Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവർരഹിത കാറുമായി ബി എം ഡബ്ല്യു

bmw-driverless-car

പ്രവർത്തനം തുടങ്ങി ആദ്യ നൂറ്റാണ്ട് പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബി എം ഡബ്ല്യുവും ഡ്രൈവർരഹിത കാറുകൾ വികസിപ്പിക്കാൻ ഒരുങ്ങുന്നു. ‘ഡ്രൈവിങ് മെഷീനിലെ അവസാന വാക്കെ’ന്നു സ്വന്തം മോഡലുകളെ വിശേഷിപ്പിച്ചിരുന്ന ജർമൻ ആഡംബര കാർ നിർമാതാക്കളാണ് ഇനി ഉടമകളെ വെറും യാത്രക്കാരാക്കാൻ തയാറെടുക്കുന്നത്. ഗവേഷണ, വികസന വിഭാഗത്തിൽ വൻതോതിലുള്ള പൊളിച്ചെഴുത്തിനാണു കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നു ബി എം ഡബ്ല്യുവിന്റെ റിസർച്, ഡവലപ്മെന്റ് ചുമതലക്കാരനായ ഡയറക്ടർ ബോർഡ് അംഗം ക്ലോസ് ഫ്രോളിച് അറിയിച്ചു. ഭാവിയിൽ ബി എം ഡബ്ലുവിന്റെ ആർ ആൻഡ് ജീവനക്കാരിൽ പകുതിയും കംപ്യൂട്ടർ പ്രോഗ്രാമർമാരാവും; സ്വയം ഓടുന്ന കാറുകളുടെ വികസനത്തിൽ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിനോടാവും ഇവർ മത്സരിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബുദ്ധിയുടെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന കാർ എന്നതു നിർമാണ വൈദഗ്ധ്യത്തിന്റെ ഉയരങ്ങളാവുമെന്നും അദ്ദേഹം കരുതുന്നു.

സാങ്കേതിക മേഖലയിലെ മാറ്റങ്ങളുടെ ഫലമായി നിലവിലുള്ള എതിരാളികൾ പലരും ഭാവിയിലെ പങ്കാളികളും ഇടനിലക്കാരുമാവാനുള്ള സാധ്യതയും ഫ്രോളിച് തള്ളുന്നില്ല. ഇന്റർനെറ്റ് അധിഷ്ഠിത ടാക്സി സേവനദാതാക്കളായ ഊബും വിൽപ്പന സൈറ്റായ ട്രൂകാറുമൊക്കെ ഇത്തരത്തിൽ ബി എം ഡബ്ല്യുവിന്റെ ഭാവി പങ്കാളികളായേക്കാം. ഇന്റർനെറ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അടിയറ വയ്ക്കാതെ സ്വന്തം ബിസിനസ് മാതൃക നിലനിർത്താനാണു ബി എം ഡബ്ല്യുവിന്റെ ശ്രമം. ഇതു സാധ്യമായില്ലെങ്കിൽ ഇത്തരം കമ്പനികൾക്ക് മെറ്റൽ ബോഡി നിർമിക്കുന്ന സ്ഥാപമായി ബി എം ഡബ്ല്യു ഒതുങ്ങുമെന്ന് ആപ്പിളും ഫോക്സ്കോണുമായുള്ള ബന്ധം ഉദാഹരണമാക്കി ഫ്രോളിച് വിശദീകരിച്ചു. മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ ബി എം ഡബ്ല്യുവിന്റെ ഗവേഷണം ഏറെ മുന്നേറാനുണ്ട്. അതുകൊണ്ടുതന്നെ ഡ്രൈവർ ആവശ്യമില്ലാത്ത കാർ യാഥാർഥ്യമാക്കാൻ ബി എം ഡബ്ല്യു സത്വര നടപടികൾ സ്വീകരിക്കേണ്ടി വരും. പരമ്പരാഗതമായി വാഹന വ്യവസായ മേഖലയിൽ പ്രവർത്തിക്കാത്തവർ അടക്കമുള്ള പുത്തൻ സപ്ലയർമാരുമായി കമ്പനിക്കു കരാർ ഒപ്പിടേണ്ടി വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിലവിൽ ബി എം ഡബ്ല്യുവിൽ ആകെയുള്ള 30,000 ജീവനക്കാരിൽ 20% മാത്രമാണു സോഫ്റ്റ്വെയർ എൻജിനീയർമാർ. വരുന്ന അഞ്ചു വർഷത്തിനകം ഈ അനുപാതം 50:50 ആക്കി മാറ്റേണ്ടി വരും; ഇതിനായി പങ്കാളികളിൽ നിന്നും സപ്ലയർമാരിൽ നിന്നുമൊക്കെയായി 15,000 — 20,000 ജീവനക്കാരെ പുതുതായി കണ്ടെത്തേണ്ടിവരുമെന്നും ഫ്രോളിച് കരുതുന്നു. ഒപ്പം ബി എം ഡബ്ല്യുവിന് ആവശ്യമുള്ളത്ര സോഫ്റ്റ്വെയർ എൻജിനീയർമാർ ജർമനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Your Rating: