Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പള പരിഷ്കാരം: വാഹന വിൽപ്പനയ്ക്കു നേട്ടമായേക്കില്ല

cars

ഏഴാം ശമ്പള കമ്മിഷൻ നിർദേശങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ ജീവനക്കാർക്കു ലഭിച്ച ആനുകൂല്യങ്ങൾ കാർ, ബൈക്ക് നിർമാതാക്കൾക്കു കാര്യമായ നേട്ടം സമ്മാനിക്കില്ലെന്നു സൂചന. ജീവനക്കാരും പെൻഷൻകാരുമായി ഒരു കോടിയോളം ആളുകൾക്കാണ് ഈ തീരുമാനത്തിന്റെ സാമ്പത്തിക നേട്ടം ലഭിക്കുക. പക്ഷേ ആറാം ശമ്പള കമ്മിഷൻ കാലത്തു നിന്നു വ്യത്യസ്തമായി ഇക്കുറി വർധനയുടെ ആനുകൂല്യം വാഹന നിർമാതാക്കൾക്കു ലഭിക്കാനിടയില്ലെന്നാണു വിലയിരുത്തൽ. ശമ്പള പരിഷ്കരണം നടപ്പാവുന്നതോടെ കേന്ദ്ര സർക്കാർ സർവീസിലുള്ള 47 ലക്ഷം ജീവനക്കാർക്കും സേവനത്തിൽ നിന്നു വിരമിച്ച 53 ലക്ഷം പെൻഷൻകാർക്കുമായി മൊത്തം 1.02 ലക്ഷം കോടിയോളം രൂപയാണു ലഭിക്കുക.

കഴിഞ്ഞ തവണത്തെ ശമ്പള വർധനയ്ക്ക് രണ്ടര വർഷത്തെ മുൻകാല പ്രാബല്യമാണു ലഭിച്ചത്. ഒറ്റയടിക്ക് ലഭിച്ച ഈ ശമ്പള കുടിശിക കേന്ദ്ര ജീവനക്കാരും പെൻഷൻകാരും വാഹനം വാങ്ങാനാണു വിനിയോഗിച്ചത്. അതുകൊണ്ടുതന്നെ 2010 — 11, 2011 — 12 സാമ്പത്തിക വർഷങ്ങളിലെ വാഹന വിൽപ്പനയിൽ യഥാക്രമം 25, 30% വീതം വർധനയും രേഖപ്പെടുത്തി.

ഇത്തവണയാവട്ടെ 2016 ജനുവരി ഒന്നു മുതലാണ് ശമ്പള പരിഷ്കാര നിർദേശങ്ങൾക്ക് പ്രാബല്യം; അതിനാൽ വെറും ആറു മാസത്തെ കുടിശികയാണു ജീവനക്കാരെയും പെൻഷൻകാരെയും കാത്തിരിക്കുന്നത്. അതിനാൽ നടപ്പു സാമ്പത്തിക വർഷത്തെ വാഹന വിൽപ്പനയിൽ കാര്യമായ വർധന സംഭവിക്കില്ലെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ശമ്പള പരിഷ്കരണത്തിന്റെ നേട്ടം പ്രതിഫലിച്ചാൽ തന്നെ 2017 — 18 സാമ്പത്തിക വർഷത്തെ വിൽപ്പനയിലാവുമെന്നും അവർ കരുതുന്നു.

ശമ്പള പരിഷ്കരണത്തിന്റെ ഫലമായി വിൽപ്പനയിൽ 25% വർധനയുണ്ടാവുമെന്നാണു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ പ്രതീക്ഷ. എന്നാൽ ഈ ശുഭാപ്തി വിശ്വാസം വാഹന വ്യവസായം പങ്കുവയ്ക്കുന്നില്ല. ശമ്പള വർധന വഴി കൈവരുന്ന അധിക വരുമാനം എന്തു ചെലവുകൾക്കായി ജീവനക്കാർ മാറ്റിവയ്ക്കുമെന്നതാണു നിർണായകമെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി വിശദീകരിക്കുന്നു. മാരുതിയുടെ മൊത്തം വിൽപ്പനയിൽ 17 ശതമാനത്തോളമാണു സർക്കാർ ജീവനക്കാരിൽ നിന്നു ലഭിക്കുന്നത്.

ശമ്പള വർധന നടപ്പായതോടെ സർക്കാർ ജീവനക്കാർക്കുള്ള വിൽപ്പന ഇപ്പോഴത്തേതിന്റെ ഇരട്ടിയായി 15 ശതമാനത്തിലെത്തുമെന്നാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവയുടെ കണക്കുകൂട്ടൽ. അതേസമയം, വാഹന വിൽപ്പനയിൽ കഴിഞ്ഞ തവണത്തെ ശമ്പള പരിഷ്കാരവേളയിൽ ലഭിച്ച നേട്ടം ഇക്കുറി ഉണ്ടാവില്ലെന്നും അദ്ദേഹം അംഗീകരിക്കുന്നു. 

Your Rating: