Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പലുരുക്കിയുണ്ടാക്കിയ ബജാജ് ‘വി 15’ അടുത്ത മാസം

bajaj-v-ins-vikrant-colour-

ഓട്ടോ എക്സ്പോയ്ക്കു മുന്നോടിയായി ബജാജ് ഓട്ടോ അനാവരണം ചെയ്ത പുതിയ 150 സി സി മോട്ടോർ സൈക്കിളായ ‘വി’യുടെ ബുക്കിങ്ങിനു തുടക്കമായി. 5,000 രൂപ അഡ്വാൻസ് ഈടാക്കിയാണു രാജ്യത്തെ ബജാജ് ഡീലർഷിപ്പുകൾ ‘വി 15’ ബൈക്കിനുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നത്. ബൈക്കിന്റെ ഔപചാരിക അരങ്ങേറ്റം അടുത്തമാസമാണു നിശ്ചയിച്ചിരിക്കുന്നത്. ഇതിഹാസമാനങ്ങളുള്ള പടക്കപ്പലായ ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നുള്ള ഉരുക്ക് ഉപയോഗിച്ചു നിർമിച്ചു എന്നതാണു കമ്യൂട്ടർ വിഭാഗത്തിലേക്കുള്ള പുതിയ പോരാളിയായ ‘വി 15’ ബൈക്കിൽ ബജാജ് ഓട്ടോ അവകാശപ്പെടുന്ന സവിശേഷത. ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ നിർമാണത്തിലാണു ബജാജ് ഓട്ടോ കപ്പലിൽ നിന്നു ലഭിച്ച ഉരുക്ക് ഉപയോഗിച്ചിരിക്കുന്നത്.

bajaj-v-ins-vikrant-black

കഴിഞ്ഞ റിപബ്ലിക് ദിനത്തിലായിരുന്നു ബജാജ് ‘വി’യുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടത്. ഒപ്പം നാവികസേനയുടെ അഭിമാനവും ആദ്യ വിമാനവാഹിനിക്കപ്പലുമായിരുന്ന ‘ഐ എൻ എസ് വിക്രാന്ത്’ പൊളിച്ചപ്പോൾ ലഭിച്ച ഉരുക്ക് ഉപയോഗിച്ചു ബൈക്ക് നിർമിച്ച കഥയും അന്നു ബജാജ് ഓട്ടോ പങ്കുവച്ചിരുന്നു. അതുകൊണ്ടുതന്നെ ‘വിക്രാന്തു’മായുള്ള ഈ അത്മബന്ധത്തിൽ അധിഷ്ഠിതമായാണു ബജാജ് ഓട്ടോ ‘വി 15’ ബൈക്കിന്റെ പരസ്യ പ്രചാരണങ്ങളെല്ലാം ആവിഷ്കരിച്ചിരിക്കുന്നത്. ‘ഭാഗികമായി മോട്ടോർ ബൈക്ക്, ഭാഗികമായി യുദ്ധവീരൻ’ എന്നാണ് ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നു ലഭിച്ച ഉരുക്കിൽ പിറന്ന ‘വി’യെ ബജാജ് ഓട്ടോ പരിചയപ്പെടുത്തുന്നത്. ബൈക്കിലെ പുതിയ 149.5 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ഡി ടി എസ് ഐ എൻജിന് 7500 ആർ പി എമ്മിൽ പരമാവധി 11.76 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 13 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഈ വിഭാഗത്തിലെ എതിരാളികളെ അപേക്ഷിച്ച് 25% അധിക ടോർക്കാണു ബൈക്കിൽ ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്നത്. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

bajaj-v-1

കഫേ റേസർ ശൈലിയിലുള്ള രൂപകൽപ്പനയുടെ പിൻബലത്തിൽ കമ്യൂട്ടർ വിഭാഗത്തിലെ എതിരാളികളെ അപേക്ഷിച്ചു തികച്ചും വ്യത്യസ്തമാണ് ‘വി 15’. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന റൈഡർമാർക്കായി റിമൂവബിൾ കൗൾ സഹിതമാണു ബൈക്കിന്റെ പിൻസീറ്റ് എത്തുന്നത്. നിറം മാറുന്ന എൽ ഇ ഡി ഇന്ധന ഗേജ്, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയുമൊക്കെ ബൈക്കിന്റെ സവിശേഷതകളാണ്. പുതിയ ബൈക്കിന്റെ കൃത്യമായ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 60,000 — 70,000 രൂപ നിലവാരമാണു കമ്പനിയുടെ മനസ്സിൽ. ഡൽഹി ഷോറൂമിൽ 63,275 രൂപയ്ക്കു ബൈക്ക് വിൽപ്പനയ്ക്കെത്തുമെന്നാണു ഡീലർമാർ നൽകുന്ന സൂചന. അവതരണവേള വരെ ടെസ്റ്റ് ഡ്രൈവിനു ബൈക്ക് ലഭ്യമല്ലെന്നു വ്യക്തമാക്കുന്ന ഡീലർമാർ മാർച്ച് അവസാനവാരത്തോടെ ‘വി 15’ കൈമാറുമെന്നും വാഗ്ദാനം നൽകുന്നു.