Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആതിര മുരളി, ഓഫ്റോഡ് ഡ്രൈവിങ്ങിലെ പെൺകരുത്തിന്റെ പ്രതീകം!

athira-murali-receiving-tro മഹീന്ദ്ര ഓഫ്റോഡ് ചാംപ്യൻഷിപ്പ് (നാഷണൽ, വനിതാ വിഭാഗം) ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി ആതിര മുരളി ഏറ്റുവാങ്ങുന്നു.

ഏറ്റവും മോഡേൺ എന്നഹങ്കരിക്കുന്ന പെൺകുട്ടികളുടെ ഹൃദയമിടിപ്പും ഒരു ബുള്ളറ്റോടിക്കുമ്പോൾ അവതാളത്തിലാകും. എന്നാൽ ബുള്ളറ്റെന്നല്ല ജെസിബിയും ടിപ്പറും ഓടിയ്ക്കുമ്പോഴും ആതിര മുരളി എന്ന മലയാളിയായ മെക്കനിക്കൽ എൻജിനിയറിങ് വിദ്യാർഥിനിയുടെ കൈ വിറയ്ക്കില്ല, ഹൃദയമിടിപ്പ് ഉയരില്ല. കാരണം അതാണ് ആതിര മുരളി, ഓഫ്റോഡ് ഡ്രൈവിങ്ങിലെ പെൺകരുത്തിന്റെ പ്രതീകം!

Athira-Murali-off-road-2 ഓഫ്റോഡ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആതിര മുരളി.

കഴിഞ്ഞയാഴ്ച മുംബൈയിലെ നാസിക്കിൽ നടന്ന മഹീന്ദ്ര ഓഫ്റോഡ് നാഷണൽ മോട്ടോർ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം ചാംപ്യൻപട്ടം സ്വന്തമാക്കിയതോടെ ദേശീയതലത്തിലും ആതിര മുരളി എന്ന കോട്ടയം സ്വദേശിനി ശ്രദ്ധ നേ‌ടുകയാണ്.

സംസ്ഥാന തലത്തിൽ നടത്തുന്ന ട്രയൽ ഡ്രൈവിൽ വിജയികളാകുന്ന നാലു പേർക്കാണ് മഹീന്ദ്ര നാഷണൽ ഓഫ്റോഡ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിയ്ക്കുക. ഓരോ സംസ്ഥാനത്തു നിന്നും മൂന്നു പുരുഷൻമാർക്കും ഒരു വനിതയ്ക്കും മാത്രമാണ് അവസരം ലഭിക്കുക. കോട്ടയത്തിനടുത്ത് വാഗമണ്ണിലായിരുന്നു കേരളത്തിലെ ട്രയൽ ഡ്രൈവ്.

Athira-Murali-off-road-1 ഓഫ്റോഡ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആതിര മുരളി.

കെഎസ്ആർടിസി ഡ്രൈവറായ അച്ഛനിൽ നിന്നു കിട്ടിയതാണ് ആതിരയ്ക്കു ഡ്രൈവിങ്ങ് കമ്പം. ഈ കമ്പം മൂത്ത് 12 ാം വയസിൽ ബൈക്കോടിക്കാൻ പഠിച്ചു ആതിര. അതൊരു തുടക്കം മാത്രം. തുടർന്ന് ജീപ്പും കാറും പിന്നിട്ട് ലോറിയിലും ജെസിബിയിലും വരെ ആ കമ്പമെത്തി. ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ ഭാരവാഹനങ്ങളുടെ വളയങ്ങൾ വരെ അനുസരണയുള്ള കുഞ്ഞാടുകളായപ്പോൾ ആദ്യം പിന്തിരിയ്ക്കാൻ ശ്രമിച്ചവർ പോലും അനുമോദിക്കാൻ അണിനിരന്നു. പിന്നീട് എത്രയെത്ര വാഹനങ്ങൾ. ഇന്ന് ആതിരയുടെ കൈക്കരുത്തിൽ മെരുങ്ങാത്ത വാഹനങ്ങൾ കുറവാണ്.

Athira-Murali-off-road-3 ഓഫ്റോഡ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആതിര മുരളി.

22 വയസിനുള്ളിൽ പല അവാർഡുകളും ആതിരയെത്തേടിയെത്തി. ഏറ്റവുമധികം വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന പേരിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആതിരയുടെ പേര് സ്ഥാനംപിടിച്ചു. യൂണിവേഴ്സൽ റെക്കോർഡ് ഫോറം നൽകുന്ന മറ്റൊരു അവാർഡിനും ആതിര അർഹയായി.

സ്ത്രീകൾ പങ്കെടുക്കാൻ അധികം ആഗ്രഹിക്കാത്ത അല്ലെങ്കിൽ പങ്കെടുക്കാൻ ഭയക്കുന്ന ഓഫ്റോഡ് ഡ്രൈവിങ്ങിൽ വെന്നിക്കൊടി പാറിക്കുന്ന ആതിരയുടെ സ്വപ്നം ഒരു രാജ്യാന്തര ചാംപ്യൻഷിപ്പിൽ പങ്കെടുക്കുക എന്നതാണ്. രാജ്യാന്തര താരങ്ങളോടു മൽസരിച്ചു സമ്മാനം നേടാനാകുമെന്ന് ആതിരയ്ക്കു വിശ്വാസമുണ്ട്. അതിനായി സ്പോൺസറെ നേടാനുള്ള തീവ്രശ്രമത്തിലാണ് ആതിര ഇപ്പോൾ.

Athira-Murali-off-road ആതിര മുരളി ഓഫ് റോഡ് മൽസരത്തിനുപയോഗിക്കുന്ന വാഹനത്തിനു മുന്നിൽ.

മനക്കരുത്തും തന്റേടവും അതിനൊപ്പം പോന്ന ഇച്ഛാശക്തിയും തന്നെയാണ് ആതിരയുടെ ശക്തി. ഓഫ് റോ‍ഡ് ഡ്രൈവിങ്ങിൽ ശ്രദ്ധ നേടുമ്പോഴും റൈഡ് സേഫ്, റൈഡ് സ്മാർട്ട് എന്ന പോളിസി കാത്തുസൂക്ഷിക്കുന്നു ആതിര. ഡ്രൈവിങ്ങിൽ ഗുരുസ്ഥാനീയനായ അച്ഛനൊപ്പം അമ്മ ഉഷാ മുരളിയും, സി എസ് ഐ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എൽഎൽബി ബിരുദവിദ്യാർഥിനിയായ ഇളയ സഹോദരി ആര്യയും ആതിരയ്ക്കു സർവപിന്തുണയുമായി പിന്നിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.