Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎംഡബ്ല്യുവിന്റെ ചെറുബൈക്ക് ജി310ആർ

bmw-g310-5

ജർമൻ നിർമാതാക്കളായ ബി എം ഡബ്ലു അവതരിപ്പിക്കുന്ന ‘ചെറിയ’ ബൈക്കായ ‘ജി 310 ആർ’ യാഥാർഥ്യമായി. ബി എം ഡബ്ല്യു മോട്ടോറാഡ് മ്യൂനിച്ചിൽ രൂപകൽപ്പ നിർവഹിച്ച 300 സി സി ബൈക്കിന്റെ നിർമാണം ബെംഗലൂരിലെ ടി വി എസ് മോട്ടോർ കമ്പനി ശാലയിലായിരുന്നു.

bmw-g310-4

യൂറോപ്പിനു പുറത്ത് ബി എം ഡബ്ല്യു മോട്ടോറാഡ് നിർമിക്കുന്ന ആദ്യ ബൈക്കെന്ന പെരുമയും ‘ജി 310 ആറി’നു സ്വന്തമാണ്. ബെംഗളൂരുവിലെ ശാലയിലേക്കുള്ള ഉപകരണങ്ങളെല്ലാം ജർമനിയിൽ നിന്നാണ് ബി എം ഡബ്ല്യു എത്തിച്ചത്; രാജ്യാന്തര നിലവാരം ലക്ഷ്യമിട്ടു ശാലയിലെ ജീവനക്കാർക്ക് വിപുലമായ പരിശീലനവും നൽകി.

bmw-g310-3

‘ജി 310 ആറി’ന്റെ വരവ് ചെറു ബൈക്കുകളുടെ പുതിയൊരു ശ്രേണിക്കു തുടക്കമിടുമെന്നാണു പ്രതീക്ഷ; വൈകാതെ ഈ ബൈക്കിന്റെ ഹാഫ് ഫെയറിങ്ങുള്ള മോഡലും അഡ്വഞ്ചർ മോഡലുമൊക്കെ പുറത്തെത്തുമെന്നാണു കരുതുന്നത്. 1948ൽ വന്ന ‘ആർ 24’നു ശേഷം ശേഷി കുറഞ്ഞ എൻജിനുമായി വിപണിയിലെത്തുന്ന ആദ്യ ബി എം ഡബ്ല്യു മോഡലുമാണ് ‘ജി 310 ആർ’. മികച്ച രൂപകൽപ്പനയുടെ പിൻബലത്തോടെയാണു ബൈക്കിന്റെ വരവ്; ‘എസ് 1000 ആർ’, ‘ആർ 1200 ആർ’ എന്നിവയുമായി ശക്തമായ ബന്ധം നിലനിർത്തിയാണു കമ്പനി ‘ജി 310 ആർ’ സാക്ഷാത്കരിച്ചിരിക്കുന്നത്.

bmw-g310-2

കാഴ്ചപ്പൊലിമയ്ക്കപ്പുറം എൻജിന്റെ മികവാകും പുതിയ ബൈക്കിന്റെ പ്രധാന സവിശേഷത; ഇരട്ട ഓവർഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവൽ ഇഞ്ചക്ഷന്റെയും പിൻബലത്തോടെയാണു ബൈക്കിലെ 313 സി സി, സിംഗിൾ സിലിണ്ടർ, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിന്റെ വരവ്. പോരെങ്കിൽ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവർത്തിക്കാൻ കഴിയും വിധമാണ് ഈ എൻജിന്റെ ഘടന. 9,500 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,500 ആർ പി എമ്മിൽ 28 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

bmw-g310-1

ആഗോള വിപണികൾക്കൊപ്പം ഇന്ത്യയിലും ഈ ബൈക്ക് വിൽപ്പനയ്ക്കുണ്ടാവുമെന്നാണു ബി എം ഡബ്ല്യു മോട്ടോർറാഡ് നൽകുന്ന സൂചന. പോരെങ്കിൽ ‘ജി 310 ആറി’ന്റെ ഉൽപ്പാദനകേന്ദ്രവും ഇന്ത്യ തന്നെ; അതായത് ഇന്ത്യയിൽ നിർമിച്ച ബൈക്കുകളാവും ബി എം ഡബ്ല്യു ലോക വിപണികളിൽ വിൽക്കുക. പ്രതിവർഷം രണ്ടു ലക്ഷം ബൈക്ക് വിൽക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ‘ജി 310 ആർ’ നിർണായക സംഭാവന നൽകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ കെ ടി എം ‘ഡ്യൂക്ക് 390’, കാവസാക്കി ‘സെഡ് 250’ തുടങ്ങിയവയോടാവും ‘ജി 310 ആറി’ന്റെ ഏറ്റുമുട്ടൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.