹ്ത അഭിപ്രായപ്പെട്ടു. സർക്കാർ, സ്വകാര്യ സംരംഭങ്ങളുടെ സഹകരണത്തോടെ സ്കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യാനുള്ള വിപുല സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും ആതർ എനർജി ലക്ഷ്യമിടുന്നുണ്ട്. ഫ്ളിപ്കാർട്ട് സ്ഥാപനകരുടെ പിന്തുണയോടെ, ഐ ഐ ടിയിൽ പഠിച്ചിറങ്ങിയവർ സ്ഥാപിച്ച ആതർ എൻജി ബെംഗളൂരുവിലാണു സ്കൂട്ടർ ഉൽപ്പാദിപ്പിക്കുക. ഫണ്ട് സമാഹരണഘട്ടത്തിൽ ടൈഗർ ഗ്ലോബൽ പോലുള്ള കമ്പനികളിൽ നിന്നു ലഭിച്ച 81 കോടിയോളം രൂപയിൽ 25 കോടി രൂപയാണ് ‘എസ് 340’ ഉൽപ്പാദനത്തിനായി നീക്കിവയ്ക്കുകയെന്നു മേഹ്ത വെളിപ്പെടുത്തി.

ather-s340-1 Ather S340

വിലയും നിരന്തര അറ്റകുറ്റപ്പണിയുമൊക്കെ ഇടപാടുകാരെ നിരുത്സാഹപ്പെടുത്തുമ്പോഴും വൈദ്യുത വാഹനങ്ങൾക്ക് ഇന്ത്യയിൽ വിപുല സാധ്യതയുണ്ടെന്നാണ് മേഹ്തയുടെ വിലയിരുത്തൽ. ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാൻ എട്ടു മണിക്കൂർ സമയമെടുക്കുന്നതും ചില സുപ്രധാന യന്ത്രഭാഗങ്ങൾ ഓരോ ആറു മാസത്തിനിടയിലും മാറ്റേണ്ടി വരുന്നതും വേഗം കുറവാണെന്നതും സംഭരണ സ്ഥലം ഇല്ലാത്തതുമൊക്കയാണ് വൈദ്യുത വാഹനങ്ങളുടെ പോരായ്മകളായി അവതരിപ്പിക്കപ്പെടുന്നത്. വൈദ്യുത വാഹനങ്ങൾക്കായി മിക്ക കമ്പനികളും ചൈനയെ ആശ്രയിക്കുന്നതാണ് ഈ മേഖലയിലെ പ്രധാന പോരായ്മയെന്നു മേഹ്ത കരുതുന്നു. ചൈനയിൽ നിന്നു കുറഞ്ഞ വിലയ്ക്കു വാഹനം വാങ്ങി 10% ലാഭം ഈടാക്കി വിൽക്കുകയാണു പലരും ചെയ്യുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ രീതി തുടരാനാവില്ലെന്നാണു മേഹ്തയുടെ നിഗമനം.

വൈദ്യുത വാഹന നിർമാതാക്കൾക്കു ബാറ്ററി പായ്ക്കുകൾ നിർമിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെ ഐ ഐ ടിയിലെ സഹപാഠിയായിരുന്ന സ്വപ്നിൽ ജെയിനുമായി ചേർന്നാണ് മേഹ്ത ആതർ എനർജി സ്ഥാപിച്ചത്; ഇപ്പോൾ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസറാണു ജെയിൻ. പുത്തൻ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിൽ ഉപയോക്താക്കളുടെ സൗകര്യം ബലികഴിക്കാനാവില്ലെന്നായിരുന്നു കമ്പനി സ്ഥാപകരുടെ പക്ഷം. അങ്ങനെയാണ് വെറും 90 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാവുന്ന ബാറ്ററിയും അലൂമിനിയം ബോഡിയും ഒറ്റത്തവണ ചാർജ് ചെയ്താൽ 60 കിലോമീറ്റർ ഓടാനുള്ള ശേഷിയുമൊക്കെയായി ഇരുവരും ചേർന്ന് ‘എസ് 340’ വികസിപ്പിച്ചത്.