Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസിയെ പിന്നിലാക്കി വിരാട് കോഹ്‌ലി

kohli-audi Photo Courtesy: Facebook

രാജ്യാന്തര സ്വീകാര്യതയിൽ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ബ്രാൻഡ് അംബാസഡാറയ വിരാട് കോഹ്‌ലി, ടാറ്റ മോട്ടോഴ്സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ ലയണൽ മെസിക്കു മുന്നിൽ. ‘സ്പോർട്സ് പ്രോ’ മാസിക പ്രസിദ്ധീകരിച്ച, രാജ്യാന്തര തലത്തിൽ വിപണന സാധ്യതയേറിയ കായിക താരങ്ങളുടെ പട്ടികപ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ൽ പുതുചരിത്രം രചിച്ചു മുന്നേറുന്ന ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ നായകൻ മൂന്നാം സ്ഥാനത്താണ്. അർജന്റീനയുടെ ദേശീയ ഫുട്ബോൾ ടീമിന്റെയും സ്പാനിഷ് ക്ലബ്വായ ബാഴ്ലോനയുടെയും മുന്നേറ്റനിരയിലെ കരുത്തനായ മെസ്സിക്കു മാത്രമല്ല ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ഡോകോവിച്ചിനും മുകളിലാണ് ഈ പട്ടികയിൽ കോഹ്‌ലിയുടെ സ്ഥാനം.

kohli-audi-1 Photo Courtesy: Facebook

എൻ ബി എയിലെ ഏറ്റവും മൂല്യമേറിയ താരമായ സ്റ്റീഫൻ കറിയാണു പട്ടികയിൽ ഒന്നാം സ്ഥാനത്ത്; ഫ്രഞ്ച് ഫുട്ബോൾ താരം യുവന്റസ് ടീമംഗവുമായ പോൾ പോഗ്ബയ്ക്കാണു രണ്ടാം സ്ഥാനം. തൊട്ടു പിന്നിൽ കോഹ്‌ലിയും. ഗോൾഫ് താരം ജോർഡൻ സ്പൈത്തടക്കമുള്ള താരങ്ങൾ കോഹ്‌ലിക്കു പിന്നിലുണ്ട്. ഡോകോവിച് 23—ാമതും മെസ്സി 27—ാമതും വേഗത്തിന്റെ രാജാവായ ജമൈക്കൻ താരം ഉസൈൻ ബോൾട്ട് 31—ാമതുമാണ്. ഇന്ത്യൻ കായിക താരങ്ങളിൽ ടെന്നീസ് താരം സാനിയ മിഴ്സയ്ക്കു മാത്രമാണ് ആദ്യ 50 റാങ്കിൽ ഇടമുള്ളത്.

kohli-audi-2 Photo Courtesy: Facebook

കായിക മേഖലയിലെ ബിസിനസ് സാധ്യതകളെക്കുറിച്ച് വിശദ ഗവേഷണം നടത്തുന്ന മാസികയാണു ‘സ്പോർസ് പ്രോ’; പണത്തിനൊത്ത മൂല്യം, പ്രായം, ആഭ്യന്തര വിപണി, വിപണനത്തിനുള്ള സന്നദ്ധത തുടങ്ങിയ ഘടങ്ങൾ ഉൾപ്പെടുത്തി അടുത്ത മൂന്നു വർഷക്കാലത്തിനിടെ രാജ്യാന്തര തലത്തിലെ മൊത്തത്തിലുള്ള വിപണന സാധ്യത വിലയിരുത്തിയാണു മാസിക കായിക താരങ്ങളുടെ റാങ്കിങ് പ്രസിദ്ധീകരിച്ചത്.  ഫോർമുല വൺ ലോക ചാംപ്യൻ ലൂയിസ് ഹാമിൽറ്റണായിരുന്നു 2014ലെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഇക്കൊല്ലം എട്ടാം സ്ഥാനത്തായിപ്പോയ ബ്രസീൽ സോക്കർ താരം നെയ്മർക്കായിരുന്നു 2012ലെയും 2013ലെയും ആദ്യ റാങ്ക്. 2011ൽ ഉസൈൻ ബോൾട്ടായിരുന്നു ഒന്നാമൻ. 2010 മുതലാണു ‘സ്പോർട്സ് പ്രോ’ ഈ റാങ്കിങ് പ്രസിദ്ധീകരിക്കുന്നത്; ആദ്യ വർഷം എൻ ബി എ താരം ലെബ്രോൺ ജയിംസായിരുന്നു ഒന്നാമത്.