Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയോടെ ബി എം ഡബ്ല്യു

BMW

ഇന്ത്യൻ വിപണിയുടെ ദീർഘകാല സാധ്യതയിൽ പ്രതീക്ഷയർപ്പിച്ച് ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. പ്രാദേശിക നിർമിത യന്ത്രഘടകങ്ങളുടെ വിഹിതം ഉയർത്തിയതും ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതുമൊക്കെ ഇവിടെ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വളർച്ചാസാധ്യതയുള്ളതിനാലാണെന്നും ബി എം ഡബ്ല്യു ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സാർ വ്യക്തമാക്കുന്നു.

ചെന്നൈയിലെ കാർ നിർമാണശാലയുടെ ശേഷി ഉയർത്താനായി 409 കോടി രൂപയാണു കമ്പനി നിക്ഷേപിച്ചത്. ഇതോടെ ഒറ്റ ഷിഫ്റ്റിൽ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 14,000 യൂണിറ്റിലെത്തി.

പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം 50 ശതമാനത്തിലെത്തിക്കാനും ബി എം ഡബ്ല്യുവിനായി. ഇതോടെ വാഹന വില നിയന്ത്രിക്കാമെന്നതാണു കമ്പനി കാണുന്ന പ്രധാന നേട്ടം. നേരത്തെ വർഷം തോറും മൂന്നും നാലും തവണയാണു ബി എം ഡബ്ല്യു ഇന്ത്യ വാഹന വില വർധിപ്പിച്ചിരുന്നത്. എന്നാൽ ഇനി ഇത്രയും തവണ വില കൂട്ടേണ്ടി വരില്ലെന്നു ഫിലിപ് വോൺ സാർ വ്യക്തമാക്കുന്നു. ഒപ്പം യു എസിൽ നിന്നും യൂറോപ്പിൽ നിന്നും യന്ത്രഘടകങ്ങൾ എത്തിചേരാനുള്ള കാത്തിരിപ്പും ഒഴിവായി.

ഇറക്കുമതി ചെയ്ത കിറ്റുകൾ സംയോജിപ്പിക്കാനുള്ള അസംബ്ലിങ് യൂണിറ്റായിട്ടായിരുന്നു 2007ൽ ചെന്നൈയിലെ ശാലയുടെ തുടക്കം. എന്നാൽ ഇന്ത്യയിലെ ഭാവി സാധ്യത മുൻനിർത്തി ബി എം ഡബ്ല്യു ഈ ശാലയെ പൂർണതോതിലുള്ള നിർമാണകേന്ദ്രമായി വികസിപ്പിക്കുകയായിരുന്നു. എൻജിനും ഗീയർബോക്സും കൂളിങ് മൊഡ്യുളും എക്സോസ്റ്റ് സിസ്റ്റവുമൊക്കെ ഇപ്പോൾ ചെന്നൈയിൽ നിർമിക്കുന്നുണ്ട്. പോരെങ്കിൽ ഇന്ത്യൻ നിർമിത ബി എം ഡബ്ല്യുവിന്റെ നിലവാരം യു എസിനും യൂറോപ്പിനും ചൈനയ്ക്കുമൊക്കെ ഒപ്പമാണെന്നും ഫിലിപ് വോൺ സാർ അവകാശപ്പെടുന്നു.

‘വൺ സീരീസ്’, ‘ത്രീ സീരീസ്’, ‘ജി ടി’, ‘ഫൈവ് സീരീസ്’, ‘സിക്സ് സീരീസ്’, ‘സെവൻ സീരീസ്’, ‘എക്സ് വൺ’, ‘എക്സ് ത്രീ’, ‘എക്സ് ഫൈവ്’ എന്നിവയൊക്കെ ബി എം ഡബ്ല്യു ഇന്ത്യ പ്രാദേശികമായി നിർമിക്കുന്നുണ്ട്.

നാലു മോഡൽ വരെ നിർമിക്കാൻ ശേഷിയുള്ള രണ്ട് അസംബ്ലി ലൈനുകളാണു ചെന്നൈ ശാലയിലുള്ളത്. പോരെങ്കിൽ ഭാവി വികസനത്തിനുള്ള വിപുല സാധ്യതയും ഇവിടെയുണ്ട്. നയങ്ങൾ അനുകൂലമായാൽ ദക്ഷിണ, പശ്ചിമ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതയും ബി എം ഡബ്ല്യു ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാവുമെന്നു ഫിലിപ് വോൺ സാർ കരുതുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.