Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പന കൂട്ടാന്‍ ബെന്റ്ലി

Bentley Bentayga SUV Bentley Bentayga

അടുത്ത വർഷത്തോടെ ഇന്ത്യയിലെ വിൽപ്പന 100 യൂണിറ്റിലെത്തിക്കാനാവുമെന്നു ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സിനു പ്രതീക്ഷ. ആഡംബര സെഡാനുകളായ ‘ഫ്ളയിങ് സ്പർ’, ‘കോണ്ടിനെന്റൽ ജി ടി’ എന്നിവയ്ക്കൊപ്പം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ബെന്റൈഗ’യും കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. കഴിഞ്ഞ നാലു വർഷമായി ഇന്ത്യയിലെ വാഹന വിൽപ്പനയിൽ 15 ശതമാനത്തോളം വളർച്ചയാണു ബെന്റ്ലി മോട്ടോഴ്സ് കൈവരിക്കുന്നത്. ഇക്കൊല്ലത്തെ വിൽപ്പനയിലും ഇതേ വളർച്ച നിലനിർത്താനാവുമെന്നാണു ബെന്റ്ലി മോട്ടോഴ്സ് ഡീലർമാരായ എക്സ്ക്ലൂസീവ് മോട്ടോഴ്സിന്റെ പ്രതീക്ഷ. ഏതാനും വർഷമായി വിൽപ്പനയിൽ 15 ശതമാനത്തിലേറെ വർധന നേടാൻ കമ്പനിക്കു കഴിയുന്നുണ്ടെന്ന് എക്സ്ക്ലൂസീവ് മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ സത്യ ബഗ്ല അറിയിച്ചു. ഇക്കൊല്ലവും ഇതേ വളർച്ച നിലനിർത്താനാവുമെന്നാണു പ്രതീക്ഷ. അടുത്ത വർഷത്തോടെ ഇന്ത്യയിലെ വിൽപ്പന 100 യൂണിറ്റായി ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഇന്ത്യയിലെ ബെന്റ്ലി വിൽപ്പനയുടെ കൃത്യമായ കണക്കു വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

വാഹന വ്യവസായം മൊത്തത്തിൽ നേരിടുന്ന വെല്ലുവിളികൾ ഇന്ത്യയിലെ ബെന്റ്ലി വിൽപ്പനയെ ബാധിച്ചിട്ടില്ലെന്ന് ബഗ്ല അവകാശപ്പെട്ടു. എന്നാൽ ഉൽപ്പാദനം പരിമിതമായതിനാൽ വാഹന ലഭ്യതയിലെ പരിമിതികൾ വിൽപ്പന വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചു. നിലവിൽ ഡൽഹിയിലും മുംബൈയിലും ഡീലർഷിപ്പുകളുള്ള ബെന്റ്ലി മോട്ടോഴ്സ് രണ്ടു മാസത്തിനകം ഹൈദരബാദിലും പുതിയ ഷോറൂമും സർവീസ് സെന്ററും തുറക്കുന്നുണ്ട്. ബെന്റ്ലി മോഡലുകൾക്ക് അനുയോജ്യരായ ഉടമകളെ കണ്ടെത്തുകയാണു പ്രധാന ദൗത്യമെന്ന് അദ്ദേഹം വിശദീകരിച്ചു. പക്ഷേ കാർ വാങ്ങാൻ കഴിവുള്ളവരുടെ എണ്ണത്തിനൊത്ത് വാഹനലഭ്യത ഇല്ലാത്തതാണു പ്രശ്നമെന്നു ബഗ്ല ചൂണ്ടിക്കാട്ടി. ഡൽഹി ഷോറൂമിൽ 3.85 കോടി രൂപ വിലമതിക്കുന്ന ‘ബെന്റൈഗ’യ്ക്ക് ഇന്ത്യയിൽ നൂറിലേറെ ബുക്കിങ്ങുകൾ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം ആഗോളതലത്തിൽ വിൽപ്പനയ്ക്കായി 2600 — 2700 ‘ബെന്റൈഗ’യാണു ബെന്റ്ലി മോട്ടോഴ്സ് ഇക്കൊല്ലം ഉൽപ്പാദിപ്പിക്കുക. ക്രമേണ വാർഷിക ഉൽപ്പാദനം 3,000 യൂണിറ്റിലെത്തിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 10,001 കാറുകളായിരുന്നു ബെന്റ്ലി മോട്ടോഴ്സിന്റെ മൊത്തം ഉൽപ്പാദനം; ഇക്കൊല്ലത്തെ ഉൽപ്പാദനം 15% വർധിപ്പിക്കുമെന്നു കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. യു കെയിലുള്ള ക്രൂവിലെ ശാലയിൽ നിർമിച്ച കാറുകളാണു ബെന്റ്ലി മോട്ടോഴ്സ് ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. 55 വിപണികളിലായി 200 ഡീലർഷിപ്പുകളാണു കമ്പനിക്കുള്ളത്; കാറുകൾ സ്വന്തമാക്കാൻ ഡീലർമാർക്കിടയിൽ കടുത്ത മത്സരമാണെന്നും ബഗ്ല വെളിപ്പെടുത്തുന്നു.

Your Rating: