Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിസ്ഥിതി മലിനീകരണം; 3.40 ലക്ഷം പഴയ വാഹനം പിൻവലിച്ചു

486615338 Representative image

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിരത്തുകളിൽ നിന്ന് ഒറ്റ വർഷത്തിനിടെ പിൻവലിച്ചത് 3.40 ലക്ഷത്തോളം പഴയ വാഹനങ്ങൾ. കടുത്ത പരിസ്ഥിതി മലിനീകരണം നേരിടുന്ന സാഹചര്യത്തിലാണു ബെയ്ജിങ്ങിൽ നിന്ന് ഇത്രയേറെ വാഹനങ്ങൾ പിൻവലിച്ചതെന്നും അധികൃതർ വിശദീകരിച്ചു.

ഈ നീക്കത്തിലൂടെ നഗരം നേരിടുന്ന മലിനീകരണത്തിൽ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, ഹൈഡ്രോകാർബൺ, പർട്ടിക്കുലേറ്റ് മാറ്റർ തുടങ്ങിയവയിൽ പ്രതിവർഷം 40,000 ടണ്ണിന്റെ കുറവാണു പ്രതീക്ഷിക്കുന്നതെന്നു ബെയ്ജിങ് മുൻസിപ്പൽ എൻവിറോൺമെന്റൽ പ്രൊട്ടക്ഷൻ ബ്യൂറോ അറിയിച്ചു.

ബെയ്ജിങ് നഗരത്തിൽ 56.50 ലക്ഷത്തോളം വാഹനങ്ങൾ ഉണ്ടെന്നാണു കണക്കാക്കുന്നത്; ഇവയിൽ നിന്നു വർഷംതോറും അഞ്ചു ലക്ഷത്തോളം ടൺ പുകപടലങ്ങളാണു വർഷം തോറും പുറത്തെത്തുന്നതെന്നും ബ്യൂറോയിലെ വെഹിക്കിൾ മാനേജ്മെന്റ് വകുപ്പ് ഡയറക്ടർലി കുൻഷെങ് വെളിപ്പെടുത്തി. നഗരത്തിന്റെ പരിസ്ഥിതി മലിനീകരണത്തിൽ 30 ശതമാനത്തോളം വാഹനങ്ങളുടെ വിഹിതമാണെന്നാണു വിലയിരുത്തൽ.

നഗരത്തിലെ പരിസ്ഥിതി മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണു പഴയ വാഹനങ്ങളെ ഒഴിവാക്കാൻ ബെയ്ജിങ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്. 10 വർഷം പഴക്കമുള്ള കാർ ഉപേക്ഷിക്കുന്ന ഉടമയ്ക്ക് സർക്കാർ 8000 യുവാൻ (ഏകദേശം 78,930 രൂപ) സബ്സിഡി ലഭിക്കും. 10 വർഷം പഴക്കമുള്ള ബസ് പിൻവലിക്കുന്ന ഉടമയ്ക്കു ലഭിക്കുക 19,500 യൂവാൻ(ഏകദേശം 1,92,392 രൂപ) സബ്സിഡിയാണ്. 

Your Rating: