Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 വർഷത്തിനിടെ ഇന്ത്യ 1850 വിമാനം വാങ്ങുമെന്നു ബോയിങ്

el-al-boeing-747-400

രണ്ടു ദശാബ്ദത്തിനകം ഇന്ത്യയ്ക്ക് 1850 പുതിയ വിമാനങ്ങൾ വേണ്ടി വരുമെന്നു യു എസ് വിമാന നിർമാതാക്കളായ ബോയിങ്. പുതിയ വിമാനം വാങ്ങാൻ എയർലൈനുകൾ 26,500 കോടി ഡോളർ (ഏകദേശം 17 ലക്ഷം കോടി രൂപ) മുടക്കുമെന്നാണു പ്രതീക്ഷയെന്നും ഇന്ത്യൻ വിപണിയിലെ സാധ്യതകളെക്കുറിച്ചുള്ള അവലോകനത്തിൽ ബോയിങ് വ്യക്തമാക്കുന്നു.

മേഖലാതലത്തിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം ആഭ്യന്തര മേഖലയിൽ സർവീസ് നടത്തുന്ന എയർലൈനുകൾക്കു വിദേശത്തേക്കു പറക്കാനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത പുതിയ വ്യോമഗതാഗത നയമാണ് ഇന്ത്യയിലെ വിമാന വിൽപ്പന വർധിപ്പിക്കുകയെന്നു ബോയിങ് വിശദീകരിക്കുന്നു.

ആഭ്യന്തര വ്യോമ ഗതാഗത മേഖലയിൽ ലോകത്തു തന്നെ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തുന്നത് ഇന്ത്യയിലാണെന്ന് ബോയിങ്ങിന്റെ സീനിയർ വൈസ് പ്രസിഡന്റ് (ഏഷ്യ പസഫിക് ആൻഡ് ഇന്ത്യ സെയിൽസ്) ദിനേഷ് കെസ്കർ വെളിപ്പെടുത്തി. വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യൻ ഏറോസ്പേസ് വിപണി കരുത്തുറ്റ നിലയിൽ തുടരുകയുമാണ്. പുതിയ വ്യോമഗതാഗത നയം കൂടി നടപ്പാവുന്നതോടെ ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അവസരങ്ങളാണു തുറന്നു കിട്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വിമാന കമ്പനികൾക്കു വിദേശ സർവീസ് നടത്താനുള്ള വ്യവസ്ഥകൾ കേന്ദ്ര സർക്കാർ ലഘൂകരിച്ചിരുന്നു. നേരത്തെ 20 വിമാനവും ആഭ്യന്തര സെക്ടറിൽ അഞ്ചു വർഷത്തെ പ്രവർത്തന പരിചയവുമുള്ള കമ്പനികൾക്കായിരുന്നു വിദേശ സർവീസിന് അനുമതി; ഇതിൽ പ്രവർത്തന പരിചയം ഒഴിവാക്കാനാണു പുതിയ തീരുമാനം. ഇതോടെ 20 വിമാനമുള്ള പുതിയ കമ്പനികൾക്കും വിദേശ സർവീസ് സാധ്യമാവും.

ഈ മാറിയ സാഹചര്യത്തിൽ കമ്പനികൾ വീതിയേറിയ വിമാനങ്ങൾ വാങ്ങുന്നതു വർധിപ്പിക്കുമെന്നാണു കെസ്കറുടെ വിലയിരുത്തൽ. ഇത്തരം മാറ്റങ്ങൾ ഉടൻ സംഭവിച്ചില്ലെങ്കിലും സാഹചര്യം അനുകൂലമായിട്ടുണ്ടെന്നും അദ്ദേഹം കരുതുന്നു.

ഒറ്റ ഇടനാഴിയുള്ള വിമാനങ്ങൾക്കു തന്നെയാവും ഭാവിയിലും ആവശ്യക്കാരേറെയെന്നു ബോയിങ് കരുതുന്നു. ഇന്ത്യൻ എയർലൈനുകൾക്ക് അടുത്ത 20 വർഷത്തിനിടെ ഇത്തരം 1560 പുതിയ വിമാനങ്ങൾ ആവശ്യമായി വരുമെന്നാണു കമ്പനി കണക്കാക്കുന്നത്. അടുത്ത അഞ്ചു വർഷത്തെ ആവശ്യം മുൻനിർത്തിയാണ് ഇന്ത്യൻ കമ്പനികൾ ഓർഡർ നൽകുന്നതെന്നും കെസ്കർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ പൊതുമേഖലയിലെ എയർ ഇന്ത്യയ്ക്കു പുറമെ സ്വകാര്യ എയർലൈനുകളായ സ്പൈസ്ജെറ്റ്, ജെറ്റ് എയർവെയ്സ് എന്നിവയും ബോയിങ് ഉപയോക്താക്കളാണ്. 

Your Rating: