സച്ചിദാനന്ദ് ശുക്ല മഹീന്ദ്രയുടെ ചീഫ് ഇക്കണോമിസ്റ്റ്

രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ചീഫ് ഇക്കണോമിസ്റ്റായി സച്ചിദാനന്ദ് ശുക്ല എത്തുന്നു. നിലവിൽ ആക്സിസ് ക്യാപിറ്റലിൽ സീനിയർ വൈസ് പ്രസിഡന്റ് — ഇക്കോണമിസ്റ്റ് ആണ് ശുക്ല. കഴിഞ്ഞ 13 വർഷത്തോളമായി മുംബൈ ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് ബാങ്കും ബ്രോക്കറേജുമായ ഇനാം സെക്യൂരിറ്റീസിനൊപ്പമാണു ശുക്ല. ഇനാമിനെ ഏറ്റെടുത്തതോടെയാണ് അദ്ദേഹം ആക്സിസ് ക്യാപിറ്റലിലെത്തിയത്. 2012ലാണ് ആക്സിസ് ക്യാപിറ്റൽ ഇനാമിന്റെ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസ് ബിസിനസ് ഏറ്റെടുക്കുന്നത്. ഇതോടെ ഇനാമിലെ തന്ത്രപ്രധാന ഉദ്യോഗസ്ഥർക്കൊപ്പം ശുക്ലയും ആക്സിസിലെത്തി.

ഫിനാൻഷ്യൽ ഇക്കണോമിക്സിൽ പി എച്ച് ഡിയുള്ള ശുക്ല, നിക്ഷേപ തന്ത്രങ്ങളെയും ഇക്വിറ്റി പോർട്ഫോളിയോകളെയും ബാധിക്കുന്ന സുപ്രധാന സാമ്പത്തിക ഘടകങ്ങവെക്കുറിച്ചുള്ള അവലോകന മേഖലയിൽ ആക്സിസ് ക്യാപിറ്റലിന്റെ പ്രധാന അനലിസ്റ്റാണ്. സാമ്പത്തിക രംഗത്തെ മാറ്റങ്ങളെ വിപണികളുടെ പ്രകടനവുമായി ബന്ധിപ്പിച്ച് അപഗ്രഥിക്കുകയും ഓഹരി മേഖലയിലെ നിക്ഷേപക സ്ഥാപനങ്ങൾക്ക് ഇതു സംബന്ധിച്ച വ്യക്തവും സ്പഷ്ടവുമായ മാർഗനിർദേശം നൽകുകയുമൊക്കെയായിരുന്നു ആക്സിസ് ക്യാപിറ്റലിൽ ശുക്ലയുടെ ചുമതല. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയിയിൽ ചേരുന്നതിനെപ്പറ്റി ശുക്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അടുത്ത മാസം മധ്യത്തോടെ അദ്ദേഹം എം ആൻഡ് എമ്മിലെത്തുമെന്ന് ആക്സിസ് ക്യാപിറ്റൽ സ്ഥിരീകരിച്ചു.