Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ ടി എമ്മുമായി ബജാജ് ഓട്ടോ ഇന്തൊനീഷ്യയിൽ

duke-390 Duke 390

ഇന്തൊനീഷ്യൻ വിപണിയിൽ തിരിച്ചെത്താൻ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ശ്രമം വീണ്ടും. രണ്ടാം വരവിൽ ഓസ്ട്രിയയിൽ നിന്നുള്ള പ്രീമിയം ബ്രാൻഡായ കെ ടി എമ്മിന്റെ ചിറകിലേറിയാവും ബജാജ് ഓട്ടോ ഇന്തൊനീഷയിൽ പ്രവേശിക്കുകയെന്ന മാറ്റമുണ്ട്. ഇന്തൊനീഷയിൽ കെ ടി എം ബൈക്കുകൾ അരങ്ങേറ്റം കുറിച്ചതായി ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജീവ് ബജാജാണു വെളിപ്പെടുത്തിയത്. മികച്ച സ്വീകരണമാണു കെ ടി എം ശ്രേണിക്ക് ആ വിപണിയിൽ ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരത്തെ ‘പൾസറു’മായി ഇന്തൊനീഷ്യയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഇപ്പോഴത്തെ തുടക്കം പരിഗണിക്കുമ്പോൾ ഇന്തൊനീഷ്യയിൽ നിന്ന് പ്രതിവർഷം 5,000 — 10,000 യൂണിറ്റിന്റെ വിൽപ്പന നേടാനാവുമെന്നാണു പ്രതീക്ഷയെന്നും ബജാജ് വ്യക്തമാക്കി. വ്യാഴവട്ടം മുമ്പ് 2005ലാണു ബജാജ് ഓട്ടോ ഇന്തൊനീഷയിൽ ‘പൾസർ’ വിൽക്കാൻ ശ്രമിച്ചത്. എന്നാൽ ദക്ഷിണ പൂർവ ഏഷ്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്തൊനീഷയ്ക്ക് ബജാജിന്റെ ‘പൾസറി’നോട് തണുപ്പൻ പ്രതികരണണായിരുന്നു. അതേസമയം ഉൽപന്നത്തിന്റെ പോരായ്മയിലുപരി ബജാജ് ബ്രാൻഡിന് കാര്യമായ പ്രതിച്ഛായ ഇല്ലാതെ പോയതാണ് അന്നു ‘പൾസറി’നു തിരിച്ചടിയായതെന്നാണു രാഹുൽ ബജാജിന്റെ വിലയിരുത്തൽ.
ജപ്പാനുമായുള്ള സാമീപ്യം മൂലം ബൈക്കുകളുടെയും മറ്റും കാര്യത്തിൽ ജാപ്പനീസ് പോലുള്ള വിദേശ ബ്രാൻഡുകളോടാണ് ഇന്തൊനീഷയ്ക്കു പ്രതിപത്തി. സാഹചര്യം പ്രതികൂലമാണെങ്കിലും ഭാഗ്യപരീക്ഷണം നടത്താനാണു ‘പൾസറി’ലൂടെ കമ്പനി ശ്രമിച്ചത്; ആ ഉദ്യമം പാളിയെന്നു രാജീവ് ബജാജ് അംഗീകരിക്കുന്നു. എന്നാൽ ഇക്കുറി യൂറോപ്യൻ ബ്രാൻഡായ കെ ടി എമ്മിന്റെ പിൻബലമുള്ളതിനാൽ സ്ഥിതിഗതി വ്യത്യസ്തമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അതിനിടെ കെ ടി എമ്മിലെ ഓഹരി പങ്കാളിത്തം ഉയർത്താൻ നിലവിൽ പദ്ധതിയില്ലെന്നും ബജാജ് വ്യക്തമാക്കി. ദൈനംദിന പ്രവർത്തനം ആരാണു നിയന്ത്രിക്കുന്നത് എന്നത് അത്രയേറെ പ്രധാനമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കെ ടി എമ്മിന്റെ 49% ഓഹരികൾ 2013ലാണു ബജാജ് ഓട്ടോയ്ക്കു സ്വന്തമായത്്. പണലഭ്യതയിൽ പ്രതിസന്ധി നേരിട്ടിരുന്ന കെ ടി എമ്മിൽ 2007 മുതൽ തന്നെ ബജാജ് നിക്ഷേപം നടത്തിയിരുന്നു. അന്നു മുതൽ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ കെ ടി എം ശ്രേണിയിലെ ബൈക്കുകൾ കമ്പനി ഉൽപ്പാദിപ്പിക്കുന്നുമുണ്ട്. യൂറോപ്പ് ഒഴികെയുള്ള വിദേശ വിപണികളിലേക്കു കമ്പനി ഇന്ത്യയിൽ നിർമിച്ച കെ ടി എം ബൈക്കുകൾ കയറ്റുമതിയും നടത്തുന്നുണ്ട്. ടി കെ ടി എമ്മുമായുള്ള പങ്കാളിത്തം ഈ മാസം 10 വർഷം പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ലക്ഷത്തോളം കെ ടി എം ബൈക്കുകളാണു ബജാജ് വിറ്റത്. കഴിഞ്ഞ വർഷം മാത്രം 37,000 കെ ടി എം ബൈക്കുകൾ വിൽക്കാൻ ബജാജ് ഓട്ടോയ്ക്കു കഴിഞ്ഞു.