Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിലെ ബസുകൾ ഇനി സ്മാർട്

bmtc-bus

ബസ് പിടിക്കാൻ വീട്ടിൽനിന്ന് എപ്പോഴിറങ്ങണമെന്ന് മൊബൈൽ പറഞ്ഞുതരുന്ന യുഗത്തിലേക്കു ചുവടുവച്ചിരിക്കുകയാണു ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ (ബിഎംടിസി). ബസുകളുടെ ‘ലൈവ്’ വിവരങ്ങൾ നൽകുന്ന മൊബൈൽ ആപ്, സ്മാർട് കാർഡ് വരെ സ്വീകരിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ, സ്റ്റാൻഡുകളിൽ സജ്ജമാക്കിയ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (പിഐഎസ്), 24 മണിക്കൂർ ഹെൽപ്‌ലൈൻ എന്നിവ ഉൾക്കൊള്ളുന്ന ബിഎംടിസി ഇന്റലിജന്റ് ട്രാൻസ്പോർട് സംവിധാനം (ഐടിഎസ്) ഇന്ത്യയിലെ പൊതുഗതാഗത രംഗത്തു വിപ്ലവം സൃഷ്ടിക്കാൻ തയാറായിക്കഴിഞ്ഞു. പതിനായിരക്കണക്കിനുപേർ നമ്മ മെട്രോയിലേക്കു ചേക്കേറിയതിന്റെ കേടു തീർക്കാൻ ഇനി ഇത്തരം പുതിയ സങ്കേതങ്ങളല്ലാതെ വേറെവഴിയില്ലെന്ന ചിന്തയാകാം ഈ നവീന ആശയത്തിന്റെ പിന്നിൽ.

ട്രെയിനിലേതുപോലെ ‘ലൈവ് റണ്ണിങ് സ്റ്റാറ്റസ്’ നൽകുന്ന ബിഎംടിസി മൊബൈൽ ആപ്പ് മൊബൈൽ ആപ് ബെംഗളൂരു മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇതിനകം ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ബസ് സ്റ്റോപ്പിലെ കാത്തിരിപ്പൊഴിവാക്കാൻ ഇതിലും നല്ലൊരുപാധി വേറെയില്ലെന്നാണു ബിഎംടിസി ബസുകളിലെ സ്ഥിരം യാത്രക്കാരൻ കോഴിക്കോട് സ്വദേശി ബിജുവിന്റെ അഭിപ്രായം. ബസുകൾ വളരെ കുറവുള്ള റൂട്ടുകളിലാണ് ഇതിന്റെ വില മനസ്സിലാവുക. വെറുതെ സ്റ്റോപ്പിൽ പോയി ‘പോസ്റ്റാ’കേണ്ട. ബസ് എപ്പോൾ സ്റ്റോപ്പിൽ എത്തുമെന്ന് ആപ്പിൽ അറിയാമെന്നതിനാൽ ഇതനുസരിച്ചു വീട്ടിൽനിന്ന് ഇറങ്ങിയാൽ മതി. സമയം ലാഭിക്കുകയും ചെയ്യാം.ഒന്നിലേറെ ബസ് മാറിക്കയറി ഓഫിസിലെത്തുന്ന തന്നെപ്പോലുള്ള സ്ത്രീകൾക്കാണിത് ഏറെ സഹായമെന്ന് ഐടിപിഎല്ലിൽ ജോലിചെയ്യുന്ന വിനീത പറയുന്നു. ഒരു ബസിൽ നിന്നിറങ്ങി അടുത്ത ബസ് എപ്പോഴെത്തുമെന്നോർത്തു വിഷമിക്കണ്ട. അതിരാവിലെ വിമാനത്താവളത്തിലേക്കു ബസ് പിടിക്കുന്നവർക്കും ബുദ്ധിമുട്ടൊഴിവാക്കാം. ഏതൊക്കെ റൂട്ടിൽ എപ്പോഴൊക്കെയാണ് എയർപോർട് ബസ് എത്തുകയെന്ന് ഇതുവരെ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോഴിതെല്ലാം ആപ് പറഞ്ഞുതരും.

അതേസമയം ഗൂഗിൾ പ്ലേ സ്റ്റോറിൽ ബിഎംടിസി ആപ്പ് കണ്ടെത്താൻ അല്പം ബുദ്ധിമുട്ടിയതായി എറണാകുളം സ്വദേശികളായ ബേസിൽ കുര്യൻ, സിനോജ് ഏബ്രഹാം എന്നിവർ പരിഭവപ്പെടുന്നു. സമാനമായ ഒട്ടേറെ ആപ്പുകൾ കണ്ടതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ബിഎംടിസിയുടെ ലോഗോയോടു കൂടിയതാണ് യഥാർഥ ആപ്ലിക്കേഷൻ. കഴിഞ്ഞമാസം ബൈയപ്പനഹള്ളി–മൈസൂരു റൂട്ടിൽ നമ്മ മെട്രോ പൂർണതോതിൽ സർവീസ് തുടങ്ങിയതോടെ പതിനായിരക്കണക്കിന് ആളുകളാണ് ഈ റൂട്ടിൽ ബിഎംടിസി വിട്ടു മെട്രോയിലേക്കു ചേക്കേറിയത്. ഈവർഷാവസാനം തെക്കു–വടക്കൻ ഇടനാഴിയിലും മെട്രോ യാത്രാസജ്ജമാകുന്നതോടെ കൂടുതൽപേർ ബസ് ഉപേക്ഷിക്കും. എങ്കിലും ബസ്‌ യാത്ര ആയാസരഹിതമാക്കിയാൽ ജനങ്ങൾ കൈവിടില്ലെന്ന വിശ്വാസമാണ് ബിഎംടിസിക്കുള്ളത്. ഐടിഎസിനു പുറമെ രണ്ടുമാസത്തിനുള്ളിൽ സ്മാർട് കാർഡ് കൂടി ഇറക്കുന്നതോടെ കൂടുതൽ ജനങ്ങൾ ബിഎംടിസി യാത്ര പതിവാക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ബിഎംടിസി മൊബൈൽ ആപ്

നിങ്ങൾ പോകാനുദ്ദേശിക്കുന്ന ബസ് എവിടെയെത്തിയെന്ന് അപ്പപ്പോൾ അറിയാനാകും.ഗൂഗിൾ മാപ്പ് വഴി ബസ് ട്രാക്ക് ചെയ്യുകയും തൊട്ടടുത്തെ ബിഎംടിസി ബസ് സ്റ്റോപ്പ് കണ്ടെത്തുകയും ചെയ്യാം. ഓരോ റൂട്ടിലെയും ബസുകൾ, സമയക്രമം, ടിക്കറ്റ് ചാർജ് എന്നിവയും ആപ്പിൽ ലഭിക്കും.

ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ (ഇടിഎം)

ജിപിആർഎസ് വഴി പ്രവർത്തിക്കുന്ന ഇടിഎം വഴി ബിഎംടിസിയുടെ വരുമാനം ദിവസാടിസ്ഥാനത്തിൽ കണക്കാക്കാം.ഉടൻ പുറത്തിറക്കുന്ന സ്മാർട് കാർ‌ഡുകൾ സ്വീകരിക്കാനും പര്യാപ്തം.കടലാസ് ടിക്കറ്റുകളെക്കാൾ കൃത്യത ഉള്ളതിനാൽ വരുമാനചോർച്ച തടയാനാകും.

കൺട്രോൾ റൂം

365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ബിഎംടിസി ബസുകളുടെ സഞ്ചാരം തൽസമയം നിരീക്ഷിക്കും കൺട്രോൾ റൂമിൽനിന്ന് ഏതു ബസുമായും എപ്പോൾ വേണമെങ്കിലും ആശയവിനിമയം നടത്താം. ബസ് കേടായാലോ, അപകടമുണ്ടായാലോ അതിവേഗം സഹായമെത്തിക്കാൻ സജ്ജം.

ബിഎംടിസി സ്മാർട് കാർഡ്

ബിഎംടിസി ബസുകളിൽ ടിക്കറ്റിനു പകരമായി ഉപയോഗിക്കാം. മൊബൈലിലേതു പോലെ ബിഎംടിസി സ്മാർട് കാർഡ് റീചാർജ് ചെയ്തുപയോഗിക്കാം.ബസുകളിൽ യാത്രയ്ക്കു പുറമെ ബിഎംടിസി ഡിപ്പോകളിൽ പാർക്കിങ് ഫീസിനു പകരവും കാർഡ് ഉപയോഗിക്കാം. കാർഡ് ഉപയോഗിക്കുന്നവർക്കു ടിക്കറ്റ് ചാർജിൽ ഇളവും ലഭിക്കും. സ്മാർട് കാർഡ് ജൂലൈയിൽ പുറത്തിറക്കും.

ഹെൽപ്‌ലൈൻ

ആൻഡ്രോയിഡ് ഫോണുകൾ ഇല്ലാത്തവർക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ടോൾഫ്രീ ഹെൽപ്‌ലൈൻ നമ്പറിലൂടെ ബസുകളുടെ തൽസമയ വിവരം അറിയാം. ഹെൽപ്‌ലൈൻ നമ്പർ: 1800 425 1663

പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (പിഐഎസ്)

മൊബൈൽ ആപ്പിനു സമാനമായി ഓരോ റൂട്ടിലെയും ബസുകളെക്കുറിച്ചുള്ള വിവരങ്ങളും ഇവ അതതു സ്റ്റാൻഡുകളിൽ എത്തുന്ന സമയവും ഐപിഎസ് സ്ക്രീനുകളിൽ കാണാം. കന്നഡ, ഇംഗ്ലിഷ് ഭാഷകളിൽ വിവരങ്ങൾ ലഭിക്കും. കെംപഗൗഡ ബസ്‌സ്റ്റേഷൻ (മജസ്റ്റിക്), ശിവാജിനഗർ, ശാന്തിനഗർ, യശ്വന്തപുര, കെങ്കേരി, ജയനഗർ, വിജയനഗർ, ബനശങ്കരി, ഐടിപിഎൽ, മൈസൂരു റോഡ് (എംസിടിസി), കെംപഗൗഡ രാജ്യാന്തര വിമാനത്താവളം തുടങ്ങി 35 പ്രധാന സ്റ്റേഷനുകളിൽ പിഐഎസ് സ്ഥാപിച്ചിട്ടുണ്ട്.

വിടിഎസ് (വെഹിക്കിൾ ട്രാക്കിങ് സിസ്റ്റം)

ജിപിഎസ് വഴി ബസുകൾ ട്രാക്ക് ചെയ്യാനുള്ള വിടിഎസ്(വെഹിക്കിൾ ട്രാക്കിങ് സിസ്റ്റം) ബിഎംടിസിയുടെ 6400 ബസുകളിലും ഘടിപ്പിച്ചിട്ടുണ്ട്. ബസുകൾ എവിടെയെത്തിയെന്ന തൽസമയവിവരത്തിനു പുറമെ ഡ്രൈവർ അമിതവേഗമെടുത്താലോ ബസ് കേടായാലോ എളുപ്പം തിരിച്ചറിയാം. 4 ജി നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നതിനാൽ തടസ്സമുണ്ടാകാൻ സാധ്യത കുറവ്.
ഓരോ റൂട്ടിലും ബസുകളുടെ ഓപ്പറേഷനൽ ഡാറ്റ മനസ്സിലാക്കാനും ഇതനുസരിച്ചു തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ ബസുകളിടാനും തിരക്കനുസരിച്ചു ബസുകളുടെ സമയം പുനഃക്രമീകരിക്കാനും കഴിയും.

Your Rating: