Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ഔഡി

audi-q5 Audi Q5

ഇന്ത്യൻ ആഡംബര കാർ വിപണിയിലെ നായകസ്ഥാനം വീണ്ടെടുക്കാൻ ഫോക്സ്‌വാഗന്‍ ഗ്രൂപ്പിൽ പെട്ട ജർമൻ നിർമാതാക്കളായ ഔഡി തയാറെടുക്കുന്നു. കനത്ത പോരാട്ടത്തിനൊടുവിൽ ജർമനിയിൽ നിന്നു തന്നെയുള്ള മെഴ്സീഡിസ് ബെൻസാണ് ഇന്ത്യയിലെ കാർ വിൽപ്പനയിൽ ഔഡിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. പൂർണമായും പുതിയ രണ്ടെണ്ണമടക്കം ഇക്കൊല്ലം 10 പുതു മോഡലുകൾ അവതരിപ്പിക്കുമെന്നാണ് ഔഡിയുടെ വാഗ്ദാനം. സെഡാനായ ‘എ ഫോറി’ന്റെ ഡീസൽ പതിപ്പ് അടുത്തയിടെ ഔഡി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു; അടുത്തതായി പുത്തൻ ‘എ ത്രീ’ പുറത്തിറക്കാനാണു കമ്പനി ഒരുങ്ങുന്നത്.

ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഏകീകരണം കൈവരിക്കാനാണു കമ്പനി ഇതുവരെ ശ്രമിച്ചതെന്ന് ഔഡി ഇന്ത്യ മേധാവി രാഹിൽ അൻസാരി വിശദീകരിച്ചു. ഈ ലക്ഷ്യം സ്വന്തമായ സാഹചര്യത്തിൽ ആഡംബര കാർ വിപണിയിലെ സുസ്ഥിര ഒന്നാം സ്ഥാനമാണ് ഔഡി ഇന്ത്യ ഉന്നമിടുന്നത്. അതേസമയം മെഴ്സീഡിഡിസ് ബെൻസിനെ മറികടക്കാൻ നിശ്ചയിച്ച സമയപരിധി വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ഒന്നാം സ്ഥാനം തീർച്ചയായും ഔഡി വീണ്ടെടുക്കും; ഇരുട്ടി വെളുക്കുമ്പോൾ ആ നേട്ടം കൈവരില്ലായിരിക്കും. എന്നാൽ ഇതിനായി 2030 വരെ കാത്തിരിക്കാനാവില്ലെന്നും അൻസാരി അഭിപ്രായപ്പെട്ടു. ഡീലർമാർക്കടക്കം നേട്ടമാവുന്ന സുസ്ഥിരമായ ഒന്നാം സ്ഥാനമാണ് ഔഡി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യൻ ആഡംബര കാർ വിപണിയിലെ ഒന്നാം സ്ഥാനം 2015ലാണ് ഔഡിയിൽ നിന്ന് മെഴ്സീഡിസ് ബെൻസ് പിടിച്ചെടുത്തത്. 2013ൽ ജർമനിയിൽ നിന്നു തന്നെയുള്ള ബി എം ഡബ്ല്യുവിനെ പിന്തള്ളിയാണ് ഔഡി ആദ്യ സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിൽപ്പനകണക്കുകൾ ഔഡി പുറത്തുവിട്ടിട്ടില്ല. അതേസമയം 13,231 യൂണിറ്റാണ് 2016ൽ മെഴ്സീഡിസ് ബെൻസ് കൈവരിച്ച വിൽപ്പന; 2015ൽ വിറ്റ 13,502 എണ്ണത്തെ അപേക്ഷിച്ചു നേരിയ ഇടിവുണ്ട്. ബി എം ഡബ്ല്യുവിന്റെ കഴിഞ്ഞ വർഷത്തെ വിൽപ്പനയാവട്ടെ 2015നെ അപേക്ഷിച്ച് 14% വർധനയോടെ 7,861 യൂണിറ്റാണ്.

Your Rating: