Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരോധനം പരിസ്ഥിതിയെ രക്ഷിക്കില്ലെന്നു ‘സയാം’

vehicle-Pollution

ഡീസൽ എൻജിനുള്ള വാഹനങ്ങൾ നിരോധിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാവില്ലെന്ന് ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാം’. കഴിഞ്ഞ 15 വർഷത്തിനിടെ സാങ്കേതികവിദ്യയിൽ കൈവരിച്ച പുരോഗതിയിലൂടെ ഡീസൽ താരതമ്യേന മലിനീകരണ വിമുക്തവും ഊർജക്ഷമതയേറിയതുമായ ഇന്ധനമായി മാറിയിട്ടുണ്ടെന്നും ‘സയാം’ അഭിപ്രായപ്പെട്ടു. ഡീസൽ എൻജിനെ വിലക്കുക വഴി ശുദ്ധവും കാര്യക്ഷമതയേറിയതുമായ ഇന്ധനം നിഷേധിക്കുകയാണു ചെയ്യുന്നതെന്നും സൊസൈറ്റി വിലയിരുത്തി.

കാൺപൂർ ഐ ഐ ടി നടത്തിയ പഠനത്തെ ഉദ്ധരിച്ചാണു ‘സയാം’ ഡീസൽ എൻജിനു വേണ്ടി നിലപാടെടുത്തിരിക്കുന്നത്. ദേശീയതലസ്ഥാന മേഖലയിലെ മലിനമാക്കുന്ന പർട്ടിക്കുലേറ്റ് മാറ്ററിൽ വെറും രണ്ടു ശതമാനത്തോളം മാത്രമാണു കാറുകളടെ സംഭാവനയെന്നായിരുന്നു ഐ ഐ ടി സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ തന്നെ ഡീസൽ എൻജിനുള്ള കാറുകൾ സൃഷ്ടിക്കുന്ന പർട്ടിക്കുലേറ്റ് മാറ്റർ ഒന്നര ശതമാനത്തോളം മാത്രമാണെന്നും ഐ ഐ ടിയുടെ പഠനത്തിൽ തെളിഞ്ഞിരുന്നു. ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഡീസൽ എൻജിനുകളുടെ വിഹിതമാവട്ടെ മൊത്തം പർട്ടിക്കുലേറ്റ് മാറ്ററിന്റെ അര ശതമാനം മാത്രമാണത്രെ.
ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഡീസൽ കാറുകൾ വിലക്കുന്നതോടെ പകരം നിരത്തിലെത്തുക മലിനീകരണ സാധ്യതയേറിയ പഴയ വാഹനങ്ങളാവുമെന്നു ‘സയാം’ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഡീസൽ വാഹന നിയന്ത്രണം പരിസ്ഥിതിക്കു രക്ഷയാവുന്നതിനു പകരം ശിക്ഷയായി മാറുമെന്നും സൊസൈറ്റി വ്യക്തമാക്കുന്നു. പോരെങ്കിൽ ഡീസൽ എൻജിൻ നിരോധനം പോലുള്ള നടപടികൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേൽപ്പിക്കുമെന്നും ‘സയാം’ കരുതുന്നു.

കേന്ദ്ര സർക്കാർ നിഷ്കർഷിച്ച മലിനീകരണ നിയന്ത്രണ നിലവാരമുള്ള ഡീസൽ കാറുകൾ മാത്രമാണു നിലവിൽ രാജ്യത്തു നിർമിക്കപ്പെടുന്നത്. ഇത്തരത്തിൽ വ്യവസ്ഥകൾക്കു വിധേയമായി നിർമിക്കപ്പെടുന്ന കാറുകളെ പരിസ്ഥിതിയെ മലിനമാക്കുന്ന വാഹനങ്ങളെന്നു മുദ്ര കുത്താനാവില്ല. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഘട്ടത്തിലല്ലാതെ പരിസ്ഥിതിയെ മലിനമാക്കി എന്ന പേരിൽ ഡീസൽ എൻജിനുള്ള വാഹനങ്ങൾക്കു പിഴ ചുമത്തുന്ന രീതിയും അംഗീകരിക്കാനാവില്ലെന്നു ‘സയാം’വ്യക്തമാക്കുന്നു.
സർക്കാരിന്റെ നയങ്ങൾക്കു വിധേയമായി ഡീസൽ സാങ്കേതികവിദ്യയിലും മറ്റും കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണു വിവിധ വാഹന നിർമാതാക്കൾ ഇന്ത്യയിൽ നടത്തിയിരിക്കുന്നത്. നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്ന വ്യവസായത്തെ അകാരണമായി നിയന്ത്രിക്കുന്നത് രാജ്യത്തു ബിസിനസ് ചെയ്യാനുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ‘സയാം’ കുറ്റപ്പെടുത്തുന്നു.
 

Your Rating: