Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2020ൽ 3 വൈദ്യുത കാർ മോഡൽ അവതരിപ്പിക്കാൻ ഔഡി

audi-logo

നാലു വർഷത്തിനകം മൂന്നു വൈദ്യുത കാർ മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡി എ ജി ഒരുങ്ങുന്നു. 2025ൽ കമ്പനി നേടുന്ന മൊത്തം വിൽപ്പനയിൽ 25 — 30% വൈദ്യുത വാഹന മോഡലുകളുടെ സംഭാവനയാകുമെന്നും ഔഡി ചീഫ് എക്സിക്യൂട്ടീവ് റുപർട്ട് സ്റ്റാഡ്ലർ അഭിപ്രായപ്പെട്ടു. യു എസിലെ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാൻ സോഫ്റ്റ്വെയർ സഹായം തേടി മാതൃസ്ഥാപനമായ ഫോക്സ്വാഗൻ ‘പുകമറ വിവാദ’ത്തിൽ കുടുങ്ങിയതിന്റെ തുടർച്ചയായി വിപണനതന്ത്രങ്ങളിൽ നടപ്പാവുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ഔഡി വൈദ്യുത കാറുകളിലെക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഔഡി മാനേജർമാർക്കു മുന്നിൽ സ്റ്റാഡ്ലർ അനാവരണം ചെയ്ത പദ്ധതി പ്രകാരം വൈദ്യുത കാറുകളിലും ഡിജിറ്റൽ സേവനങ്ങളിലും സ്വയം ഓടുന്ന കാറുകളിലുമാവും ഗ്രൂപ് മേലിൽ കൂടുതൽ നിക്ഷേപം നടത്തുക. സ്വയം ഓടുന്ന കാറിന്റെ വികസനത്തിനായി എസ് ഡി എസ് കമ്പനിയെന്ന പേരിൽ പുതിയ ഉപസ്ഥാപനം ആരംഭിക്കാനും ഔഡി ആലോചിക്കുന്നുണ്ട്. സ്റ്റീയറിങ് വീലും പെഡലുകളുമൊക്കെ ഒഴിവാക്കി പൂർണമായും യന്ത്രമനുഷ്യൻ നിയന്ത്രിക്കുന്ന തരത്തിലുള്ള കാറാണ് ഔഡിയുടെ സങ്കൽപ്പത്തിലുള്ളതെന്നും സ്റ്റാഡ്ലർ വെളിപ്പെടുത്തിയിരുന്നു. നഗരത്തിരക്കിൽ ഇത്തരമൊരു മാതൃകയാണു കൂടുതൽ അനുയോജ്യമെന്നും ഔഡി വിലയിരുത്തുന്നു. മാത്രമല്ല, ഈകാറിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ യോഗ്യരായ പങ്കാളികളെയും ഔഡി തേടുന്നുണ്ട്.

വൈദ്യുത വാഹനങ്ങളിലേക്കും സ്വയം ഓടുന്ന കാറുകളിലേക്കും ഡിജിറ്റൽ സേവനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം മറ്റു മേഖലകളിലെ സങ്കീർണതകൾ ഒഴിവാക്കാനും ഔഡി ശ്രമിക്കുമെന്നു സ്റ്റാഡ്ലർ വ്യക്തമാക്കി. ഉദാഹരണത്തിന് ‘എ ത്രി’യുടെ ഇരട്ട ഡോർ വകഭേദം ഒഴിവാക്കിയാൽ എന്തു സംഭവിക്കുമെന്ന മട്ടിലുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്; ഈ നടപടിയുടെ ഫലമായി ഇടപാടുകാരുടെ എണ്ണം കുറയില്ലെന്ന് സ്റ്റാഡ്ലർ കരുതുന്നു. ഇത്തരത്തിൽ ലാഭിക്കുന്ന പണം മറ്റു മോഡലുകളുടെയോ വകഭേദങ്ങളുടെയോ വികസനം പോലെ പ്രയോജനപ്രദമായ മേഖലകളിൽ ചെലവഴിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു.  

Your Rating: