Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം 3 ലക്ഷം ത്രിചക്രവാഹനം വിൽക്കാൻ ബജാജ്

bajaj-logo

നടപ്പു സാമ്പത്തിക വർഷം മൂന്നു ലക്ഷം ത്രിചക്ര വാഹനങ്ങൾ വിൽക്കാൻ ലക്ഷ്യമിട്ട് ബജാജ് ഓട്ടോ ലിമിറ്റഡ്. 2015 — 16ൽ വിറ്റ 2,54,967 ത്രിചക്ര വാഹനങ്ങളെ അപേക്ഷിച്ച് 17% വളർച്ചയാണ് ഇക്കൊല്ലം പുണെ ആസ്ഥാനമായ കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ ഡീസൽ എൻജിനുള്ള ഓട്ടോറിക്ഷകൾക്കു ലഭിച്ച മികച്ച വരവേൽപ്പും കാർഗോ വിപണിയിലേക്കു മടങ്ങാനുള്ള തീരുമാനവുമാണു പ്രതീക്ഷ പകരുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ്) ആർ സി മഹേശ്വരി വിശദീകരിച്ചു. 2016 — 17ൽ 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച നേടുന്നതിനൊപ്പം ഡീസൽ ഓട്ടോറിക്ഷ വിപണിയിൽ നായകസ്ഥാനം നേടാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച ത്രിചക്രവാഹനങ്ങൾ ലഭ്യമാക്കുന്നതു വഴിയാണു കമ്പനി ഈ മേലയിൽ മേധാവിത്തം നേടിയതെന്നും മഹേശ്വരി വ്യക്തമാക്കി. പെട്രോൾ, ബദൽ ഇന്ധന വിഭാഗം വാഹന വിൽപ്പനയിൽ കമ്പനി മികച്ച വളർച്ച നേടുന്നുണ്ട്; ഇത്തരം വാഹനങ്ങളുടെ വിപണിയിൽ കമ്പനിക്ക് 90 ശതമാനത്തോളം വിഹിതമുണ്ടെന്നും മഹേശ്വരി അവകാശപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം ബജാജ് ഓട്ടോ ഡീസൽ എൻജിനുള്ള ത്രിചക്രവാഹനങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിച്ചിരുന്നു.

ഈ മോഡലുകൾക്കു മികച്ച പ്രതികരണമാണു വിപണിയിൽ നിന്നു ലഭിച്ചത്. ഈ പിൻബലത്തിലാണു ഡീസൽ വിഭാഗത്തിലെ വാഹന വിൽപ്പനയിൽ നില മെച്ചപ്പെടുത്താൻ കമ്പനിക്കു കഴിഞ്ഞതെന്ന് മഹേശ്വരി അവകാശപ്പെട്ടു. മാത്രമല്ല, ഡീസൽ ത്രിചക്ര വാഹനങ്ങളുടെ മൊത്തം വിൽപ്പനയിൽ 2015 — 16ൽ രണ്ടു ശതമാനത്തോളം ഇടിവു നേരിട്ടപ്പോൾ ബജാജ് ഓട്ടോയ്ക്ക് ഈ വിഭാഗത്തിലെ വിൽപ്പനയിൽ ആറു ശതമാനത്തോളം വളർച്ച കൈവരിക്കാനായി.