Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബലേനൊ’യുമായി യൂറോപ്പിലേക്കു മാരുതി വീണ്ടും

suzuki-baleno Maruti Suzuki Baleno

യൂറോപ്യൻ യൂണിയനിലേക്കു പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ കയറ്റുമതി ചെയ്യാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തയാറെടുക്കുന്നു. ഈ മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ ഇതു രണ്ടാം തവണയാണു കമ്പനി ശ്രമിക്കുന്നത്. യൂറോപ്യൻ യൂണിയനിലേക്കുള്ള ‘ബലേനൊ’ കയറ്റുമതിക്കു പുതുവർഷത്തിൽ തന്നെ തുടക്കമാവും. ഇറ്റലി, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, സ്പെയിൻ തുടങ്ങിയ പ്രധാന വിപണികളിലാണു കമ്പനി ഇന്ത്യയിൽ നിർമിച്ച ‘ബലേനൊ’ വിൽപ്പനയ്ക്കെത്തിക്കുക. യൂറോപ്യൻ യൂണിയനി(ഇ യു)ലേക്കുള്ള കയറ്റുമതി 1987—88ൽ തന്നെ മാരുതി സുസുക്കി ആരംഭിച്ചിരുന്നു; 500 യൂണിറ്റായിരുന്ന ആദ്യ വർഷത്തെ കയറ്റുമതി. മാത്രമല്ല യൂറോപ്പ് ഇതര വിപണികളിലെ വൻസാധ്യത പരിഗണിച്ച് 2006 — 07 വരെ മാത്രമാണ് മാരുതി സുസുക്കി ഇ യു വിലേക്കുള്ള കയറ്റുമതി തുടർന്നത്.

Maruti Baleno Maruti Suzuki Baleno

തുടർന്ന് 2008 — 09ൽ തന്നെ മാരുതി ഇ യു വിലേക്കുള്ള കയറ്റുമതി പുനഃരാരംഭിക്കുകയും ചെയ്തു. പക്ഷേ 2010 — 11നു ശേഷം ഈ മേഖലയിലേക്കുള്ള കയറ്റുമതിയിൽ കാര്യമായ വളർച്ച കൈവരിക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടില്ല. പുതിയ ‘ബലേനൊ’യിലെ ഈ പരിമിതി മറികടക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. അസംസ്കൃത എണ്ണയുടെയും കാർഷികോൽപന്നങ്ങളുടെയുമൊക്കെ വിലയിടിവ് ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ വിപണികളിലെ വാഹന വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കയറ്റുമതി രംഗത്തു സ്ഥിരത നിലനിർത്താൻ യൂറോപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയല്ലാതെ മാരുതി സുസുക്കിക്കു മുന്നിൽ മറ്റു മാർഗമില്ല. പോരെങ്കിൽ ആഗോളതലത്തിൽ ഇന്ത്യൻ ഉപസ്ഥാപനത്തിനു കൂടുതൽ പരിഗണന നൽകാൻ മാതൃസ്ഥാപനമായ സുസുക്കി തീരുമാനിച്ചതും മാരുതിക്ക് അനുകൂല ഘടകമാണ്. പുതിയ വിപണന തന്ത്രത്തിന്റെ ഭാഗമായി ജപ്പാനിലും ഇന്ത്യൻ നിർമിത ‘ബലേനൊ’ വിൽക്കാൻ സുസുക്കി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സുസുക്കിക്കായി ‘ബലേനൊ’ നിർമിക്കുന്നത് മാരുതി സുസുക്കി മാത്രമാണെന്ന സവിശേഷതയുമുണ്ട്.

Maruti Baleno Maruti Suzuki Baleno

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മധ്യ പൂർവ ദേശങ്ങൾ തുടങ്ങിയ വിപണികളിലെല്ലാം മികച്ച വരവേൽപ് ലഭിച്ചതോടെ കയറ്റുമതിയിൽ മാരുതി സുസുക്കി തിളക്കം കൈവരിക്കുന്നുണ്ട്. നിലവിൽ മാരുതിയുടെ കയറ്റുമതിയിൽ 95 ശതമാനത്തോളം യൂറോപ്പ് ഇതര രാജ്യങ്ങളുടെ സംഭാവനയാണ്. ഇതോടൊപ്പം കൂടുതൽ മോഡലുകൾ കയറ്റുമതി ചെയ്യാനും മാരുതി സുസുക്കി തീരുമാനിച്ചിട്ടുണ്ട്; ഇന്ത്യയിൽ നിർമിച്ച ‘എർട്ടിഗ’, ‘സ്വിഫ്റ്റ്’, ‘ഡിസയർ’, ‘സിയാസ്’, ‘സെലേറിയൊ’ എന്നിവയൊക്കെ വിദേശത്തു വിൽക്കാനാണു നീക്കം. ഒപ്പം ഇടത്തരം സെഡനായ ‘സിയാസി’നു മെക്സിക്കോയിൽ മികച്ച സ്വീകരണം ലഭിച്ചതായും കമ്പനി അവകാശപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.