Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രാഷ് ടെസ്റ്റിൽ തകർന്ന് ബജാജ് ക്യൂട്ട്

bajaj-qute

യൂറോ എൻക്യാപ് (ന്യൂ കാർ അസെസ്മെന്റ്‍ പ്രോഗ്രാം) നടത്തിയ ക്രാഷ്ടെസ്റ്റിൽ ബജാജ് ക്യൂട്ടിന് വൻ തിരിച്ചടി. ഒരു സ്റ്റാർ മാത്രമാണ് ബജാജിന്റെ ഈ ചെറുകാറിനു ലഭിച്ചത്. സാധാരണ കാറുകളെ അപേക്ഷിച്ചു ഭാരം, വേഗത, കരുത്ത് എന്നിവയിൽ വളരെ പിന്നോക്കം നിൽക്കുന്ന കാറുകളാണു ക്വോഡ്രിസൈക്കിൾസ് വിഭാഗത്തിൽപ്പെടുന്നത്.

bajaj-qute

ക്വോഡ്രിസൈക്കിൾസ് വിഭാഗത്തിനായി പ്രത്യക റേറ്റിങ്ങാണു യൂറോ എൻക്യാപ് സ്വീകരിച്ചത്. 2014 നെ അപേക്ഷിച്ച് ഈ കാറുകളുടെ ഗുണമേന്മയിൽ ഉന്നതി കൈവരിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയ യൂറോ എൻക്യാപ് പക്ഷേ ഗുണമേന്മ ഇപ്പോഴും തൃപ്തികരമല്ലെന്ന് അഭിപ്രായപ്പെടുന്നു. ബജാജ് ക്യൂട്ടിനു പുറമെ ക്വോഡ്രിസൈക്കിൾസ് വിഭാഗത്തിൽപ്പെടുന്ന മറ്റു മൂന്നു മോഡലുകളുടെ ക്രാഷ്ടെസ്റ്റ് നടത്തിയിരുന്നു.

എയ്ക്സാം ക്രോസോവർ ജിടിആർ, രണ്ടു പേർക്കു സഞ്ചരിക്കാവുന്ന ചാറ്റെനെട്ട് സിഎച്ച് 30, മൈക്രോകാർ എം ഗോ ഫാമിലി എന്നിവയാണ് ക്രാഷ്ടെസ്റ്റിൽ ക്യൂട്ടിനൊപ്പം പങ്കെടുത്തത്. ഇവയിൽ രണ്ടു പേർക്കു സഞ്ചരിക്കാവുന്ന ചാറ്റെനെട്ട് സിഎച്ച് 30-നു മാത്രമാണു രണ്ടു സ്റ്റാറുകൾ ലഭിച്ചത്. ബാക്കി വാഹനങ്ങൾക്കെല്ലാം ഒരു സ്റ്റാർ വീതം ലഭിച്ചു. എം ഗോ ഫാമിലി മാത്രമാണു ഡ്രൈവർക്ക് എയർബാഗ് സുരക്ഷ നൽകിയിരുന്നത്. എന്നാൽ ഈ എയർബാഗിനു അപകടത്തെ പ്രതിരോധിക്കാൻ ശേഷിയില്ലെന്നു ടെസ്റ്റിൽ തെളിഞ്ഞു.

Bajaj RE 60 - Qute

450 കിലോയിൽതാഴെ ഭാരമുള്ള ബജാജ് ക്യൂട്ട് ഏറ്റവും ഭാരംകുറഞ്ഞ കാറുകളിലൊന്നാണ്. നാലു പേർക്കു സഞ്ചരിക്കാനാകും. 216.6 സിസി എന്‍ജിൻ പരമാവധി 13.2 പിഎസ് കരുത്ത് ഉൽപ്പാദിപ്പിക്കും. സിഎൻജി, എൽപിജി വകഭേദങ്ങൾ ലഭ്യമാണ്. പരമാവധി വേഗം 70 കിമി. 36 കിലോമീറ്ററാണു കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. മോട്ടോർ സൈക്കിളുകൾക്കു സമാനമായ ഗിയർ സിസ്റ്റം ഉപയോഗിക്കുന്ന ക്യൂട്ടിന് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ്. 2752 എം എം നീളവും 1312 എം എം വീതിയുമുള്ള ചെറുകാറിനു 1652 എം എം ആണ് ഉയരം. വീൽബെയ്സ് 1925 എം എം. 3.5 മീറ്റർ ആണ് ടേണിംഗ് സർക്കിൾ. വാഷർ സംവിധാനത്തോടു കൂടിയ വൈപ്പർ, വലിയ ഹാലജൻ ഹെഡ്‌ലൈറ്റുകൾ, അലോയ് വീൽ തുടങ്ങിയ ഫീച്ചറുകളും ക്യൂട്ടിലുണ്ട്.