Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി കറുപ്പിന്റെ ഏഴഴകിൽ ബജാജ് ‘പൾസർ ആർ എസ് 200’

Bajaj Pulsar RS 200 Demon Black

കറുപ്പിന്റെ അഴക് സമ്മാനിക്കുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ‘പൾസർ ആർ എസ് 200’ ബൈക്കിന്റെ കറുപ്പ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണു ബജാജ് ഓട്ടോ. മുമ്പ് കറുപ്പിന്റെ പകിട്ടിൽ ‘പൾസർ 180 ഡി ടി എസ് ഐ’ പുറത്തിറക്കി ‘ഫിയർ ദ് ബ്ലാക്ക്’ എന്ന പരസ്യ പ്രചാരണം നടത്തിയ പാരമ്പര്യവും ബജാജിനുണ്ട്. എന്തായാലും ‘ആർ എസ് 200’ പൂർണമായും കറുപ്പിൽ മുക്കില്ലെന്നാണു ബജാജ് നൽകുന്ന സൂചന; പകരം കറുപ്പിനു മുൻതൂക്കത്തിനൊപ്പം ചുവപ്പ്, സിൽവർ ഗ്രേ സ്റ്റിക്കറുകളും പതിച്ചാവും കമ്പനി ‘ഡെമൺ ബ്ലാക്ക്’ പതിപ്പ് യാഥാർഥ്യമാക്കുക. ആന്റി ലോക് ബ്രേക്കിങ് സംവിധാനമില്ലാത്ത ‘പൾസർ ആർ എസ് 200 ഡെമൺ ബ്ലാക്കി’ന് 1.20 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. എ ബി എസ് സംവിധാനമുള്ള ബൈക്ക് സ്വന്തമാക്കാൻ 12,000 രൂപ കൂടി മുടക്കണം.

കഴിഞ്ഞ മാർച്ചിൽ വിൽപ്പനയ്ക്കെത്തിയ ‘പൾസർ ആർ എസ് 200’ സൂപ്പർ സ്പോർട്സ് മോട്ടോർ സൈക്കിൾ വിഭാഗത്തിൽ അനിഷേധ്യ സ്ഥാനം ഉറപ്പിച്ചെന്നാണു ബജാജ് ഓട്ടോയുടെ അവകാശവാദം. കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് പതിനയ്യായിരത്തോളം യൂണിറ്റിന്റെ വിൽപ്പനയോടെ 43% ആണത്രെ ഈ വിഭാഗത്തിൽ ‘പൾസർ ആർ എസ് 200’ നേടിയ വിപണി വിഹിതം. ഈ വിജയത്തിന്റെ ആഘോഷമായാണ് ‘ഡെമൺ ബ്ലാക്ക് എഡീഷൻ’ എത്തുന്നതെന്നും കമ്പനി വിശദീകരിക്കുന്നു.

പുതുതായി വികസിപ്പിച്ച പ്രീമിയം ബ്ലാക്ക് നിറത്തിൽ ചുവപ്പ് ഗ്രാഫിക്സ് കൂടി ഇടംപിടിക്കുന്നതാണു ‘പൾസർ ആർ എസ് 200 ഡെമൺ ബ്ലാക്ക് എഡീഷൻ’. ഡി ടി എസ് ഐ, ഫ്യുവൽ ഇഞ്ചക്ഷൻ, ലിക്വിഡ് കൂളിങ് സംവിധാനങ്ങളുള്ള നാലു വാൽവ്, ട്രിപ്പിൾ സ്പാർക്ക് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; പരമാവധി 24.5 പി എസ് കരുത്തു സൃഷ്ടിക്കുന്ന എൻജിനുള്ള ബൈക്കിന് മണിക്കൂറിൽ 141 കിലോമീറ്റർ വരെയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.