Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറുകളിലെ രാജകുമാരൻ ഐ – 8 തൃശൂരിലെത്തി

benz ബിഎംഡബ്ല്യു ഐ–8 കാറിനൊപ്പം ഉടമ രഹന ഹോംസ് മാനേജിങ് ഡയറക്ടർ സക്കീർ ഹുസൈൻ.

കാറുകളിലെ രാജകുമാരൻ ദക്ഷിണേന്ത്യയിൽ ആദ്യമെത്തിയതു പൂരങ്ങളുടെ നാട്ടിൽ. സൗന്ദര്യം കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും രാജ്യാന്തര മോട്ടോർ ഷോകളെ കിടിലംകൊള്ളിച്ച ന്യൂ ജനറേഷൻ കാർ ബിഎംഡബ്ല്യു ഐ– എട്ട് എന്ന സ്പോർട്സ് കാർ ദക്ഷിണേന്ത്യയിൽ ആദ്യം സ്വന്തമാക്കിയതു തൃശൂരിലെ ചെറുപ്പക്കാരൻ.

BMW I 8

ഇലക്ട്രിക്, പെട്രോൾ ഹൈബ്രിഡ് കാറായ ഐ – എട്ട് രണ്ടു വർഷം മുൻപാണു ലോകത്തിലെ കാർ പ്രേമികളുടെ ഹൃദയത്തുടിപ്പാകാൻ തുടങ്ങിയത്. മലിനീകരണം തീരെയില്ലാത്ത സീറോ കാർബൺ കാറാണിത്. അതുകൊണ്ടുതന്നെ പ്രകൃതി സ്നേഹികൾ ഇരുകയ്യും നീട്ടിയാണു ഈ താരത്തെ വരവേറ്റത്. ഐ–എട്ട് ഇന്ത്യയിൽ വിൽക്കാൻ ബിഎംഡബ്ല്യു തീരുമാനിച്ചത് ഈ വർഷമാണ്. കെട്ടിട നിർമാണ കമ്പനിയായ രഹന ഹോംസ് ഉടമ ചോലയിൽ സാക്കിർ ഹുസൈനാണു കാർ വാങ്ങിയത്. സിനിമാ താരങ്ങളടക്കം പലരും ഇപ്പോൾ ഈ കാറിനായി കാത്തുനിൽക്കുന്നവരുടെ പട്ടികയിലുണ്ട്.

കണ്ടാൽ പ്രേമിച്ചു പോകുന്ന ഡിസൈൻ എന്നാണു ലോകത്തെ മികച്ച ഡിസൈനിങ് ബഹുമതി നേടിയ ഐ എട്ടിനെ വാഹന നിരൂപകർ വിശേഷിപ്പിച്ചത്. 45 മിനിറ്റു ചാർജു ചെയ്താൽ 35 കിലോമീറ്റർ ഓടിക്കാവുന്ന എൻജിൻ പുറകിലും പെട്രോൾ എൻജിൻ മുൻപിലുമുള്ള കാറാണിത്. 2013 ജർമൻ മോട്ടോർ ഷോയിലൂടെയാണ് ഐ– എട്ട് വിപണിയിലെത്തിക്കുമെന്നു ബിഎംഡബ്ല്യു പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ 7300 ഐ–എട്ട് കാറുകളേ വിറ്റിട്ടുള്ളൂ.

പറന്നുയരാൻ ചിറകു വിരിച്ചതു പോലുള്ള ബട്ടർഫ്ലൈ ഡോറുകൾ, ലേസർ ഹെഡ്‌ലൈറ്റുകൾ, സമ്പൂർണ കംപ്യൂട്ടർ സംവിധാനം, 100 കിലോമീറ്ററിലേക്ക് 4.4 സെക്കൻഡ് കൊണ്ട് പറന്നെത്തുന്ന എൻജിൻ തുടങ്ങി ജഗ്വാർ വിമാനത്തിന്റെ കോക്ക്പിറ്റ് പോലുള്ള ഡ്രൈവിങ് സീറ്റ്. അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ. മൂന്നു കോടിയോളമാണു റോഡിലെത്തുമ്പോൾ വില. പക്ഷേ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതൊരു തടസ്സമല്ല, കാരണം, ഐ – എട്ട് കാർ മാത്രമല്ല, ഒരു സ്വപ്നമാണ്.