Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലക്ഷം പിന്നിട്ടു ബജാജ് ‘വി’

bajaj-v

ഇതിഹാസമാനങ്ങളുള്ള പടക്കപ്പലായ ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നുള്ള ഉരുക്കിൽ തീർത്ത 150 സി സി ബൈക്കായ ‘വി’യുടെ ഇതുവരെയുള്ള വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഫെബ്രുവരിയിൽ നിരത്തിലെത്തി നാലു മാസത്തിനുള്ളിലാണ് ‘വി’ ഈ ചരിത്രനേട്ടം സ്വന്തമാക്കിയതെന്നും കമ്പനി അറിയിച്ചു.  വിൽപ്പനയ്ക്കെത്തിയതു മുതൽ വിപണിയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള കമ്യൂട്ടർ ബൈക്കുകൾക്കൊപ്പമാണു ‘വി’യുടെ സ്ഥാനമെന്നും ബജാജ് അവകാശപ്പെട്ടു. വിപണിയുടെ ഈ താൽപര്യം പരിഗണിച്ചു ‘വി’യുടെ ഉൽപ്പാദനം വർധിപ്പിക്കാനും ബജാജ് ഓട്ടോ തീരുമാനിച്ചിട്ടുണ്ട്. അവതരണം കഴിഞ്ഞയുടൻ ഇരുപതിനായിത്തിലേറെ ബുക്കിങ്ങുകളാണു ‘വി’യെ തേടിയെത്തിയത്. ഏപ്രിലിലാവട്ടെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള 10 ബൈക്കുകൾക്കൊപ്പവും ‘വി’ ഇടം നേടി.

കഴിഞ്ഞ മാർച്ച് 23 മുതലാണു ബജാജ് ഓട്ടോ ഉടമകൾക്കു ‘വി’ കൈമാറിത്തുടങ്ങിയത്; ആദ്യ ദിനം തന്നെ 10,000 പേർക്കു പുത്തൻ ‘വി’ ലഭിച്ചു. ഏപ്രിലിൽ പ്രമുഖ ബോളിവുഡ് താരം ആമിർ ഖാനും ‘വി’ സ്വന്തമാക്കിയിരുന്നു. ജൂണിൽ 26,009 ‘വി 15’ നിർമിച്ച ബജാജ് ഓട്ടോ നടപ്പു സാമ്പത്തിക വർഷം ഇതു വരെ ഇത്തരം 84,411 ബൈക്കുകൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ മുതലാണു ബജാജ് ‘വി’ ഉൽപ്പാദനം വർധിപ്പിക്കുകയെന്നു കമ്പനി പ്രസിഡന്റ് (മോട്ടോർ സൈക്കിൾ സെയിൽസ്) എറിക് വാസ് വെളിപ്പെടുത്തി. ഇപ്പോൾ മാസം തോറും ശരാശരി 25,000 യൂണിറ്റിന്റെ വിൽപ്പനയാണു ‘വി’ നേടുന്നത്; ‘വി’യുടെ പിൻബലത്തിൽ 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള പ്രീമിയം കമ്യൂട്ടർ വിഭാഗത്തിൽ കമ്പനിയുടെ വിപണി വിഹിതം 10% പിന്നിട്ടതായും വാസ് അവകാശപ്പെട്ടു.

‘വിക്രാന്ത്’ എന്ന ഉജ്വല ചരിത്രത്തിന്റെ പങ്ക് ഓരോ ഇന്ത്യക്കാരനിലുമെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു പോരാളിയായ ‘വി’യുടെ വരവെന്നു വാസ് വിശദീകരിച്ചു. അതുകൊണ്ടുതന്നെ ഈ ബൈക്കിന് വിപണിയിൽ ലഭിച്ച വരവേൽപ്പിൽ കമ്പനിക്ക് അഭിമാനമുണ്ട്. ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്കു കഴിവതും വേഗം ‘വി’ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണു സെപ്റ്റംബർ മുതൽ ബൈക്കിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘വി’ക്ക് 62,002 രൂപയാണു ഡൽഹി ഷോറൂമിൽ വില. ബൈക്കിലെ 149.5 സി സി, നാലു സ്ട്രോക്ക്, എസ് ഒ എച്ച് സി, ഇരട്ട വാൽവ്, എയർ കൂൾഡ്, ഡി ടി എസ് ഐ എൻജിന് 7,500 ആർ പി എമ്മിൽ പരമാവധി 12 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 13 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.  

Your Rating: